| Thursday, 1st April 2021, 9:43 pm

മുസ്‌ലിം സമൂഹമായി ബന്ധപ്പെട്ട ഭീഷണികളെ വിലകുറച്ചു കാണണമെന്നോ, പ്രതിരോധിക്കേണ്ടതില്ലെന്നോ അര്‍ത്ഥമാക്കുന്നില്ല; വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി അബ്ദുല്‍ ഹകീം അസ്ഹരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നമസ്‌കരിക്കാത്ത മുസ്‌ലിങ്ങള്‍ കൊല്ലപ്പെടണമെന്നും ഗുജറാത്ത്, റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ ചുട്ടെരിക്കപ്പെട്ടത് നമസ്‌കരിക്കാത്തതിനുള്ള ശിക്ഷയാണെന്നുമുള്ള വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ മകനും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.പി. അബ്ദുല്‍ ഹകീം അസ്ഹരി.

മുസ്ലിം സമൂഹമായി ബന്ധപ്പെട്ട ഭീഷണികളെ വിലകുറച്ചു കാണണമെന്നോ, അവയെ ബൗദ്ധികമായും രാഷ്ട്രീയമായും പ്രതിരോധിക്കേണ്ടതില്ലെന്നോ’ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.

‘പരീക്ഷണങ്ങളെ പേടിച്ചു, ശത്രുക്കളുടെ എണ്ണത്തെയും വണ്ണത്തെയും അക്രമ സംഭവങ്ങളെയും പര്‍വ്വതീകരിച്ചു പേടിപ്പെടുത്തുന്നതിനു പകരം വിശ്വാസം ഊതിക്കാച്ചിയെടുത്തു നാഥന് മുന്നില്‍ സ്വയം സമര്‍പ്പണം ചെയ്യുന്ന ശൈലിയാണ് ഈ രംഗത്ത് പ്രവാചകരും പ്രബോധകരും എന്നും വിശ്വാസികളെ പഠിപ്പിച്ചിട്ടുള്ള മാര്‍ഗം’ എന്നും ഹകീം അസ്ഹരി പറഞ്ഞു.

ഗുജറാത്തിലെ ജനങ്ങള്‍ നമസ്‌കരിച്ചിട്ടില്ലെങ്കില്‍ അവരുടെ വീട് ചുടണം, അവരെ കൊല്ലണം. അതിന് പറ്റിയ ആളുകളെ അല്ലാഹു അവിടെ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നിയമിക്കും എന്നായിരുന്നു അബ്ദുല്‍ ഹകീം അസ്ഹരിയുടെ പ്രസ്താവന.

കഴിഞ്ഞ ഫെബ്രുവരി 19ന് മലപ്പുറം ജില്ലയിലെ പെരുവള്ളൂരില്‍ നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മിഷന്‍ 21 പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്ന വിദ്യാര്‍ഥികളുമായുള്ള ചോദ്യോത്തര വേളയിലാണ് അബ്ദുല്‍ ഹക്കീം അസ്ഹരി ഈ വാദം മുന്നോട്ടുവെച്ചത്. വിവാദമായ ഈ വീഡിയോ ഭാഗം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചയാവുകയായിരുന്നു.

‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പല ഭരണകൂടങ്ങളും മുസ്ലിം ജനതയെ അടിച്ചമര്‍ത്തുന്നു. റോഹിങ്ക്യന്‍ മുസ്ലിങ്ങളെയും ഫലസ്തീന്‍ മുസ്ലിങ്ങളെയും അതിക്രൂരമായി അടിച്ചമര്‍ത്തുകയും വധിക്കുകയും രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ നമ്മള്‍ കാണുന്നു. ഇതിന് പിന്നില്‍ ആ രാജ്യങ്ങളിലെ ഭരണകൂടങ്ങളാണ്. എന്തുകൊണ്ടാണ് ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാരും മുസ്ലിം രാജ്യങ്ങളും സംയുക്തമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ നടത്തുന്നില്ല’ എന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിനാണ് അബ്ദുല്‍ ഹകീം അസ്ഹരി ഗുജറാത്ത് ഉദാഹരണമായി പറഞ്ഞുകൊണ്ട് വിചിത്ര മറുപടി നല്‍കിയത്.

അബ്ദുല്‍ ഹകീം അസ്ഹരിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം, 

കഴിഞ്ഞ ഒരാഴ്ചയായി ദല്‍ഹിയിലായിരുന്നു. മര്‍കസിന്റെ നേതൃത്വത്തില്‍, വിവിധ സംസ്ഥാനങ്ങളിലെ അവശ ജനവിഭാഗങ്ങളെ വൈജ്ഞാനിക സാമൂഹിക മുന്നേറ്റങ്ങളിലേക്കു കൊണ്ടുവരുന്ന പദ്ധതികളുമായി ബന്ധപ്പെട്ട പ്രധാനമായ മീറ്റിങ്ങുകളിലായിരുന്നു.

കോഴിക്കോട് തിരിച്ചെത്തിയപ്പോഴാണ്, മാസങ്ങള്‍ക്കു മുമ്പ് കുറച്ചു മതവിദ്യാര്‍ഥികളുമായി നടത്തിയ ഒരു സംഭാഷണ ശകലം തെറ്റിദ്ധരിപ്പിക്കപ്പെടും വിധം ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചു കണ്ടത്. ഓരോ സമൂഹത്തോടും സംസാരിക്കുമ്പോള്‍, അവരുടെ സാഹചര്യം , പ്രായം, അവരിലൂടെ സമൂഹം പ്രതീക്ഷിക്കുന്നത് എന്നിവയെല്ലാം മാനദണ്ഡമാക്കിയായിരിക്കുമല്ലോ മറുപടി നല്‍കുക.

അത് മറ്റൊരു കോണ്ടെസ്റ്റില്‍ വായിക്കുന്നവര്‍ക്ക് , അവിടെ ഉദ്ദേശിക്കപ്പെട്ട ബോധന രീതി മനസ്സിലാക്കണമെന്നില്ല. വിദ്യാര്‍ത്ഥികളുമായി സംവദിച്ചപ്പോള്‍ അവരെ പഠനത്തിലും, ഇസ്ലാമിന്റെ വൈജ്ഞാനിക വ്യവഹാരങ്ങളിലും ഊന്നി നിറുത്തുകയെന്നത് മാത്രമാണ് ആ മറുപടി കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.

മുസ്ലിം മതമീമാംസയും ചരിത്രവും പഠിക്കുന്ന ആളുകള്‍ക്ക് അറിയാം, മൗലിക ഗ്രന്ഥങ്ങള്‍ വിവരിക്കുന്നത് പ്രകാരം വിശ്വാസികള്‍ എല്ലാ കാലത്തും എല്ലാ സമയത്തും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്, പരീക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കുകയും ചെയ്യും.

പരീക്ഷണങ്ങളെ പേടിച്ചു, ശത്രുക്കളുടെ എണ്ണത്തെയും വണ്ണത്തെയും അക്രമ സംഭവങ്ങളെയും പര്‍വ്വതീകരിച്ചു പേടിപ്പെടുത്തുന്നതിനു പകരം വിശ്വാസം ഊതിക്കാച്ചിയെടുത്തു നാഥന് മുന്നില്‍ സ്വയം സമര്‍പ്പണം ചെയ്യുന്ന ശൈലിയാണ് ഈ രംഗത്ത് പ്രവാചകരും പ്രബോധകരും എന്നും വിശ്വാസികളെ പഠിപ്പിച്ചിട്ടുള്ള മാര്‍ഗ്ഗം.

എന്നാല്‍ മുസ്ലിം സമൂഹമായി ബന്ധപ്പെട്ട ഭീഷണികളെ വിലകുറച്ചു കാണണമെന്നോ, അവയെ ബൗദ്ധികമായും രാഷ്ട്രീയമായും പ്രതിരോധിക്കേണ്ടതില്ലെന്നോ ഇതര്‍ഥമാക്കുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Abdul Hakeem Azhari with an explanation in his controversial speech

We use cookies to give you the best possible experience. Learn more