ന്യൂദല്‍ഹി: പ്രകോപനകരമായ പ്രസ്താവനയുമായി പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്. ഈ വര്‍ഷത്തെ പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷം ജമ്മുകശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സമര്‍പ്പിക്കുന്നുവെന്ന് അബ്ദുല്‍ ബാസിത് പറഞ്ഞു. കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കുംവരെ പോരാട്ടം തുടരും. കശ്മീരി ജനതയുടെ ത്യാഗം പാഴാകുകയില്ലെന്നും അബ്ദുല്‍ ബാസിത് പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന പാകിസ്ഥാന്റെ പ്രസ്താവനയ്ക്ക് ഇന്ത്യ ശക്തമായ മറുപടി നല്‍കിയതിനു പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി പാക് ഹൈകമീഷണര്‍ രംഗത്തെത്തിയത്.
ഇതിന് പിന്നാലെ പൂഞ്ച് സെക്ടറില്‍ ഇന്ത്യയുടെ രണ്ട് സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയിരുന്നു.
ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് കശ്മീരിനെ ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രസ്താവനാ യുദ്ധം തുടരുന്നതിന്റെ സൂചനയാണ് പാക് ഹൈക്കമ്മീഷണറുടെ പ്രതികരണം.