| Saturday, 14th September 2019, 3:02 pm

ക്ഷേത്രത്തില്‍ പോയി ഭക്ഷണം കഴിച്ചതുകൊണ്ടോ ഓണാഘോഷത്തില്‍ പങ്കെടുത്തതുകൊണ്ടോ ഒന്നും സംഭവിക്കില്ല; സ്പര്‍ധയും അകല്‍ച്ചയും ചിലര്‍ ഉണ്ടാക്കിയെടുത്തത്; ഫൈസി ആദൃശ്ശേരിയുടെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഓണം, ക്രിസ്തുമസ് പോലുള്ള മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്ലീങ്ങള്‍ പങ്കെടുക്കരുതെന്നും അത്തരത്തില്‍ പങ്കെടുക്കാന്‍ ഇസ്ലാം മതം അനുവദിക്കുന്നില്ലെന്നുമുള്ള മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ മറ്റൊരു പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

സമസ്ത സി.ഐ.സി കോഡിനേറ്റര്‍ അബ്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരി എസ്.കെ.എസ്.എസ്.എസ് കേരള ത്വലബ കോണ്‍ഫറന്‍സ് 2017 ല്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

എല്ലാ മതസ്ഥരേയും സ്വീകരിക്കുകയും സഹായിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്ത കൂട്ടത്തിലാണ് കേരളത്തിലെ മുസ്‌ലീങ്ങളെന്നും കേരളത്തിന്റെ ചരിത്രം വായിച്ചാല്‍ അത് മനസിലാക്കാന്‍ പറ്റുമെന്നും അബ്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരി പറയുന്നു. ആളുകള്‍ക്കിടയില്‍ സ്പര്‍ധയും അകല്‍ച്ചയുമൊക്കെ കുറച്ചുകാലമായിട്ട് ചിലര്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹത്തില്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ആളുകളെയൊക്കെ പിന്നാലെ കൂടി വെട്ടുകയോ കുത്തുകയോ മര്‍ദ്ദിക്കുകയോ ചെയ്യുന്ന കൂട്ടത്തിലല്ല നമ്മള്‍ ഉള്‍പ്പെടേണ്ടത്. കേരളത്തിന്റെ പൊതുസമൂഹത്തിന് മനസിലാകുന്ന ശൈലയില്‍ തന്നെ ജീവിക്കണമെന്നും നമ്മുടെ വേഷവും ചേലും കോലവുമൊക്കെ കേരളത്തിലുള്ള പൊതുസമൂഹത്തിന് സ്വീകാര്യമായിട്ടുള്ള രീതിയിലായിരിക്കണമെന്നും അബ്ദുല്‍ഹക്കീം ഫൈസി ആദൃശേരി പറയുന്നു.

അമ്പലങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ക്ഷണിച്ചാല്‍ തീര്‍ച്ചയായും അവിടെ പോകണമെന്നും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കണമെന്നും അതൊരിക്കലും തെറ്റല്ലെന്നും അബ്ദുല്‍ഹക്കീം ഫൈസി ആദൃശേരി പ്രസംഗത്തില്‍ പറയുന്നുണ്ട്.

ആളുകള്‍ക്കിടയില്‍ സ്പര്‍ധയും അകല്‍ച്ചയുമൊക്കെ കുറച്ചുകാലമായിട്ട് ചിലര്‍ ഉണ്ടാക്കിയെടുത്തതാണെന്നും ആ കൂട്ടത്തില്‍പ്പെട്ടുപോകരുതെന്നും ഇദ്ദേഹം പറയുന്നു. ഓണത്തിനും മറ്റും ഹൈന്ദവവീടുകളില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണങ്ങള്‍ പണ്ടുകാലം മുതലേ തങ്ങളെല്ലാം സ്വീകരിച്ചിരുന്നെന്നും അത്തരത്തിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ മുന്‍പും ഉണ്ടായിരുന്നുവെന്നും അത് നിലനിര്‍ത്തണമെന്നുമാണ് അദ്ദേഹം പ്രസംഗത്തിലൂടെ പറയുന്നത്.

അബ്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗം

”നമ്മളും ആളുകളെയൊക്കെ സ്വീകരിക്കുകയും എല്ലാവരേയും സഹായിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്ത കൂട്ടത്തിലാണ്. കേരളത്തിന്റെ ചരിത്രം വായിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാക്കാന്‍ പറ്റും. ഗുരുവായൂര്‍ അമ്പലത്തിന് മഹാനായ ടിപ്പു സുല്‍ത്താന്‍ ഭൂമി കൊടുത്തതായിട്ട് ഡോ. സി.കെ കരീം കേരള മുസ്‌ലീം ഡയരക്ട്രിയില്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്കത് വായിക്കാവുന്നതാണ്.

നമ്മളൊക്കെ ഇങ്ങനെ ആളുകളെ സ്വീകരിക്കുന്ന കൂട്ടത്തിലാണ്. ആളുകളെയൊക്കെ പിന്നാലെ കൂടി വെട്ടുകയോ കുത്തുകയോ മര്‍ദ്ദിക്കുകയോ ചെയ്യുന്ന കൂട്ടത്തിലല്ല. ഉള്‍ക്കൊള്ളുന്ന കൂട്ടത്തിലാണ്. നമ്മള്‍ ഈ പൊതുസമൂഹത്തിന് മനസിലാകുന്ന ശൈലിയില്‍ തന്നെ ജീവിക്കണം. നിങ്ങള്‍ക്കൊക്കെ ഏതളവില്‍ സ്വീകാര്യമാകുമെന്ന് എനിക്ക് അറിഞ്ഞൂടാ. നമ്മുടെ വേഷവും ചേലും കോലവുമൊക്കെ കേരളക്കാരന് കേരളത്തിലുള്ള പൊതുസമൂഹത്തിന് സ്വീകാര്യമായിട്ടുള്ള കോലവും ചേലുമൊക്കെയാകണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ഈ തലയില്‍ കെട്ട് നാട്ടുകാര്‍ക്കെല്ലാവര്‍ക്കുമറിയാം. ഈയൊരു കുപ്പായം ആളുകള്‍ക്കെല്ലാം അറിയാം. ഈയൊരു തുണി ആളുകള്‍ക്കറിയാം. അതിനപ്പുറത്ത് നിലത്തിഴയുന്ന വലിയ താടി, അത് ആളുകള്‍ക്കറിഞ്ഞൂടാ. പല തരത്തിലുള്ള കുപ്പായങ്ങള്‍ ഇവിടുത്തെ ആളുകള്‍ക്ക് അറിഞ്ഞൂടാ. നമ്മള്‍ ഈ നാടിന്റെ ഭാഗമായിട്ട് ഈ നാട്ടില്‍ നമ്മള്‍ ആയിട്ട് സ്വീകരിച്ചുവരുന്ന വേഷങ്ങളും ചേലും കോലവും സംസാര ശൈലിയും കൊടുക്കലും വാങ്ങലും അതൊക്കെ തുടര്‍ന്നുകൊണ്ട് നമുക്കിവിടെ മുന്നോട്ട് പോകാന്‍ സാധിക്കണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുറച്ചു മുന്‍പ് എറണാകുളം ഭാഗത്തുനിന്ന് ഒരു വാഫി എന്നെ വിളിച്ചിട്ടു പറഞ്ഞു ഉസ്താദേ, പള്ളിയുടെ മുന്‍പിലൂടെ ഒരു റോഡ്, റോഡിന്റെ അപ്പുറത്ത് അമ്പലം. അമ്പലത്തില്‍ ആഘോഷം നടക്കുകയാണ്. ആഘോഷത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയിട്ട് പള്ളിക്കമ്മിറ്റിക്ക് കത്ത് കിട്ടിയിരിക്കുന്നു. എന്താ വേണ്ടത്? സ്വാഭാവികമായിട്ടും അവിടെ എന്തോ ഭക്ഷണം കഴിക്കലോ മറ്റോ ഉണ്ടാകും. ഭക്ഷണം കഴിക്കാന്‍, സദ്യയില്‍ പങ്കെടുക്കാന്‍ അമ്പലക്കമ്മിറ്റി പള്ളിക്കമ്മിറ്റിക്ക് കത്ത് തന്നിരിക്കുന്നു, എന്താ വേണ്ടത്?

ഞാന്‍ ചോദിച്ചു ജുമഅാന്റെ മുന്‍പ് പ്രസംഗം ഉണ്ടോ? ആ പ്രസംഗം ഉണ്ട്, നീ എന്താണ് പറഞ്ഞോണ്ടിരുന്നത്? സാന്ദര്‍ഭികമായിട്ട് ഞാന്‍ മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തെ കുറിച്ചാണ് ഉസ്താദേ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാന്‍ പറഞ്ഞു, എങ്കില്‍ സ്വാഭാവിമായി നീ അത് പറഞ്ഞു എന്നതിന്റെ നിലയ്ക്ക് അടുത്ത വെള്ളിയാഴ്ചത്തെ പ്രസംഗം ഇത്തരം കാര്യങ്ങളൊക്കെ ഉള്‍പ്പെടുത്തിയിട്ട് നല്ല രീതിയില്‍ മുന്‍കൂട്ടി ഒരുങ്ങിയിട്ട് പ്രസംഗിക്കുക.

എന്നിട്ട് ഈ വിവരം അമ്പലക്കമ്മിറ്റി കത്ത് തന്നിട്ടുണ്ട്, താത്പര്യമുള്ളവരൊക്കെ ഭക്ഷണം കഴിക്കാന്‍ പോകണം എന്ന് കൂടി പറയുക. അദ്ദേഹം ഇത് കിട്ടിയതോടെ കമ്മിറ്റിക്കാരോടൊക്കെ പറഞ്ഞു, വലിയ സംഭവമായി തീര്‍ന്നു. ഇദ്ദേഹം നന്നായി പ്രസംഗിച്ചു, പള്ളി കമ്മിറ്റി സെക്രട്ടറി പറഞ്ഞു, എങ്കില്‍ ആളുകളെ ക്ഷണിക്കലും അറിയിക്കലും ഞാന്‍ തന്നെ ചെയ്യാം, അങ്ങനെ ആളുകളെയൊക്കെ അറിയിച്ചു. ആളുകളൊക്കെ കൂട്ടത്തോടെ അപ്പുറത്ത് പോയി ഭക്ഷണം കഴിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ സംഭവം ഞാന്‍ കൂര്യാട് സമസ്തയുടെ വലിയ സമ്മളനം നടക്കുമ്പോള്‍ അവിടേയും പ്രസംഗിച്ചു. ഈ സംഭവം നടന്ന ഉടനെ ആയതുകൊണ്ട്. നമ്മള്‍ കിത്താബ് നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് ഹലാലാണ്. അവരൊക്കെ പച്ചക്കറി ഭക്ഷണത്തിന്റെ ആള്‍ക്കാരാണ്. എന്താണ് ഇപ്പോള്‍ അവരുടെ ഭക്ഷണം കഴിച്ചാല്‍? എന്താണ് അവരുടെ ക്ഷണം സ്വീകരിച്ച് നമ്മള്‍ അവിടെ പോയാല്‍?

സ്പര്‍ധയും അകല്‍ച്ചയുമൊക്കെ കുറച്ചുകാലമായിട്ട് നിങ്ങള്‍ ഉണ്ടാക്കുകയാണ് എന്ന് ഞാന്‍ വളരെ വിനീതമായിട്ട് വേദനയോടെ പറയുകയാണ്. നിങ്ങള്‍ എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ കുറച്ച് ആള്‍ക്കാര്‍. മക്കളാരും ആ കൂട്ടത്തില്‍പ്പെട്ടുപോകരുത്. ഈ നില്‍ക്കുന്നവരില്‍ പ്രായമായ ആളുകളുണ്ട്. ഞങ്ങളൊക്കെ ഇത് അനുഭവിച്ചതാണ്. ഓണത്തിന്റെ സമയങ്ങളില്‍ ഞങ്ങളുടെയൊക്കെ വീടുകളില്‍ ഏതാനും വീടുകളാണ് ഹൈന്ദവ വീടുകള്‍,അല്ലെങ്കില്‍ താഴ്ന്ന ജാതിയില്‍പ്പെട്ട ആളുകള്‍ താമസിക്കുന്നത്. അവിടെ നിന്ന് വെള്ളരിക്കയും പഴവുമൊക്കെ വരാറുണ്ടായിരുന്നു. ഓണത്തിന്റെ വേളയില്‍ അവരുടൊരു ആഘോഷമല്ലേ എന്ന് വിചാരിച്ചിട്ട്, നമ്മുടെ ആഘോഷമല്ല, നമ്മളുടേതാക്കാന്‍ നമ്മള്‍ ബുദ്ധിമുട്ടേണ്ട കാര്യവുമില്ല. അവരുടെ ആഘോഷമായിക്കൊള്ളട്ടെ നമുക്ക് എന്തുകൊണ്ട് അവരെ ഒരര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടുകൂടാ? നമ്മള്‍ ഇതൊക്കെ ഉള്‍ക്കൊള്ളണം മക്കളേ, അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായിരുന്നു.

ഞാന്‍ ഓര്‍ക്കുകയാണ്, ഒരിക്കല്‍ മെഡിക്കല്‍ കോളേജില്‍ ചെന്നു. ഇപ്പറഞ്ഞ കൂട്ടത്തില്‍പ്പെട്ട അടുത്ത വീട്ടിലുള്ള ഹിന്ദു സ്ത്രീയുടെ മകന്‍, താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീയുടെ മകന്‍ രോഗം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാണ്. തിരിഞ്ഞുനോക്കാനോ പോകാനും ആരുമില്ല. അങ്ങനെയൊരു സന്ദര്‍ഭമാണ്. ഈ വീട്ടുകാര്‍ ഞങ്ങളുമായി വളരെ അടുത്തുപെരുമാറുന്നവരും ഞാന്‍ ഗള്‍ഫില്‍ ആകുമ്പോള്‍ എന്റെ ഭാര്യയ്ക്ക് പേടിക്ക് നിന്ന് സഹായിക്കുകയൊക്കെ ചെയ്ത ആളാണ്. അപ്പോള്‍ ഒരു കടപ്പാടുണ്ട് മനുഷ്യന്, അവരുടെ ഒരു ചെറുപ്പക്കാരന്‍ മരണത്തോട് മല്ലടിക്കുന്ന സമയത്ത് ഒന്ന് ചെന്ന് നോക്കേണ്ട കടമയൊക്കെ നമുക്ക് ഇല്ലേ,

വാര്‍ഡില്‍ ചെന്നപ്പോള്‍ ഞാന്‍ തലയില്‍ കെട്ടിയ മൊയ്‌ല്യാര്, ആകെ മൂടിപ്പൊതച്ച എന്റെ ഭാര്യ അതുപോലെ മകള്‍, തൊപ്പിവെച്ച കുട്ടികള്‍ എല്ലാവരും കൂടി മെഡിക്കല്‍ കോളേജില്‍ ചെല്ലുകയാണ്. ഞങ്ങള്‍ ചെല്ലുമ്പോള്‍ ആ വാര്‍ഡ് ആകെ വിജ്രഭിക്കുകയാണ്, എന്താണ് ഇതിപ്പോ സംഭവം, ഈ ജാതിയില്‍പ്പെട്ട ആള്‍ക്കാര് ആ ജാതിയില്‍പ്പെട്ടവരെ രോഗസന്ദര്‍ശനം നടത്തുകയോ? നമ്മള്‍ ഈ നാടുമായി പാകപ്പെടണം. ഈ നാടിന്റെ ഭാഷ നമ്മള്‍ പഠിക്കണം. നമുക്ക് ഇംഗ്ലീഷ് അറിയാം അറബി അറിയാം ഉറുദു അറിയാം. പക്ഷേ നമുക്ക് നമ്മുടെ മാതൃഭാഷ അറിഞ്ഞൂട. അത് തെറ്റുകൂടാതെ ലക്ഷണമൊത്ത രീതിയില്‍ ഘടനാ വൈകല്യമില്ലാതെ സംസാരിക്കാന്‍ നമ്മള്‍ പഠിക്കുന്നില്ല. നമുക്ക് ഉറുദു കവിതകള്‍ ഉദ്ധരിക്കാന്‍ പറ്റും. ഉറുദു കവിത ഉദ്ധരിച്ചോളൂ, കുഴപ്പമൊന്നും ഇല്ല. പക്ഷേ ഈ നാട്ടില്‍ കവിതയുണ്ട്. ഈ നാട്ടില്‍ സാഹിത്യമുണ്ട്. ഇവിടെ സംസ്‌കൃതം ഉണ്ട്. മലയാളമുണ്ട്. മഹാന്‍മാരായ കവികള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. അവരെയൊക്കെ ഉദ്ധരിക്കണം. നമുക്ക് ഇവിടെ പുരാണങ്ങളുണ്ട്. ഇതിഹാസങ്ങളുണ്ട്. അതൊക്കെ നമുക്ക് അറിയണം. അതറിയാതെ നമ്മള്‍ എങ്ങനെ പണ്ഡിതന്‍മാരാകും.

Also Read ‘ഓണം, ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കരുത്; ഓണസദ്യ കഴിക്കരുത്; ക്ഷേത്രത്തിലെ പൂരത്തിന് പിരിവ് നല്‍കരുത് ‘; സിംസാറുല്‍ ഹഖ് ഹുദവി

We use cookies to give you the best possible experience. Learn more