| Friday, 5th October 2018, 11:12 am

സ്ത്രീ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ അവിടം മലിനമാവുന്നത് എങ്ങനെയാണ്; ശബരിമല കേസിലെ ഹരജിക്കാരായ ഭക്തി സേതിയ്ക്കും പ്രേര്ണ കുമാരിയും സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരു സ്ത്രീ ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ അവിടം മലിനമായിത്തീരുന്നത് എങ്ങനെയാണെന്ന സംശയമാണ് യഥാര്‍ത്ഥത്തില്‍ തങ്ങളെ ശബരിമല കേസിലേക്ക് നയിച്ചതെന്ന് കേസിലെ പ്രധാന ഹരജിക്കാരായ ഭക്തി സേതിയും പ്രേര്‍ണ കുമാരിയും. ബാര്‍ ആന്‍ഡ് ബെഞ്ചിന് നല്‍കിയ അഭിമുഖത്തിലാണ് ശബരിമല കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചും ഇത്തരമൊരു കേസുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തെ കുറിച്ചും ഇവര്‍ സംസാരിച്ചത്.


ഒരു സ്ത്രീ ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ അവിടം മലിനമായിത്തീരുന്നത് എങ്ങനെയാണ് ? ശുദ്ധികലശം നടത്തിയാല്‍ അവിടെ ശുദ്ധീകരിക്കപ്പെടുന്നത് എങ്ങനെയാണ് ?- ഹരജിക്കാര്‍ ചോദിക്കുന്നു.

സുപ്രീം കോടതി വിധിയില്‍ കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകളും സന്തോഷിക്കുന്നുണ്ടെന്ന് അറിയാം. സുപ്രീം കോടതി വിധിയെ അവര്‍ ബഹുമാനിക്കുന്നു. വിശ്വാസത്തിന്റെ കാര്യം എന്നതിലുപരിയായി സ്ത്രീയുടെ അന്തസുമായി ബന്ധപ്പെട്ട ചിലതുകൂടി ഇതിലുണ്ടെന്ന് അവര്‍ക്കും അറിയാം.

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും സേതി പറയുന്നു. ശബരിമലയില്‍ വിശ്വാസത്തെയല്ല ഞങ്ങള്‍ ചോദ്യം ചെയ്തത് മറിച്ച് അവിടുത്തെ വിവേചനത്തെയായായിരുന്നു. – ഹരജിക്കാര്‍ വിശദീകരിക്കുന്നു.

ഇത്തരമൊരു പരാതിക്ക് പിന്നില്‍ മുസ്‌ലീം വിഭാഗക്കാരാണെന്ന വിവാദത്തോടും ഇവര്‍ പ്രതികരിച്ചു.”” ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്റെ തലപ്പത്തുള്ളത് ഒരു മുസ്‌ലീം ആണ് എന്നുള്ളതുകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നത്. ചില സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇതെല്ലാമെന്നും ചിലര്‍ പറഞ്ഞു. എന്നാല്‍ അതില്‍ ഒരു അടിസ്ഥാനവും ഇല്ല.

ഹരജിയില്‍ നൗഷാദിന് റോളൊന്നും ഇല്ല. അദ്ദേഹം സ്വകാര്യമായി ഈ കേസില്‍ ഇടപെട്ടിട്ടില്ല. ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു ഞാന്‍. പെറ്റീഷന്‍ ഫയല്‍ ചെയ്യുകയാണെന്ന് നൗഷാദിനെ അറിയിച്ചിരുന്നു. അതല്ലാതെ അദ്ദേഹം ഇതില്‍ മറ്റൊന്നും ചെയ്തിട്ടില്ല. മറ്റൊരു രീതിയിലേക്ക് ഈ കേസിനെ കൊണ്ടുപോകുന്നത് തെറ്റാണ്. ഇത് ഞങ്ങളുടെ ഹരജിയാണ്. അതില്‍ നൗഷാദിന് റോളില്ല. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ ആരാണ് എന്നൊന്നും അറിയില്ല. നിര്‍ഭാഗ്യകരമെന്നല്ലാതെ മറ്റൊന്നും പറയാന്‍ ഇല്ല.””- സേതിയും കുമാരിയും പറയുന്നു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ നിരവധി വിവാദങ്ങളാണ് തലപൊക്കിയത്. ശബരിമല കേസിലെ പ്രധാന ഹരജിക്കാര്‍ ആരാണെന്നതായിരുന്നു പ്രധാനമായും ഉയര്‍ന്നു വന്ന ചോദ്യം.

ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് പ്രധാന ഹരജിക്കാര്‍ എന്നും ഒരു മുസ്‌ലീം ആണ് അതിന്റെ തലപ്പത്ത് എന്നും വാര്‍ത്തകള്‍ വന്നു. ഇതോടെ ശബരിമലയെ മനപൂര്‍വം വിവാദങ്ങളില്‍ പെടുത്താനായി കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ഒരു ഹരജിയായി വരെ ചിലര്‍ ഇതിനെ ചിത്രീകരിക്കുകയായിരുന്നു.

തുടര്‍ന്നാണ് ശബരിമല കേസിലെ ഹരജിക്കാര്‍ ആരെന്ന അന്വേഷണവുമായി ബാര്‍ ആന്‍ഡ് ബെഞ്ച് രംഗത്തെത്തിയത്. ആരാണ് ഈ ഹരജി സമര്‍പ്പിച്ചത്? ഇതിന് അവരെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു ? വിധിയെ കുറിച്ച് അവര്‍ക്ക് പറയാനുള്ളത് എന്ത് തുടങ്ങിയ ചോദ്യങ്ങളായിരുന്നു പ്രധാനമായും ബാര്‍ ആന്‍ഡ് ബെഞ്ച് ഉയര്‍ത്തിയത്.

സുപ്രീം കോടതി വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഭക്തി പസ്രിജ സേതി, (ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി), പ്രേര്‍ണ കുമാരി, അല്‍ക ശര്‍മ, സുധ പാല്‍ തുടങ്ങിയവരാണ് ശബരിമല കേസിലെ ഹരജിക്കാര്‍.

2006 ല്‍ നടി ജയമാല ശബരിമലയില്‍ കയറിയതിന് പിന്നാലെ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തിയതുമായി ബന്ധപ്പെട്ട് ബര്‍ക്ക ദത്ത് എഴുതിയ ഒരു ലേഖനവും ചില മാധ്യമ വാര്‍ത്തകളും ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും ഇതിന് പിന്നാലെയാണ് ശബരിമലയിലെ ആചാരത്ത കുറിച്ച് അറിയുന്നതെന്നും സേതി പറയുന്നു.

“”10 വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ പാടില്ലെന്നും അവര്‍ കയറിയാല്‍ ക്ഷേത്രം അശുദ്ധമാകുമെന്നും പറഞ്ഞായിരുന്നു ശുദ്ധികലശം നടത്തിയത്. ഇത്തരമൊരു കാര്യം കേട്ടതിന് പിന്നാലെയാണ് വിഷയത്തില്‍ ഒരു ഹരജി നല്‍കണമെന്ന തീരുമാനം വരുന്നത്. “”സ്ത്രീകളെ അപമാനിക്കുന്ന ഒരു കാര്യമായിട്ടാണ് എനിക്ക് അതിനെ തോന്നിയത്. ഒരു സ്ത്രീ ക്ഷേത്രത്തില്‍ കയറിയതിന്റെ പേരില്‍ ആ ക്ഷേത്രം അശുദ്ധമാകുന്നു എന്ന് കേട്ടപ്പോള്‍ വിഷമമാണ് തോന്നിയത്. അതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. ഇതില്‍ ഒരു മാറ്റം വരേണ്ടതുണ്ട് എന്ന് തോന്നി. തുടര്‍ന്ന് രവി പ്രകാശുമായി വിഷയം ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്റെ ശ്രദ്ധയില്‍ ഇത് പെടുത്തി. പിന്നീട് മറ്റ് ഹരജിക്കാരുമായി സംസാരിച്ചതിന് ശേഷമാണ് ഹരജി ഫയല്‍ ചെയ്യുന്നത്- സേതി പറയുന്നു.

തങ്ങള്‍ക്ക് ഒരു മതത്തിന്റേയും വികാരം വ്രണപ്പെടുത്തണമെന്ന് ആഗ്രഹമില്ലെന്നും ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്യാനോ തുടര്‍ന്നുപോരുന്ന ആചാരങ്ങള്‍ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെയോ അല്ല ഇത് ചെയ്തത്. മറിച്ച് ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ശരിയല്ല എന്ന തോന്നലിലാണ് ഇത് ചെയ്തത്. വിഷയം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതാണെന്നും അതില്‍ ചര്‍ച്ച നടക്കേണ്ടതാണെന്നും തോന്നി- കുമാരി പറയുന്നു.

ഇതിന് ശേഷമാണ് സുപ്രീം കോടതി എല്ലാ കക്ഷികളേയും വിളിച്ച് വരുത്തുന്നതും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറായതും. വിഷയത്തിന്റെ എല്ലാ വശങ്ങളും കൃത്യമായി പഠിച്ച ശേഷം തന്നെയാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. -സേതി പറയുന്നു

ഹരജി ഫയല്‍ ചെയ്തതിന് ശേഷം ഇതില്‍ നിന്നും പിന്‍മാറിയാലോ എന്ന ഒരു തോന്നല്‍ പോലും ഉണ്ടായിരുന്നെന്നും പ്രേര്‍ണ കുമാരി പറയുന്നു.

“”എനിക്ക് ഈ കേസിന് വേണ്ട എല്ലാ കാര്യങ്ങളും പൂര്‍ണമായും അറിയില്ലായിരുന്നു. പ്രത്യേകിച്ച് ഞാന്‍ കേരളത്തില്‍ നിന്നുള്ള ആളല്ല. കേരളത്തില്‍ നിന്നും ഒരു പരാതിക്കാര്‍ പോലും ഇല്ലെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞിരുന്നു. കേരളത്തില്‍ നിന്നുള്ള പരാതിക്കാര്‍ അല്ലാത്തതിനാല്‍ തന്നെ കൃത്യമായ ഒരു ചിത്രം നല്‍കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

അവര്‍ ആ പറഞ്ഞത് ശരിയാണെന്ന് പിന്നീട് എനിക്ക് തോന്നിയിരുന്നു. കാരണം ഞാന്‍ ഇത്തരമൊരു ഹരജി നല്‍കിയതിന് പിന്നാലെ എനിക്ക് ഒരു സ്ത്രീ ഭക്തയുടെ കത്ത് ലഭിച്ചു. കേരളത്തില്‍ സ്ത്രീകള്‍ക്ക് കയറാവുന്ന നിരവധി അയ്യപ്പ ക്ഷേത്രങ്ങള്‍ ഉണ്ട് എന്നും അവിടെ സ്ത്രീകള്‍ക്ക് പോയി ദര്‍ശനം നടത്താമെന്നുമായിരുന്നു കത്തില്‍ ഉള്ളത്. കേരളത്തിലെ മറ്റൊരു പുരോഹിതയുമായി സംസാരിച്ചതില്‍ നിന്നും കേരളത്തിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ താത്പര്യമില്ലെന്നും പിന്നെ എന്തിനാണ് നിങ്ങള്‍ ഇത്തരമൊരു ഹരജിയുമായി മുന്നോട്ട് പോകുന്നതെന്നും ചോദിച്ചു. അതിന് ശേഷം എന്റെ തീരുമാനം തെറ്റായിപ്പോയോ എന്ന് പോലും ഞാന്‍ ചിന്തിച്ചു. ഭക്തരുടെ വികാരത്തെ മുറിവേല്‍പ്പിക്കുന്നതാണോ ഈ നടപടിയെന്ന് ചിന്തിച്ചു. ഞാന്‍ ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നി-കുമാരി പറയുന്നു.

പെറ്റീഷന്‍ പിന്‍വലിക്കാമെന്ന് തീരുമാനമെടുത്തു. പക്ഷേ അപ്പോഴേക്കും സുപ്രീം കോടതി കേസ് എടുത്തുകഴിഞ്ഞിരുന്നു.

പൊതുതാല്‍പര്യ ഹരജികള്‍ കൂടി ഉള്ളതിനാല്‍ സ്വകാര്യ ഹരജികള്‍ പിന്‍വലിച്ചാലും കേസ് കോടതി കേള്‍ക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. എന്നാല്‍, തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കാനായിരുന്നു സേതിയുടെ തീരുമാനം. ഇത് ഒരു വിശ്വാസത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും സത്രീകളുടെ അന്തസ്സിന്റെ വിഷയം കൂടിയാണെന്നും അവര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more