കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് പുതിയൊരു വെല്ലുവിളിയുമായി മുസ്‌ലിം പുരോഹിതന്‍ അബ്ബാസ് സിദ്ദീഖി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചതാണ് മമതയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് എന്നാണ് സിദ്ദീഖിയുടെ പാര്‍ട്ടിയുടെ പേര്.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്വന്തമായി ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് സിദ്ദീഖി പറഞ്ഞു. മതേതരത്വത്തിന് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് തന്റേതെന്നും സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
‘സ്വാതന്ത്ര്യലബ്ധിക്കുശേഷം, മതേതരര്‍ എന്ന് അവകാശപ്പെടുന്ന ധാരാളം പാര്‍ട്ടികള്‍ വന്നു. എന്നാല്‍ ന്യൂനപക്ഷവിഭാഗത്തെ അവര്‍ പൂര്‍ണ്ണമായി അവഗണിച്ചു. ഇന്നും മുസ്ലിം,ദളിത്, വിഭാഗങ്ങള്‍ ഏറെ പിന്നിലാണ്. നിരാലംബരായ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം’, അബ്ബാസ് സിദ്ദിഖി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സിദ്ദീഖിയുടെ പാര്‍ട്ടി പ്രഖ്യാപനം. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും തൃണമൂലും തമ്മിലുള്ള പോര് മുറുകുന്നതിനിടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഏറെ ചര്‍ച്ചയാകുകയാണ്.
തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ ശക്തമായ പ്രചാരണ പരിപാടിയുമായി ബി.ജെ.പി രംഗത്തുണ്ട്. അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കളാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. മുഖ്യ എതിരാളിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രചാരണമാണ് ബി.ജെ.പി നേതൃത്വം കാഴ്ചവെയ്ക്കുന്നത്.
അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കളുടെ രാജി തൃണമൂല്‍ കോണ്‍ഗ്രസിന് തലവേദയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു എം.എല്‍.എ കൂടി ബി.ജെ.പിയിലേക്ക് പോയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടിയായിരുന്നു.
സുവേന്തുവിനൊപ്പം തൃണമൂലില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Abbas Sidiqui Floats New Party