താൻ ഹാർപ്പിക്കിന്റെ പരസ്യങ്ങൾ ചെയ്യുന്നത് വളരെ ആസ്വദിച്ചാണെന്ന് നടൻ അബ്ബാസ്. ഹാർപ്പിക്കിന്റെ പരസ്യത്തിൽ അഭിനയിച്ചപ്പോൾ ധാരാളം പണം കിട്ടിയെന്നും ആൽക്കഹോൾ പോലെ ആരോഗ്യത്തിന് ഹാനീകരമായ വസ്തുവിന്റെ പരസ്യമല്ല താൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമ വികടൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹാർപ്പിക്ക് എന്ന ടോയ്‌ലെറ്റ് ക്ലീനറിന്റെ പരസ്യത്തിൽ അഭിനയിക്കാൻ ഓക്കേ പറഞ്ഞത് എന്തുകൊണ്ടാണെന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അബ്ബാസ്.
‘ഹാർപ്പിക്കിന്റെ പരസ്യത്തിൽ അഭിനയിക്കാൻ ഓക്കേ പറയുന്നതിനുമുൻപ് ഞാൻ ഒന്നോ രണ്ടോ പടങ്ങൾ മാത്രമാണ് ചെയ്തത്. അപ്പോഴാണ് ഹാർപ്പിക്കിന്റെ ഓഫർ വന്നത്. നല്ല പണവും കിട്ടി.
മാത്രമല്ല ഹാർപ്പിക്കിന്റെ പരസ്യത്തിലൂടെ നെഗറ്റീവായി ഞാൻ ഒന്നിനെയും പ്രോത്സാഹിപ്പിക്കുന്നില്ല. അത് ശരീരത്തിന് ഹാനികരമായ തരത്തിലുമുള്ള ആൽക്കഹോൾ അല്ല. ടോയ്‌ലെറ്റിലുള്ള അണുക്കൾ നശിക്കുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നതിനും വേണ്ടിയുള്ള ഒരു പ്രോഡക്റ്റാണ്. ആ ഒരു തോന്നൽ വന്നപ്പോൾ ഈ പരസ്യം ചെയ്തേക്കാം എന്ന് തോന്നി. ഹാർപ്പിക്കിന്റെ പരസ്യം ഞാൻ വളരെ എൻജോയ് ചെയ്താണ് ചെയ്തത്.
ചിലരൊക്കെ ‘എന്താ സാർ പുതിയ ബോട്ടിൽ വന്നോ?’ എന്നൊക്കെ ചോദിച്ച് കളിയാക്കും. ഇതുള്ളതുകൊണ്ട് എന്റെ ടോയ്‌ലെറ്റ് വൃത്തിയായിരിക്കും എന്ന് ഞാൻ തിരിച്ച് മറുപടി പറയും. ട്രോൾ ചെയ്യുന്നവർ ഇതൊക്കെ മാറ്റിപ്പറയും. എന്തൊക്കെ ട്രോൾ ചെയ്‌താലും ഇയാൾക്ക് കുഴപ്പമില്ലെന്ന് കരുതി ട്രോൾ ചെയ്യുന്നത് നിർത്തും,’ അബ്ബാസ് പറഞ്ഞു.
അഭിമുഖത്തിൽ താൻ നഷ്ടപ്പെടുത്തിയ കഥാപാത്രങ്ങളെപ്പറ്റിയും അബ്ബാസ് സംസാരിച്ചു. നഷ്ടപ്പെടുത്തിയ വേഷങ്ങൾ ഓർത്ത് വിഷമം ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അത് മറ്റൊരാൾക്ക് ഉപകാരപ്പെട്ടല്ലോ എന്ന് ഓർക്കുമ്പോൾ വിഷമം ഇല്ലാതാകുമെന്നും അബ്ബാസ് പറഞ്ഞു.
‘ചില കഥാപത്രങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇൻഡസ്ട്രിയിൽ ഇരിക്കുമ്പോൾ നമ്മുടെ മൈൻഡ് വേറൊരു രീതിയിൽ ആയിരിക്കും. മിസ്സായ വേഷങ്ങൾ ഓർത്ത് നഷ്ടബോധം തോന്നിയിട്ടുണ്ട്. പക്ഷെ ഞാൻ അത് നഷ്ടപ്പെടുത്തിയതുകൊണ്ട് മറ്റൊരാൾക്ക് അതുകൊണ്ടൊരു ജീവിതം കിട്ടിയല്ലോ എന്നിപ്പോൾ ഓർക്കും. അവരുടെ ലൈഫ് അവരുടെ കരിയറായി.
ജീൻസ്, കാതലുക്ക് മരിയാത എന്നീ ചിത്രങ്ങളൊക്കെ എനിക്ക് നഷ്ട്ടമായ സിനിമകൾ ആണ്. ആരുടെയെങ്കിലുമൊക്കെ കരിയർ ഞാൻ കാരണം സ്ട്രോങ്ങ് ആയല്ലോ. അതിൽ സന്തോഷമുണ്ട്,’ അബ്ബാസ് പറഞ്ഞു.