| Wednesday, 15th July 2020, 6:18 pm

അന്ന് മുസഫര്‍ കലാപത്തിന്റെ ഇര; ഇന്ന് ദല്‍ഹി കലാപത്തിലെ ഇരകള്‍ക്കായി പോരാടുന്ന അഭിഭാഷകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി കലാപത്തില്‍ അക്രമത്തിന് ഇരയായവര്‍ക്ക് വേണ്ടി ഫീസ് പോലും വാങ്ങാതെ പോരാടാന്‍ അബ്ദുള്‍ ഗാഫര്‍ എന്ന നാല്‍പതുകാരനെ തയ്യാറാക്കിയത് മുസഫര്‍ നഗര്‍ കലാപത്തിലേറ്റ വലിയ മുറിവാണ്. ദല്‍ഹി കലാപത്തിലെ അമ്പതോളം കേസുകളാണ് ഇദ്ദേഹം വാദിക്കുന്നത്. ഇതില്‍ പകുതിയോളം കേസുകളും ഏറ്റെടുത്തത് ഫീസ് പോലും വാങ്ങാതെയാണ്. ജാമ്യത്തുക പോലും കെട്ടിവെക്കാന്‍ വകയില്ലാത്തവരോട് എങ്ങിനെയാണ് ഫീസ് ചോദിക്കുക എന്നാണ് അബ്ദുള്‍ ഗാഫര്‍ പറയുന്നത്.

2013ല്‍ ഉത്തര്‍പ്രദേശിനെ നടുക്കിയ മുസഫര്‍ നഗര്‍ കലാപത്തിലാണ് അബ്ദുള്‍ ഗാഫറിന് തന്റെ മൂത്ത അമ്മാവനെ നഷ്ടമായത്. അതിന് പിന്നിലുള്ള അനുഭവങ്ങളെ അദ്ദേഹം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ.

”ഗ്രാമത്തിലെത്തിയ തീവ്ര ഹിന്ദുക്കളായ അക്രമികളുടെ ഒരും സംഘം വീട്ടിലേക്ക് വരുന്നതിന് മുന്‍പ് അമ്മാവന്‍ ഞങ്ങളെയെല്ലാവരെയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറ്റി. എന്നിട്ട് അദ്ദേഹം പറഞ്ഞു. എനിക്ക് 75 വയസ്സായി എന്നെ ആര് ആക്രമിക്കാനാണ്. നിങ്ങള്‍ പോയിക്കോളൂ. ഞാനിവിടെ തന്നെ നില്‍ക്കാം. ആള്‍ക്കൂട്ടം പ്രതീക്ഷിച്ചത് പോലെ തന്നെ വീട്ടിലെത്തി. അദ്ദഹത്തെ വെട്ടിവീഴ്ത്തി.’

ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ ദാരുണ സംഭവത്തിന്റെ ഓര്‍മ്മകളാണ് ദല്‍ഹി കലാപത്തില്‍ ഇരയായവര്‍ക്ക് വേണ്ടി വാദിക്കാന്‍ തനിക്ക് ഇപ്പോഴും പ്രേരണയായതെന്ന് അദ്ദഹം പറയുന്നു. അന്ന് തനിക്കും കുടുംബത്തിനും നേരെ വന്ന അക്രമികളില്‍ നിന്നും കുടുംബത്തെ രക്ഷിച്ചത് ഹിന്ദു തന്നെയായ ഗ്രാമമുഖ്യനാണ്. അതുകൊണ്ട് തന്നെ ഒരു ക്രിമിനല്‍ വക്കീല്‍ എന്ന നിലയില്‍ കേസുകള്‍ വാദിക്കുമ്പോള്‍ മതത്തിന്റെ അതിര്‍വരമ്പുകള്‍ വെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നിങ്ങള്‍ നിയമവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സഹായത്തിനു അങ്ങോട്ടേക്ക് തന്നെയാണ് നോക്കുക. ഞാനും അമ്മാവന്‍ കൊല്ലപ്പെട്ടപ്പോള്‍ എല്ലാവരെയും വിളിച്ചു. അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം അവിടെ നിന്ന് മാറ്റണമെന്ന് ആവശ്യപ്പട്ടു. പക്ഷേ ആരും പ്രതികരിച്ചില്ല, ആരും സഹായിച്ചുമില്ല. അന്ന് ഞാനെത്ര നിസഹായനായിരുന്നുവെന്ന് എനിക്ക് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ ദല്‍ഹി കലാപത്തിലെ കേസ് വാദിക്കുമ്പോള്‍ പിന്നിട്ട് നാളുകളില്‍ താന്‍ നേരിട്ട അനുഭവങ്ങളുടെ കരുത്തും അതില്‍ നിന്നും ഉയര്‍ന്നുവന്ന അനുതാപവുമുണ്ട് അദ്ദേഹത്തിന്.

53 പേര്‍ കൊല്ലപ്പെടുകയും 200ലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ദല്‍ഹി കലാപത്തിലെ നിയമപ്രവര്‍ത്തനങ്ങളില്‍ അബ്ദുള്‍ ഗാഫര്‍ സജീവമാകുന്നത് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചുണ്ടായ അനുഭവത്തില്‍ നിന്ന് കൂടിയാണ്. സഹോദരന്റെ മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ട ആശുപത്രി അധികൃതര്‍ക്ക് മുന്‍പില്‍ നിസഹായനായി നില്‍ക്കുന്ന ഒരു മുസ്‌ലിം യുവാവിനെ ദല്‍ഹിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് അബ്ദുള്‍ കണ്ടുമുട്ടിയിരുന്നു.

തന്റെ കൈയില്‍ ആകെയുള്ളത് 300 രൂപയാണെന്നും പിന്നെ താനെങ്ങനെ അവര്‍ പറയുന്ന നാലായിരം രൂപകൊടുത്ത് സഹോദരന്റെ മൃതദേഹം കൊണ്ടുപോകുമെന്നും, കുടുംബത്തിനാകെയുണ്ടായിരുന്നതെല്ലാം അക്രമികള്‍ നശിപ്പിച്ചുവെന്നും പറഞ്ഞ് ആ യുവാവ് അദ്ദേഹത്തിന് മുന്നില്‍ കരഞ്ഞു. ആ നിമിഷം ഈ സമൂഹത്തിന് വേണ്ടി ഈ അവസരത്തില്‍ നിശ്ചയമായും എന്തെങ്കിലും ചെയ്യണമെന്ന് താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അത്ര പെട്ടെന്നൊന്നും സംഭവങ്ങള്‍ തന്നെ അസ്വസ്ഥതപ്പെടുത്താറില്ല. എന്നാല്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ള ദില്‍ബാര്‍ നേഗിയെന്ന 20 വയസുകാരന്റെ കൊലപാതകം തന്നെ നടുക്കത്തിലാക്കിയെന്ന് അദ്ദേഹം പറയുന്നു. ദില്‍ബാര്‍ നേഗിയെ അംഗഭംഗപ്പെടുത്തിയതിന് ശേഷം കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസ് വാദിക്കുന്നത് ഇദ്ദേഹമാണ്.

മുസാഫര്‍നഗറിലെ ഡി.എ.വി കോളേജില്‍ നിന്നാണ് അബ്ദുള്‍ ഗാഫര്‍ നിയമ പഠനം പൂര്‍ത്തിയാക്കിയത്.ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തനല്ല അബ്ദുള്‍ ഗാഫര്‍. ജീവിതത്തിലാദ്യമായാണ് നിര്‍ണായകമായ ഒരു കേസില്‍ അന്വേഷണ ഏജന്‍സി സ്വന്തം നിഗമനങ്ങളും വ്യക്തിഗത അഭിപ്രായങ്ങളും, ഊഹാപോഹങ്ങളും മുന്‍ധാരണകളും ഉപയോഗിച്ച് കഥയുണ്ടാക്കുന്നതും അത് കോടതിയില്‍ അവതരിപ്പിക്കുന്നത് കാണുന്നത്. ഗുജറാത്ത് കലാപത്തിലുള്‍പ്പെടെ ഇന്ത്യയില്‍ കലാപത്തില്‍ പ്രതികളായവരെ ശിക്ഷിക്കുന്നതിന്റെ നിരക്ക് കുറവാണ്. ഇതാണ് ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് ആവര്‍ത്തിക്കുന്നതിന്റെ പ്രധാന കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തവരാണ് ദല്‍ഹി കലാപത്തിന് പിന്നിലെന്ന് വരുത്തിതീര്‍ക്കുന്ന തരത്തിലുള്ള നരേറ്റീവുകളാണ് ദല്‍ഹി പൊലീസ് നിര്‍മ്മിച്ചെടുക്കുന്നത്. കലാപുവുമായി ബന്ധപ്പെട്ട അമ്പത് ശതമാനം കേസുകളിലും കുറ്റപത്രം ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് തയ്യാറാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇതിനോടകം നൂറോളം കക്ഷികള്‍ക്ക് വേണ്ടി അബ്ദുള്‍ ഗാഫര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് ഇതില്‍ 90 ശതമാനം പേര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more