പ്രതിപക്ഷത്തിന്റെ മുന്നിലെ മുട്ടുകുത്തലും; ലാറ്ററല്‍ എന്‍ട്രി നീക്കം ഉപേക്ഷിച്ച കേന്ദ്രവും
national news
പ്രതിപക്ഷത്തിന്റെ മുന്നിലെ മുട്ടുകുത്തലും; ലാറ്ററല്‍ എന്‍ട്രി നീക്കം ഉപേക്ഷിച്ച കേന്ദ്രവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th August 2024, 8:47 pm

ഒടുക്കം പ്രതിപക്ഷത്തിന്റെയും ഭരണകക്ഷികളുടെയും പ്രതിഷേധത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുകുത്തി. കേന്ദ്ര മന്ത്രാലയങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ റിക്രൂട്ട്മെന്റ് നടത്താനുള്ള നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഉപേക്ഷിച്ചു. ലാറ്ററല്‍ എന്‍ട്രി വഴി സ്വകാര്യ മേഖലയിലുള്ളവരെ മന്ത്രാലയങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യു.പി.എസ്.സിയ്ക്ക് കേന്ദ്രം നിര്‍ദേശം നല്‍കുകയായിരുന്നു.

24 കേന്ദ്ര മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറിമാര്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍ എന്നിങ്ങനെ 45 തസ്തികകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രം ശ്രമിച്ചത്. ഇതില്‍ 10 ജോയിന്റ് സെക്രട്ടറി തസ്തികളിലേക്കാണ് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചിരുന്നത്. ഇവയില്‍ ധനകാര്യം, ഇലക്ട്രോണിക് ആന്റ് ഐ.ടി മന്ത്രാലയങ്ങളിലെ രണ്ട് വീതം തസ്തികകളും പരിസ്ഥിതി, ഷിപ്പിങ്, ശാസ്ത്ര സാങ്കേതിക വിദ്യ, ആഭ്യന്തരം, ഊര്‍ജം എന്നീ മന്ത്രാലയങ്ങളിലെ ഓരോ തസ്തികകളുമാണ് ഉള്‍പ്പെട്ടിരുന്നത്.

ശനിയാഴ്ച (17/08/2024)യാണ് ലാറ്ററല്‍ എന്‍ട്രി വഴി നിയമനം നടത്താന്‍ അപേക്ഷ ക്ഷണിച്ചുകൊണ്ട് യു.പി.എസ്.സി പ്രഖ്യാപനമായിറക്കിയത്. ഈ നിയമനങ്ങള്‍ക്ക് എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം ബാധകമായിരുന്നില്ല. അതിനാല്‍ തന്നെ ഈ ഒഴിവുകളിലേക്ക് സംഘപരിവാര്‍ ബന്ധമുള്ളവരെ എളുപ്പത്തില്‍ ബി.ജെ.പി സര്‍ക്കാരിന് റിക്രൂട്ട് ചെയ്യാവുന്നതാണ്. അതേസമയം സംവരണാനുകൂല്യമുള്ള സാധാരണക്കാര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം ഇത്തരം നിയമനങ്ങള്‍ വഴി നഷ്ടപ്പെടുകയും ചെയ്യും.

യു.പി.എസ്.സി പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി, കോര്‍പ്പറേറ്റ് പ്രതിനിധികള്‍ ഉന്നത സ്ഥാനം കൈയടക്കി വെക്കുന്നതിന്റെ ഉത്തമ ഉദാഹരണമായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യെ ചൂണ്ടിക്കാട്ടാം. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന മാധബി പുരി ബുച്ചാണ് നിലവില്‍ സെബിയുടെ ചെയര്‍പേഴ്സണ്‍. ഇന്ത്യയെ ഞെട്ടിക്കും വിധത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടായിരുന്നു, മാധബി പുരി ബുച്ചിനും പങ്കാളിയ്ക്കും അദാനിയുടെ വിദേശത്തുള്ള രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ട് എന്നത്.

2018ല്‍ കേന്ദ്ര സ്ഥാപനങ്ങളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നു. കണക്കുകള്‍ അനുസരിച്ച് ലാറ്ററല്‍ എന്‍ട്രി വഴി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നടത്തിയിരിക്കുന്നത് 63 നിയമനങ്ങളാണ്. ഇതില്‍ 35 പേരും സ്വകാര്യ മേഖലയില്‍ നിന്നുള്ളവരായിരുന്നു. 63ല്‍ 57 പേരും നിലവില്‍ കേന്ദ്ര മന്ത്രാലയങ്ങളിലെ ജീവനക്കാരുമാണ്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷം യു.പി.എസ്.സി പ്രഖ്യാപനത്തെയും ശക്തമായി പ്രതിരോധിച്ചു. പ്രധാനമന്ത്രിക്കെതിരെയും യു.പി.എസ്.സിക്കെതിരെയും പ്രതിപക്ഷ നേതാക്കള്‍ ആഞ്ഞടിച്ചു. കേന്ദ്ര സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനം നടത്താനുള്ള മോദിയുടെയും ബി.ജെ.പിയുടെയും മറ്റൊരു ശ്രമം മാത്രമായിരുന്നുവെന്നാണ് നടപടിക്കെതിരെ ഉയര്‍ത്തിയ പ്രധാന വിമര്‍ശനം. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാത്ത പക്ഷം, ആര്‍.എസ്.എസ് നേതാക്കള്‍ക്ക് കേന്ദ്ര തസ്തികകളിലേക്ക് വഴിവെട്ടി നല്‍കാന്‍ ബി.ജെ.പി സര്‍ക്കാരിന് കഴിയുമെന്നും പ്രതിപക്ഷം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നടപടി സംവരണത്തിനെതിരായ ഇരട്ട ആക്രമണമാണെന്നായിരുന്നു ഈ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. കേന്ദ്രത്തിന്റെ തീരുമാനമനുസരിച്ച് എസ്.സി, എസ്.ടി, ഒ.ബി.സി, ഇ.ഡബ്ലിയു.എസ് എന്നീ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് സംവരണം ഉണ്ടോയെന്നും ഖാര്‍ഗെ ചോദിച്ചിരുന്നു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ സംവരണത്തില്‍ നിന്ന് ഒഴിവാക്കാന്‍ മോദി സര്‍ക്കാര്‍ ബോധപൂര്‍വം ചെയ്യുന്നതാണ് ഇതെല്ലാമെന്നും ഖാര്‍ഗെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇതിനുപുറമെ ഉത്തര്‍പ്രദേശിലെ 69,000 അസിസ്റ്റന്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് നടത്തിയ റിക്രൂട്ട്‌മെന്റ് അഴിമതിയാണെന്ന് ലക്നൗ ഹൈക്കോടതി വിധിയിലൂടെ വെളിപ്പെട്ടെന്നും ഖാര്‍ഗെ എക്സില്‍ കുറിച്ചിരുന്നു.

ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം ദേശവിരുദ്ധ നടപടിയാണെന്നായിരുന്നു രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വിമര്‍ശനം. ഇന്ത്യന്‍ ഭരണഘടനയെയും സാമൂഹിക നീതിയെയും വ്രണപ്പെടുത്തുന്ന ഈ ദേശവിരുദ്ധ നീക്കത്തെ ഇന്ത്യാ മുന്നണി ശക്തമായി എതിര്‍ക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള അട്ടിമറികള്‍ ഉണ്ടാകാതിരിക്കാനാണ് കോണ്‍ഗ്രസ് ജാതി സെന്‍സസ് ആവശ്യപ്പെടുന്നതെന്നും ഐ.എ.എസിന്റെ സ്വകാര്യവത്ക്കരണം സംവരണം ഇല്ലാതാക്കാനുള്ള മോദിയുടെ ഗ്യാരണ്ടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ബി.ആര്‍. അബേദ്കര്‍ എഴുതിയ ഭരണഘടനയെയും സംവരണത്തെയും അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നായിരുന്നു ആര്‍.ജെ.ഡി നേതാവും മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ പ്രതികരണം. യു.പി.എസ്.സി പരീക്ഷയിലൂടെ, ഒഴിവുള്ള തസ്തികകളിലേക്ക് 45 ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കുകയാണെങ്കില്‍, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് സംവരണം നല്‍കാന്‍ കേന്ദ്രം നിര്‍ബന്ധിതരാകും. ഇതിനെ തടയാനാണ് കേന്ദ്ര സര്‍ക്കാരും മോദിയും ശ്രമിക്കുന്നതെന്നാണ് തേജസ്വി പറഞ്ഞത്.

ഭരണഘടനയെ അട്ടിമറിച്ച് കൊണ്ട് ഉദ്യോഗസ്ഥവൃന്ദത്തിലേക്ക് ആര്‍.എസ്.എസ് നേതാക്കള്‍ക്ക് നുഴഞ്ഞുകയറാനുള്ള അവസരം ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നാണ് സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി പ്രതികരിച്ചത്.

അതേസമയം ബി.ജെ.പിയുടെ സഖ്യകക്ഷികളും നേതാക്കളും യു.പി.എസ്.സി പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തി. ഇത് ബി.ജെ.പി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയും തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് മനസിലാക്കേണ്ടത്. ലോക ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) നേതാവും എന്‍.ഡി.എ എം.പിയുമായ ചിരാഗ് പാസ്വാനാണ് കേന്ദ്രത്തിനെതിരെ ആദ്യം രംഗത്തെത്തിയത്.

‘ലാറ്ററല്‍ എന്‍ട്രി വഴിയുള്ള നിയമനങ്ങളില്‍ എന്റെ പാര്‍ട്ടിയുടെ നിലപാട് തികച്ചും വ്യക്തമാണ്. സര്‍ക്കാര്‍ നിയമനങ്ങള്‍ നടക്കുന്നിടത്തെല്ലാം സംവരണ വ്യവസ്ഥകള്‍ പാലിക്കണം. ഇതില്‍ തെറ്റും ബദലുമൊന്നുമില്ല. ഇത്തരത്തിലൊരു പ്രഖ്യാപനം വെളിച്ചത്ത് വന്നതില്‍ ഞാന്‍ ആശങ്കപ്പെടുന്നു. കാരണം ഞാനും ഈ സര്‍ക്കാരിന്റെ ഒരു ഭാഗമാണ്. തെറ്റായ ഈ പ്രഖ്യാപനവും അതുകൊണ്ട് ഉണ്ടാകാനിടയുള്ള പ്രതിസന്ധികളും സര്‍ക്കാരിനെ അറിയിക്കും,’ എന്നാണ് ചിരാഗ് പാസ്വാന്‍ പറഞ്ഞത്.

ചൊവ്വാഴ്ച യു.പി.എസ്.സിയുടെ നീക്കം സംവരണ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങും പ്രതികരിച്ചു. യു.പി.എസ്.സി സംവരണ തത്വം പാലിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയ വിവരം ജിതേന്ദ്ര സിങ് ആവര്‍ത്തിക്കുകയുമുണ്ടായി.

എന്നാല്‍ ബി.ജെ.പിയുടെ മറ്റൊരു സഖ്യകക്ഷിയായ ടി.ഡി.പി കേന്ദ്രത്തിന്റെ നീക്കത്തെ പിന്തുണക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ വകുപ്പുകളില്‍ വൈദഗ്ധ്യം ആവശ്യമാണെന്നും ലാറ്ററല്‍ എന്‍ട്രി കൊണ്ടുവരുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ആന്ധ്രാപ്രദേശ് മന്ത്രിയും ടി.ഡി.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായ നാര ലോകേഷ് പറഞ്ഞിരുന്നു. സ്വകാര്യമേഖലയില്‍ നിന്നുള്ള വൈദഗ്ധ്യത്തെ സര്‍ക്കാര്‍ തലത്തിലേക്ക് എത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും നാര ലോകേഷ് പ്രതികരിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരടക്കം നിരവധി എന്‍.ഡി.എ നേതാക്കള്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlight: Abandoning the lateral entry move, the Center knelt before the opposition