| Wednesday, 19th July 2023, 11:38 pm

നിങ്ങൾ മരിച്ചോ? മെന്റൽ ഹോസ്പിറ്റലിൽ ആയിരുന്നോ? എന്നൊക്കെ ചോദിച്ചവരുണ്ട്: അബ്ബാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്നോട് സിനിമയിലേക്ക് തിരികെ വരണമെന്ന് ആരാധകർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നടൻ അബ്ബാസ്. താൻ മരിച്ചോ എന്നും മെന്റൽ ഹോസ്പിറ്റലിൽ ആയിരുന്നോയെന്നുമുള്ള ചോദ്യങ്ങൾ വരെ ആരാധകർ ചോദിച്ചിട്ടുണ്ടെന്നും അബ്ബാസ് പറഞ്ഞു. ഗലാട്ട പ്ലസ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ സ്വയം ഒതുങ്ങി നിൽക്കുന്നതും അൺപ്രെഡിക്റ്റബിളും ആയ ഒരു വ്യക്തിയാണ്. ഞാൻ അധികം ഇന്റർവ്യൂകളൊന്നും കൊടുക്കാറുമില്ല.

ഞാൻ നാട്ടിൽ ഉള്ളപ്പോൾ നിങ്ങൾ തിരികെ വരണമെന്നൊക്കെ ചിലർ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് അസുഖം വല്ലതുമുണ്ടോ? മെന്റൽ ഹോസ്പിറ്റലിൽ ആയിരുന്നോ? മരിച്ചോ? എന്ന ചോദ്യങ്ങൾ വരെ ഞാൻ കേട്ടിട്ടുണ്ട്. മരിച്ചെങ്കിൽ ഞാൻ എങ്ങനെയാണ്‌ റിപ്ലൈ കൊടുക്കുന്നത്? (ചിരിക്കുന്നു). അങ്ങനെ ഒരുപാട് സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടായി,’ അബ്ബാസ് പറഞ്ഞു.

അഭിമുഖത്തിൽ തന്റെ ആദ്യ ചിത്രമായ കാതൽ ദേശം എന്ന ചിത്രത്തെപറ്റിയും അദ്ദേഹം സംസാരിച്ചു. കാതൽ ദേശം എന്ന ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ ഹിറ്റായ വിവരം താൻ അറിഞ്ഞിരുന്നില്ലെന്നും താൻ താമസിച്ചിരുന്ന ഹോട്ടലിന്റെ താഴെ ആരാധകർ കൂട്ടം കൂടിയപ്പോൾ പോലും തനിക്ക് ചിത്രം ഹിറ്റായെന്ന് മനസിലായില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കാതൽ ദേശം ഇറങ്ങിയ ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. ചിത്രം കണ്ടിട്ട് ഞാൻ ഒരു ഹോട്ടലിൽ വന്ന് കിടന്നു. അടുത്ത ദിവസം എഴുന്നേറ്റ് ജനൽ തുറന്നപ്പോൾ താഴെ വലിയൊരു ജനക്കൂട്ടം ഉണ്ടായിരുന്നു. ഞാൻ ഓർത്തു അപകടം വല്ലതും സംഭവിച്ചതാണെന്ന്.

കുറച്ച് ആളുകളെ കാണാൻ പോകേണ്ടതുള്ളതുകൊണ്ട് ഞാൻ റെഡിയായി താഴെ ചെന്നപ്പോൾ റിസപ്‌ഷനിസ്റ്റ് എന്നോട് പറഞ്ഞു പുറത്തേക്ക് പോകരുതെന്ന്. ഞാൻ കാര്യം തിരക്കിയപ്പോൾ റിസപ്‌ഷനിസ്റ്റ് പറഞ്ഞു ആ കൂട്ടം എന്നെ കാണാൻ വന്നവരാണെന്നും പടം ഹിറ്റാണെന്നും. അപ്പോൾ എനിക്ക് ‘ഹിറ്റ്’ എന്ന വാക്കൊന്നും അറിയില്ല. പടം ഹിറ്റായത് ഞാൻ അറിഞ്ഞതുമില്ല.

ആളുകൾ എന്നെ അബ്ബാസ് എന്ന് വിളിച്ച് തള്ളുകയും വലിക്കുകയും ചെയ്‌തു. ഞാൻ ചിരിക്കുകയാണ് ചെയ്തത്. പിന്നെ ഇട്യ്ക്ക് വല്ലാത്ത അസ്വസ്ഥതയും അനുഭവപ്പെട്ടു. ആളുകൾ എങ്ങനെയാണ് ആ ചിത്രവുമായി ഇമോഷണലി കണക്ട് ആയതെന്ന് അന്ന് എനിക്ക് മനസിലായില്ലായിരുന്നു,’ അബ്ബാസ് പറഞ്ഞു.

Content Highlights: Abbas on Kadhal Desam movie

We use cookies to give you the best possible experience. Learn more