Advertisement
Kerala News
സമരം ചെയ്യേണ്ടത് സ്ത്രീകളല്ല, പുരുഷന്മാരാണ്; ഔറത്ത് മറക്കാന്‍ അനുവദിക്കാത്ത സ്ഥാപനത്തില്‍ പഠിക്കേണ്ടതില്ല; അബ്ദുല്‍ ഹക്കീം അസ്ഹരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 24, 04:34 pm
Thursday, 24th March 2022, 10:04 pm

കോഴിക്കോട്: മുസ്‌ലിം സ്ത്രീകള്‍ സമരം ചെയ്യേണ്ടതില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി. സമരം ചെയ്യേണ്ടത് പുരുഷന്മാരാണെന്നും മതിയാകുന്നില്ലെങ്കില്‍ മാത്രമാണ് സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ടതെന്നും ഹക്കീം അസ്ഹരി പറഞ്ഞു.

നമുക്ക് മുസ്‌ലിമായി ജീവിക്കാന്‍ ഈ രാജ്യം അനുവദിക്കുന്നുണ്ട്. അത് നാം തന്നെ പറഞ്ഞ് ഇല്ലാതാക്കേണ്ട. മുസ്‌ലിമിന്റെ വേഷത്തില്‍, പര്‍ദ ധരിച്ചു വന്ന്, മുഖം മറച്ച്, തക്ബീറ് ചൊല്ലി സമരം ചെയ്യാന്‍ മുസ്‌ലിം പെണ്‍കുട്ടികളോട് ഇസ്‌ലാം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിയെ കോളേജില്‍ ചെല്ലുമ്പോള്‍ ഔറത്ത് മറക്കാന്‍ അനുവദിക്കുകയില്ല. തുണി അഴിക്കണം എന്ന് കോളേജുകള്‍ പറയുന്നുണ്ടങ്കില്‍ പോകേണ്ടതില്ല. കാരണം അത് ഫര്‍ള് അയ്‌ന്(വ്യക്തിപരമായ ബാധ്യത) അല്ല അത് ഫര്‍ള് കിഫാ(സാമൂഹ്യപരമായ ബാധ്യത)ആണ്.

അവകാശത്തിന് വേണ്ടി പോരാടണം, സമരം ചെയ്യണം, ഒന്നും ചോദിച്ച് വാങ്ങണ്ട എന്നല്ല ഞാന്‍ പറഞ്ഞത്. അങ്ങനെ തെറ്റിദ്ധരിക്കരുത്. അതേസമയം, ഇതിനെയൊക്കെ ചില താല്‍പര്യങ്ങള്‍ക്ക് വേണ്ടി, പാര്‍ട്ടിയിലേക്ക് ആളെ കൂട്ടാനുള്ള സമരങ്ങളായി മാറ്റുന്ന ചില താല്‍പര്യക്കാരെ നാം തിരച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് നമ്മുടെ പെണ്‍കുട്ടികളെ അനാവശ്യമായ സമരങ്ങള്‍ക്ക് വിട്ടുകൊടുക്കരുത്. അത് മുസ്‌ലിമിന്റെ ബാധ്യതയാണെന്നും ഹക്കീം അസ്ഹരി പറഞ്ഞു.

നിങ്ങള്‍ക്ക് ദീന് അനുസരിച്ച് ഈ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കാത്ത ഒരു സമയമുണ്ടെങ്കില്‍, അപ്പോള്‍ സമരത്തിനിറങ്ങണം. അത് പുരുഷന്മാരാണ് സമരത്തിനിറങ്ങേണ്ടത്. മതിയാകുന്നില്ലെങ്കില്‍ മാത്രമാണ് സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ടതെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.