ഇസ്‌ലാം മതത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി അബ്ദുല്‍ ഖാദര്‍ ജയില്‍ മോചിതനായി. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ അബ്ദുല്‍ ഖാദര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2021ലാണ് ഖാദറിനെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
പ്രവാചകനെയും മതത്തെയും വിമര്‍ശിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് മലയാളികള്‍ നല്‍കിയ പരാതിയിലാണ് തനിക്കെതിരെ കേസെടുത്തതെന്ന് മുന്‍പ് ഖാദര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോചനം.
രണ്ട് വര്‍ഷത്തെ ജയില്‍ ജീവിതം തന്നെ പലതും പഠിപ്പിച്ചെന്ന് ജയില്‍ മോചിതനായ ശേഷം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. കുറിപ്പിലുടനീളം ജയിലില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചാണ് ഖാദര്‍ എഴുതിയിരിക്കുന്നത്.
തടവിലായ കാലയളവില്‍ സ്വാതന്ത്ര്യത്തിന്റെ വില താന്‍ മനസിലാക്കിയെന്നും ദുബായ് ജയിലില്‍ കൊടിയ പീഢനങ്ങള്‍ നേരിടേണ്ടി വന്നെന്നും അദ്ദേഹം പറയുന്നുണ്ട്. സഹ തടവുകാര്‍ പല തവണ തന്നെ മര്‍ദ്ദിച്ചെന്നും വാര്‍ഡനോട് പരാതിപ്പെട്ടപ്പോള്‍ തന്നെ ഏകാന്ത തടവിന് ശിക്ഷിച്ചെന്നും കുറിപ്പിലുണ്ട്.
ശിക്ഷാ കാലയളവില്‍ തന്റെ മാതാവ് മാനസികരോഗിയായി തീര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ഖാദറിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് വരുന്നത്.
അബ്ദുല്‍ ഖാദറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം.
’22-04-2021, ആ ദിവസമാണ് ഇസ്‌ലാം രോഗികകളെന്നെ തടവിലാക്കിയത്. ഒരു കണക്കിനത് നന്നായി. സ്വാതന്ത്ര്യത്തിന്റെ വില ഞാനറിഞ്ഞു. നമ്മുടെ ജീവിതത്തിന്റെ സ്റ്റിയറിങ് മറ്റുള്ളവരുടെ കൈകളിലാകുന്നതിനെക്കാള്‍ നല്ലത് മരണമാണെന്ന് ഞാനിന്ന് തിരിച്ചറിയുന്നു.
ദുബായ് ജയിലില്‍ 3 നേരം പോഷകാഹാരം കിട്ടും. ആഴ്ചയില്‍ എല്ലാ ദിവസവൂം ചിക്കന്റെ നാലിലൊരു ഭാഗമോ, മീന്‍ കഷണമോ, ബീഫോ ഇല്ലാത്ത ഉച്ച ഭക്ഷണമില്ല.
എപ്പോഴും കുളിക്കാന്‍ ചുടുവെള്ളവും തണുത്ത വെള്ളവും റെഡി. എത്ര തവണ വേണമെങ്കിലും കുളിക്കാം. ഏസിയുണ്ട്. വിളിക്കാന്‍ ഫോണുണ്ട്. എന്നിട്ടും ഏത് ദരിദ്രനും അവിടെ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നാണ്. എന്റെ ഉമ്മ മാനസിക രോഗിയാവാനുള്ള കാരണം ഇനിയെനിക്കമ്പേഷിക്കേണ്ട കാര്യമില്ല. ആ കാരണമില്ലാതാക്കാന്‍ ശ്രമിക്കേണ്ടത് എന്റെ വ്യക്തിപരമായ ആവശ്യം കൂടിയാണ്.
അഫ്ഗാനിലെയും പാകിസ്താനിലെയും സ്ത്രീകളുടെ അവസ്ഥ സഹതടവുകാരിലൂടെ ഞാനറിഞ്ഞിട്ടുണ്ട്. കാശ് വാങ്ങി മാതാപിതാക്കള്‍ തന്നെ പെണ്‍മക്കളെ വില്‍ക്കുന്നത് അവിടെ സാധാരണമാണത്രേ (വിവാഹമോ, മഹറോ അല്ല). എന്റെ ജന്മ നിയോഗമെന്താണെന്ന് കണ്ടെത്താനാണ് ദുബായ് ജയിലില്‍ ഇസ്‌ലാം രോഗികളെന്നെ ഇട്ടതെന്ന് എനിക്ക് തോന്നുന്നു.
ഇപ്പോള്‍ വര്‍ഗീയതയുടെയും ഗോത്രീയതയുടെയും കുഴപ്പങ്ങളെന്റെ ഉപബോധ മനസ്സിന് വരെ നന്നായറിയാം. ജയിലില്‍ കയറിയത് മുതല്‍ ഇസ്‌ലാം രോഗികകളുടെ അടി കൊള്ളാന്‍ തുടങ്ങിയതാണ്. അടിയും ഭീഷണിയും സഹിക്ക വയ്യാതായപ്പോള്‍ നബി പറഞ്ഞ പോലെ പിക്കാസില്‍ എന്നെ കോര്‍ത്തെടുക്കാന്‍ ഇസ്‌ലാം രോഗികളായ സഹതടവുകാര്‍ക്ക് അവസരമൊരുക്കണമെന്നും അതിന്റെ പേരില്‍ കേസെടുക്കരുതെന്നും ജയില്‍ ക്യാപ്റ്റന് ഞാന്‍ കത്തെഴുതി.
അവസാനം അയാള്‍ ദുബായ് സെന്‍ട്രല്‍ ജയിലിലെ സിംസാനയില്‍ (ശ്മശാനത്തില്‍ നിന്ന് അറബികള്‍ കോപ്പിയടിച്ചതോ, അതോ തിരിച്ചോ എന്നറിയില്ല,ഏകാന്ത തടവാണ് ഉദ്ദേശം. ജയിലിനകത്തെ ജയില്‍. ജയിലില്‍ കുഴപ്പമുണ്ടാക്കുന്നവരെ ഇടുന്ന സ്ഥലം) രണ്ട് മാസത്തിലധികം കിടക്കേണ്ടി വന്നു. അടി കൊള്ളേണ്ടതും ഞാന്‍, ശിക്ഷ അനുഭവിക്കേണ്ടതും ഞാന്‍. വൗ, നമ്മുടെ സൗഹൃദ രാജ്യത്തിന്റെ ഒരവസ്ഥയേ..
(തുടരും)
Content Highlight: Abdul khadar facebook post about his arrest