മലപ്പുറം: ഹക്കീം ഫൈസി ആദൃശേരി സി.ഐ.സി(കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജ്) ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കും. സി.ഐ.സി പ്രസിഡന്റ് കൂടിയായ
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി ഹക്കീം ഫൈസി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സമസ്തയുടെ ഉന്നത നേതാക്കളും പങ്കെടുത്തു.
നാളെ ഹക്കീം ഫൈസി രാജിക്കത്ത് നല്‍കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ഹക്കീം ഫൈസി തയ്യാറായില്ല.
സമസ്തയുടെ വിലക്ക് മറികടന്ന് ഹക്കീം ഫൈസിയും സാദിഖലി തങ്ങളും കഴിഞ്ഞ ദിവസം വേദി പങ്കിട്ടിരുന്നു. കോഴിക്കോട് നാദാപുരത്ത് വാഫി സ്ഥാപനങ്ങളുടെ ശിലാസ്ഥാപന ഉദ്ഘാടന ചടങ്ങുകളിലാണ് ഇരു നേതാക്കളും പങ്കെടുത്തിരുന്നത്. ഇതില്‍ സമസ്ത അതൃപ്തിയറിച്ചതിന് പിന്നാലെയാണ് രാജിവാര്‍ത്ത പുറത്തുവരുന്നത്.
സുന്നി ആശയാദര്‍ശങ്ങള്‍ക്കും സമസ്തയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്രചാരണം നടത്തിയെന്നാരോപിച്ച് ഹക്കീം ഫൈസിയെ സമസ്തയില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഹക്കീം ഫൈസിയുമായി സഹകരിക്കുകയോ പരിപാടികളില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കുകയോ ചെയ്യരുതെന്നും സമസ്തയുടെ നിര്‍ദേശമുണ്ടായിരുന്നു.
Content Highlight: Abdul Hakeem Faizy Adrisseri will resign from the post of CIC General Secretary