ഹാവൂ., എന്തൊരാശ്വാസം..! കുത്തിതിരിപ്പുകള്‍ക്ക് വിരാമം; യു.ഡി.എഫുമായുള്ള നീക്കുപോക്കിന് ശേഷം മീഡിയ വണ്ണിനും മാധ്യമത്തിനും ലീഗും സമസ്തയും നല്ല കുട്ടികളായെന്ന് അബ്ദുള്‍ ഹമീദ് ഫൈസി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മീഡിയ വണ്ണിനും മാധ്യമത്തിനുമെതിരെ കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്.
ഈ തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടി അടക്കമുള്ള സമുദായ സംഘടനകളുമായി യു.ഡി.എഫ് നീക്കുപോക്കുണ്ടാക്കിയതോടെ മാധ്യമത്തിനും മീഡിയ വണ്ണിനും ലീഗും സമസ്തയും നല്ല കുട്ടികളായെന്ന് അബ്ദുള്‍ ഹമീദ് ഫൈസി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ അഭിമുഖത്തിലെ ഒരുഭാഗം അടര്‍ത്തിയെടുത്ത് തെറ്റായ വാര്‍ത്തകള്‍ ഈ മാധ്യമങ്ങള്‍ കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ‘യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ സമസ്ത’ എന്ന തരത്തില്‍ സ്റ്റോറികള്‍ കൊടുത്തവരാണ് മീഡിയ വണ്ണെന്നും അദ്ദേഹം പറഞ്ഞു.
‘ഇങ്ങനെ നൂറുകൂട്ടം കുത്തിതിരിപ്പുകള്‍ സമസ്തക്കും മുസ്‌ലീം ലീഗിനും ഇതര മത സംഘടനകള്‍ക്കും എതിരെ അവര്‍ ഉണ്ടാക്കി കൊണ്ടിരുന്നു’
എന്നാല്‍ ഇത്തവണ യു.ഡി.എഫുമായി ചില സംഘടനകള്‍ നീക്കുപോക്കുണ്ടാക്കിയപ്പോള്‍ ഒന്നും മിണ്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ ജമാ അത്ത് ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ചേര്‍ന്നാണ് യു.ഡി.എഫ് മത്സരിച്ചത്.
അബ്ദുള്‍ ഹമീദ് ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലവും വന്നു. അതിരിക്കട്ടെ. നമ്മുടെ വിഷയം അതല്ല. അഞ്ചുവര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്ത് കരുവാരകുണ്ട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ഈ വിനീതന്‍ ആഹ്വാനം ചെയ്തുവെന്ന് പറഞ്ഞ് ഫ്‌ലാഷ് ന്യൂസ്!. വലിയ വാര്‍ത്ത! ‘യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ സമസ്ത’ സ്റ്റോറികള്‍. ഇങ്ങനെയൊക്കെ വന്നത് മീഡിയവണ്‍ ചാനലിലും മാധ്യമം ദിന പത്രത്തിലും മാത്രം.
ഈ പച്ചക്കള്ളം പ്രചരിപ്പിച്ചപ്പോള്‍ ഈ വിനീതന്‍ തന്നെ മീഡിയ വണ്ണില്‍ വിളിച്ചു. ഈ വാര്‍ത്ത മുഴുവന്‍ കല്ലുവച്ച നുണയാണ്. എവിടെ നിന്ന് കിട്ടി ഈ വാര്‍ത്ത? എന്തെങ്കിലും പിന്‍ബലം ഉണ്ടെങ്കില്‍ തുടര്‍ന്നു കൊടുത്തോ, ഇല്ലെങ്കില്‍ പരിഹാരം വേണം, ഞാന്‍ പരസ്യമായി നിങ്ങള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തും.
ഉസ്താദെ മൂന്നു മിനിറ്റ് വെയിറ്റ് ചെയ്യൂ.. വെയിറ്റ് ചെയ്തു. അതാ വരുന്നു പുതിയ ഫ്‌ലാഷ് ന്യൂസ്. ”തോല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല” അപ്പോഴേക്കും കളവ് ചെരുപ്പ് ധരിച്ച് ബഹുദൂരം മുന്നോട്ടു പോയിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ കൂട്ടംചേര്‍ന്ന് തല്ലിക്കൊല്ലല്‍ നടത്തിയത് മുഹമ്മദ് അഖ്ലാഖിനെയായിരുന്നു. മീഡിയവണ്‍ ഇന്റര്‍വ്യൂവിന് വന്നു. അരമണിക്കൂര്‍ ഇന്റര്‍വ്യൂ. ഭരണകക്ഷിയായ യുഡിഎഫിനെതിരെ പലതും പറയിപ്പിക്കാന്‍ നോക്കി. ഫാസിസത്തെ എതിര്‍ക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ഇപ്രകാരം പറഞ്ഞു. കോണ്‍ഗ്രസ് ഫാസിസത്തോട് മൃദുല സമീപനമാണ് സ്വീകരിക്കുന്നത്. ഹിന്ദു വോട്ട് ചോര്‍ച്ച ഭയന്നത് കൊണ്ടായിരിക്കാം.
ഇടതുപക്ഷം കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ട്. അക്കാലത്ത് വി.എസ് നടത്തിയ പ്രസ്താവന ഇപ്രകാരമായിരുന്നു ‘പശു നിന്റെ മാതാവാണങ്കില്‍ കാള നിന്റെ അപ്പനോ.. ?’ മാത്രമല്ല ഡിവൈഎഫ്‌ഐ പരസ്യമായി ബീഫ് ഫെസ്റ്റിവല്‍ നടത്തി ഈ വര്‍ഗീയതയെ വെല്ലുവിളിച്ച ഘട്ടം. ഇതല്ലാതെ എന്റെ അഭിമുഖത്തില്‍ വോട്ട് ചെയ്യുന്നതിനെ കുറിച്ച് ഒരു പരാമര്‍ശം പോലും ഇല്ല.
പക്ഷേ ദാ വരുന്നു പുതിയ സ്റ്റോറി അടുത്ത തെരഞ്ഞെടുപ്പില്‍ സമസ്ത ഇടതുപക്ഷത്തിന് വോട്ടു ചെയ്യും എന്റെ പേരില്‍. അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ മാത്രം നല്‍കി വലിയ ഒരു സ്റ്റോറി. കൊടിയേരി സുപ്രഭാതം ഉദ്ഘാടനചടങ്ങിനെത്തിയത് ഉള്‍പ്പെടെ പലതും കൂട്ടിച്ചേര്‍ത്തു നല്ല മസാല !. ഇതിന്റെ തനിയാവര്‍ത്തനം മാധ്യമത്തിലും.
മീഡിയാവണ്ണിന്റെയും മാധ്യമത്തിന്‍ന്റെയും ചാര്‍ജ് ഒ.അബ്ദുറഹ്മാന് ആണെന്ന് ആരിഫലി പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ വിളിച്ചു ഈ വാര്‍ത്ത തീര്‍ത്തും വാസ്തവവിരുദ്ധമാണെന്ന് അറിയിച്ചു. അദ്ദേഹം മാന്യമായി പ്രതികരിച്ചു. അഭിമുഖ വീഡിയോ പരിശോധിക്കട്ടെ, അങ്ങനെയില്ലെങ്കില്‍ തിരുത്തും. പിറ്റേന്ന് മാധ്യമത്തില്‍ തിരുത്തി പ്രസിദ്ധീകരിച്ചു.
മീഡിയ വണ്ണില്‍ നിന്ന് വന്ന് എന്നോട് തിരുത്ത് വാങ്ങി പ്രസിദ്ധീകരിക്കുകയും ചെയ്തു .പക്ഷേ, തിരുത്ത് ആര് കാണാന്‍ ? ആര് കേള്‍ക്കാന്‍ ? ഇത് എന്റെ അനുഭവം.
ഇങ്ങനെ നൂറുകൂട്ടം കുത്തിരിപ്പുകള്‍ സമസ്തക്കും മുസ്ലിംലീഗിനും ഇതര മത സംഘടനകള്‍ക്കും എതിരെ അവര്‍ ഉണ്ടാക്കി കൊണ്ടിരുന്നു.
യു.ഡി.എ.ഫുമായി ധാരണയോ നീക്കുപോക്കോ ഉണ്ടാക്കിയത് ശരിയോ തെറ്റോ ആകട്ടെ. സമുദായം രക്ഷപ്പെട്ടു. നീക്കുപോക്കിന് ശേഷം മീഡിയ വണ്ണിനും മാധ്യമത്തിനും ലീഗും സമസ്തയും സമുദായസംഘടനകളുമെല്ലാം നല്ല കുട്ടികള്‍. കുത്തിരിപ്പുകള്‍ക്ക് വിരാമം. ഈ തിരഞ്ഞെടുപ്പില്‍ ഒരു വിവാദവുമില്ല.
ഹാവൂ., എന്തൊരാശ്വാസം..!
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക