ഇന്ത്യ-സൗത്ത് ആഫ്രിക്ക രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വിജയിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. ഈ പരമ്പരയില്‍ മൂന്നാം ടെസ്റ്റ് മത്സരം നടന്നിരുന്നുവെങ്കില്‍ വിജയിയെ കണ്ടെത്താന്‍ സാധിക്കുമായിരുന്നു.
സാഹചര്യത്തില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ എ.ബി ഡിവില്ലിയേഴ്‌സ്.
‘ഇന്ത്യ- സൗത്ത് ആഫ്രിക്ക പരമ്പരയില്‍ മൂന്നാം ടെസ്റ്റ് മത്സരം നടക്കാത്തതില്‍ ഞങ്ങള്‍ വളരെയധികം നിരാശരാണ്. ലോകത്ത് നടക്കുന്ന ടി-20 മത്സരങ്ങള്‍, ഐ.സി.സി ഷെഡൂളുകള്‍ ഇവയെല്ലാം ഈ സാഹചര്യത്തില്‍ നമ്മള്‍ വിമര്‍ശിക്കേണ്ടതുണ്ട്. ആരെയാണ് കുറ്റപ്പെടുത്തേണ്ടത് എന്ന് എനിക്കറിയില്ല ഇനിയങ്ങോട്ട് കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കാണണമെങ്കില്‍ കാര്യങ്ങളെല്ലാം വലിയ രീതിയില്‍ മാറേണ്ടതുണ്ട്.
ഇന്ത്യയും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും എല്ലാം തമ്മില്‍ ക്രിക്കറ്റ് കളിക്കുന്നത് നിര്‍ത്തേണ്ടിവരും. ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീം ഏതാണെന്ന് കണ്ടെത്തണമെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്,’ ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
കേപ്ടൗണില്‍ നടന്ന മത്സരത്തിലെ പിച്ചിനെ കുറിച്ചും മുന്‍ സൗത്ത് ആഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ പറഞ്ഞു.
‘കേപ്ടൗണിലേത് എന്റെ അഭിപ്രായത്തില്‍ നല്ല സ്റ്റോക്ക് സ്റ്റാന്‍ഡേര്‍ഡ് പിച്ചായിരുന്നു. ഒന്നാം ദിവസം താരങ്ങള്‍ കൂടുതല്‍ അവിടെ ഡിഫന്‍സ് ചെയ്തു കളിക്കുന്നത് ഞാന്‍ കണ്ടു. എന്നാല്‍ അവിടെ നന്നായി ഷോട്ടുകൾ കളിക്കാന്‍ കഴിയുന്ന താരങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ നന്നായി ബാറ്റ് ചെയ്യുമായിരുന്നു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സ് കേപ്ടൗണില്‍ ഡബിള്‍ സെഞ്ച്വറി നേടിയത് ഞാനിപ്പോള്‍ ഓര്‍ക്കുന്നു. അവിടെ ഞാനും നിരവധി സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്,’ എ.ബി ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.
കേപ്ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ വെറും രണ്ടുദിവസം കൊണ്ടാണ് ടെസ്റ്റ് അവസാനിച്ചത്. ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ അവസാനിച്ച മത്സരം കൂടിയായിരുന്നു ഇത്. കേപ്ടൗണില്‍ 107 ഓവര്‍ മാത്രമാണ് ബൗള്‍ ചെയ്തത്. അതേസമയം രോഹിത് ശര്‍മയുടെ കീഴില്‍ കേപ് ടൗണില്‍ ഇന്ത്യ നേടുന്ന ആദ്യ ടെസ്റ്റ് വിജയം കൂടിയായിരുന്നു ഇത്.
Content Highlight: AB devilliers talks about future of test cricket.