കലാമിന്റെ മൃതദേഹം ദല്‍ഹിയില്‍ പ്രധാനമന്ത്രി ഏറ്റുവാങ്ങും
Daily News
കലാമിന്റെ മൃതദേഹം ദല്‍ഹിയില്‍ പ്രധാനമന്ത്രി ഏറ്റുവാങ്ങും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2015, 9:31 am

abdul-kalam ന്യൂദല്‍ഹി:  കഴിഞ്ഞദിവസം അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ മൃതദേഹം ഷില്ലോങ്ങില്‍നിന്ന് ഗുവാഹത്തി വഴി ദല്‍ഹിയില്‍ എത്തിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹി വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങും.

കലാമിന്റെ രണ്ടു ബന്ധുക്കള്‍ രാമേശ്വരത്തു നിന്നും ദല്‍ഹിയിലെത്തും. ഇവരായിരിക്കും രാമേശ്വരത്തേക്ക് മൃതദേഹത്തെ നയിക്കുക.

ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ദല്‍ഹിയിലേക്ക് കൊണ്ടുവന്നത്. രാവിലെ 11.30ന് ഔദ്യോഗിക വസതിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും.

സംസ്‌കാരം നടത്തുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ എടുക്കും. ജന്മനാടായ രാമേശ്വരത്ത് സംസ്‌കാരം നടത്തണമെന്ന ആഗ്രഹം കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതും കൂടി കണക്കിലെടുത്താകും തീരുമാനമെടുക്കുക.

ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് 6.52നു ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ ഡോ. കലാമിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും താമസിയാതെ അന്ത്യം സംഭവിക്കുകയായിരുന്നു. രാത്രി ഒന്‍പതുമണിയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കലാമിന്റെ മരണത്തില്‍ അനുശോചിക്കാന്‍ കേന്ദ്രമന്ത്രിസഭ പ്രത്യേക യോഗം ചേര്‍ന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യത്ത് ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

അബ്ദുല്‍കലാമിന്റെ നിര്യാണത്തെ തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി കര്‍ണാടകത്തിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി ദല്‍ഹിയിലേക്കു തിരിച്ചിട്ടുണ്ട്.