ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ മികച്ച പ്രകടനങ്ങളെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ മുൻ സൂപ്പർ താരം എ.ബി. ഡിവില്ലിയേഴ്സ്. കളിക്കളത്തിലെ രോഹിത്തിന്റെ പോരാട്ടവീര്യം അവിശ്വസനീയമായ ഒന്നാണെന്നും അത് അവന്റെ കരിയറിൽ വേറിട്ടുനിൽക്കുന്നതാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
സൗത്ത് ആഫ്രിക്കയിലെ ഡർബനിൽ വെച്ച് നടന്ന ഇന്ത്യയുടെ ടെസ്റ്റ് മത്സരത്തെക്കുറിച്ചുള്ള അനുഭവം എ.ബി ഡിവില്ലിയേഴ്‌സ് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചു.
‘ഡർബനിൽ ഡെയ്ൽ സ്റ്റെയ്‌നിനെയും മോണേ മോർക്കലിനെയും ഒരു പേടിയുമില്ലാതെ രോഹിത് നേരിട്ടിരുന്നു. അവന് ബൗളറുമായി ഐ കോൺടാക്ട് ഉണ്ടാവും. രോഹിത് കളിക്കുന്നത് ആദ്യമായി കണ്ടപ്പോൾ തനിക്ക് അവനിൽ ഒരു പ്രേത്യകത ഉള്ളതായി തോന്നി. കളിക്കളത്തിലെ അദ്ദേഹത്തിന്റെ പോരാട്ടവീര്യം അവിശ്വസനീയമായിരുന്നു,’ ഡിവില്ലിയേഴ്സ് പറഞ്ഞു.
ഏകദിനത്തിൽ 10,000 റൺസ് തികയ്ക്കുന്ന ഏറ്റവും വേഗതയേറിയ രണ്ടാമത്തെ താരമെന്ന നേട്ടം ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കക്കെതിരെ രോഹിത് സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിലേക്കുള്ള രോഹിത്തിന്റെ യാത്രയെയും ഡിവില്ലിയേഴ്സ് അഭിനന്ദിച്ചു.
കൂടാതെ രോഹിതും യുവതാരം ഗില്ലും ഉള്ള കൂട്ടുകെട്ട് വളരെ മികച്ചുനിൽക്കുന്നതാണെന്ന് എ.ബി.ഡി കൂട്ടിച്ചേർത്തു. 13 ഇന്നിങ്‌സുകളിൽ നിന്നും ഏറ്റവും വേഗത്തിൽ 1,000 റൺസ് പാട്ണർഷിപ്പ് റെക്കോർഡ് കൂട്ടുകെട്ട് നേടാനും ഇരുവർക്കും സാധിച്ചു.
സൂപ്പർ ഫോറിൽ പാകിസ്ഥാനെയും ശ്രീലങ്കയെയും വീഴ്ത്തി രോഹിതും സംഘവും നേരത്തെ ഏഷ്യാ കപ്പിന്റെ ഫൈനൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ശ്രീലങ്കയാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
സെപ്‌റ്റംബർ 17 ന് രോഹിത്തിന്റെ കീഴിൽ ഇന്ത്യ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlight: AB Devilliers appreciate Rohit sharma batting performance