പ്രസിഡന്റായാല്‍ ബ്രദര്‍ഹുഡിനെ ഇല്ലാതാക്കും: അബ്ദുള്‍ ഫത്താഹ് അല്‍സീസി
Daily News
പ്രസിഡന്റായാല്‍ ബ്രദര്‍ഹുഡിനെ ഇല്ലാതാക്കും: അബ്ദുള്‍ ഫത്താഹ് അല്‍സീസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th May 2014, 9:26 am

[share]

[] കെയ്‌റോ: പ്രസിഡന്റായാല്‍ മുസ്ലിം ബ്രദര്‍ഹുഡിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ഈജിപ്ത് പ്രസിഡന്റ് സ്ഥനാര്‍ഥി അബ്ദുല്‍ ഫത്താഹ് അല്‍സീസി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടെലിവിഷന്‍ അഭിമുഖത്തിലാണ് അല്‍സീസി ഇക്കാര്യം പറഞ്ഞത്.

തന്റെ പ്രചാരണത്തിന് ബ്രദര്‍ഹുഡിന്റെ ഭീഷണിയുണ്ടെന്നും മത തീവ്രവാദത്തിലും അസഹിഷ്ണുതയിലും ഊന്നിയ പ്രത്യയ ശാസ്ത്രമാണ് ബ്രദര്‍ഹുഡിന്റേതെന്നും അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു. വികസനമാണ് തന്റെ മുഖ്യ ലക്ഷ്യമെന്നും അല്‍സീസി ആവര്‍ത്തിച്ചു.

ആക്രമണം ഭയന്ന് ടി.വി ഷോകളിലും സ്വകാര്യ മീറ്റിങ്ങുകളിലും ചുരുക്കം ചില പൊതു പരിപാടികളും മാത്രമാണ് അല്‍സീസിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍. ഈ മാസം 26, 27 തീയതികളിലായി നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അല്‍സീസി വിജയിക്കുമെന്നാണ് സൂചന.

ഇടത് പക്ഷ സ്ഥാനാര്‍ഥിയായ ഹംദീന്‍ സബാഹി മാത്രമാണ് അദ്ദേഹത്തിന്റെ ഏക എതിരാളി. 2012ല്‍ മുഹമ്മദ് മുര്‍സി വിജയിച്ച തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനക്കാരനായിരുന്നു ഹംദീന്‍ സബാഹി. ഈജിപ്തിലെ ഏകാധിപതിയായിരുന്ന ഹുസ്‌നി മുബാറക്കിനെ വീഴ്ത്തി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായ മുഹമ്മദ് മുര്‍സി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെ സൈനിക അട്ടിമറിയിലൂടെ പുറത്തായിരുന്നു.

ഫെബ്രുവരിയില്‍ പ്രധാനമന്ത്രി ഹാസിം ബബ്‌ലാവി മന്ത്രിസഭ രാജിവെച്ചിരുന്നു. പ്രതിരോധ മന്ത്രിയും സൈനിക മേധാവിയുമായ അബ്ദുല്‍ ഫത്താഹ് അല്‍സീസി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രാജിയെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.