| Saturday, 31st December 2022, 3:51 pm

ശബ്ദം കൊണ്ടുള്ള അപരനായ എന്നെ കണ്ട് ഞെട്ടി; സംസാരിച്ച് തുടങ്ങിയപ്പോള്‍ പിന്നെ അദ്ദേഹം മിണ്ടുന്നില്ല, എനിക്ക് പേടിയായി: അബ്ദുല്‍ ബാസിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ സുരേഷ് ഗോപിയുടെ ശബ്ദത്തോട് സാദൃശ്യമുള്ള വ്യക്തിയുടെ വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സിവില്‍ എക്‌സൈസ് ഓഫീസര്‍ അബ്ദുല്‍ ബാസിത്താണ് ഈ വീഡിയോയില്‍ കാണുന്ന വ്യക്തി.

ലഹരി വിരുദ്ധ ക്യാമ്പയിന് വേണ്ടിയാണ് പൊതുവെ അദ്ദേഹത്തെ ശബ്ദം ഉപയോഗിച്ച് വരുന്നത്. സുരേഷ് ഗോപിയെ നേരിട്ട് കാണാന്‍ പോയ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അബ്ദുല്‍ ബാസിത്ത്. നേരിട്ട് കണ്ടപ്പോള്‍ താന്‍ സംസാരിക്കുന്നത് കണ്ടിട്ട് സുരേഷ് ഗോപി അതിശയിച്ച് നോക്കി നിന്നുവെന്നാണ് അബ്ദുല്‍ പറഞ്ഞത്.

പോലീസുകാരനാകാനുള്ള ആഗ്രഹം തന്റെ ഉള്ളില്‍ ഉണ്ടാവാനുള്ള കാരണം പോലും സുരേഷ് ഗോപിയാണെന്നാണ് അബ്ദുല്‍ പറഞ്ഞത്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സുരേഷ് ഗോപി സാര്‍ എന്നെ നേരിട്ട് വിളിച്ചത് ഭയങ്കര എക്‌സൈറ്റഡ് മൊമന്റായിരുന്നു. സ്‌കൂളില്‍ ക്ലാസ് എടുത്തതിന് ശേഷം ഇതുപോലെ ഒരുപാട് ആളുകളുടെ വിളി വരുന്ന കൂട്ടത്തിലാണ് രാത്രി പത്തരക്ക് അദ്ദേഹത്തിന്റെ കോളും വരുന്നത്.

ഞാന്‍ ഒരിക്കലും വിചാരിച്ചിട്ടില്ലായിരുന്നു അദ്ദേഹം എന്നെ വിളിക്കുമെന്ന്. ഫാമിലി ഗ്രൂപ്പിലാണ് വീഡിയോ കണ്ടതെന്നും പിന്നീട് ശബ്ദത്തിന്റെ കാര്യം എല്ലാവരും പറയാറുണ്ടെന്നുമാണ് അന്ന് പറഞ്ഞത്. ഇരിഞ്ഞാലക്കുട പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഉണ്ടെന്നും അങ്ങോട്ട് ഒന്ന് വരാന്‍ കഴിയുമോയെന്ന് എന്നോട് ചോദിച്ചു.

ആ ഒരു ദിവസം എനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഞാന്‍ അവിടെ ചെന്നപ്പോള്‍ എല്ലാരും അടുത്തേക്ക് വന്നു. സാറിനെക്കുറിച്ചാണ് ഇന്നലെ മുഴുവന്‍ സുരേഷേട്ടന്‍ സംസാരിച്ചതെന്നാണ് എല്ലാരും പറഞ്ഞത്. അഞ്ച് മിനിട്ട് നേരം മാത്രമേ സുരേഷേട്ടന്‍ വരുന്നവരോട് സംസാരിക്കുകയുള്ളുവെന്നാണ് കാരവാനിലേക്ക് കയറുമ്പോള്‍ എന്നോട് പറഞ്ഞത്.

ഞാന്‍ കാരവാനിന്റെ ഉള്ളിലേക്ക് കയറിയപ്പോള്‍ തന്നെ ഇങ്ങോട്ട് വാ എന്ന വിളിയായിരുന്നു. 15 മിനിട്ട് അദ്ദേഹം തന്നെയാണ് സംസാരിച്ചത്. ഞാന്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ അദ്ദേഹം ആകെ അതിശയിച്ച് എന്നെ നോക്കി നില്‍ക്കുകയായിരുന്നു. കണ്ടില്ലെ ഞാന്‍ സംസാരിക്കുന്നത് പോലെ ഇല്ലെ എന്നാണ് പറഞ്ഞത്. പൊലീസുകാരനാകണം എന്ന ആഗ്രഹം ഉണ്ടായത് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടാണ്,” അബ്ദുല്‍ ബാസിത്ത് പറഞ്ഞു.

content highlight: abdul basith about suresh gopi

We use cookies to give you the best possible experience. Learn more