| Tuesday, 9th April 2019, 11:04 am

അഭയക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈകോടതി. അഭയക്കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് എം.കോട്ടൂരും സിസ്റ്റര്‍ സെഫിയയും വിചാരണനേരിടണമെന്ന് ഹൈകോടതി.ഫാ.ജോസ് പുതൃക്കലിനെ വെറുതെ വിട്ട വിചാരണകോടതി നടപടി ഹൈക്കോടതി ശരിവച്ചു.ഇതോടൊപ്പം ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി മൈക്കിളിലെ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കി.

കേസിലെ ഒന്നും രണ്ടും പ്രതികള്‍ കേസില്‍ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കോടതി ഇത് തള്ളി. കേസിലെ രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കലിനെ സി.ബി.ഐ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഇൗ നടപടി ശരിയാണെന്നും കോടതി പറഞ്ഞു.

സിസ്റ്റര്‍ അഭയയുടെ മരണത്തില്‍ ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കിയായിരുന്നു സി.ബി.ഐ യുടെ കുറ്റപത്രം. 2009 ജൂലൈ ഒന്‍പതിനാണു കുറ്റപത്രം നല്‍കിയത്.

1992 മാര്‍ച്ച് 27 നാണ് അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. തോമസ് കോട്ടൂരിനും സെഫിക്കുമെതിരെ സി.ബി.ഐ മുന്നോട്ടുവച്ച സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും അംഗീകരിച്ചാണു കോടതി മുന്‍പി ഇവരുടെ വിടുതല്‍ ഹര്‍ജി തള്ളിയത്.

എന്നാല്‍ ജോസ് പുതൃക്കയിലിനെ സംഭവദിവസം കോണ്‍വന്റില്‍ കണ്ടതിനു നേരിട്ടുള്ള സാക്ഷിമൊഴികളോ സാഹചര്യത്തെളിവുകളോ ഇല്ലെന്നു വിലയിരുത്തിയ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.

കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നാണു പറഞ്ഞത്. പിന്നീട് സി.ബി.ഐയാണു കൊലപാതകമെന്നു കണ്ടെത്തിയത്.

We use cookies to give you the best possible experience. Learn more