അയാളുടെ അസാധ്യ ക്രിക്കറ്റ് ബ്രെയ്‌നാണ്; ഇംഗ്ലീഷ് താരത്തെ പുകഴ്ത്തി എ.ബി. ഡിവില്ലേഴ്‌സ്
Sports News
അയാളുടെ അസാധ്യ ക്രിക്കറ്റ് ബ്രെയ്‌നാണ്; ഇംഗ്ലീഷ് താരത്തെ പുകഴ്ത്തി എ.ബി. ഡിവില്ലേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th July 2023, 9:26 pm

ആഷസ് അതിന്റെ പരമമായ ആവേശത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബാസ് ബോളുമായി ഇംഗ്ലണ്ടും അതിനെതിരയെുള്ള കൗണ്ടര്‍ പ്ലാനുമായി ഓസീസും ഏറ്റുമുട്ടുമ്പോള്‍ കിട്ടുന്നത് ക്രിക്കറ്റിന്റെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നാണ്.

മൂന്ന് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ 2-1 ഒന്ന് എന്ന നിലയില്‍ ഓസ്‌ട്രേലിയ മുന്നില്‍ നില്‍ക്കുകയാണെങ്കിലും ഇംഗ്ലണ്ടിന്റെ ഫൈറ്റിങ് സ്പിരിറ്റ് എടുത്ത് പറയേണ്ടത് തന്നെയാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഓസീസ് ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് കളിപിടിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളും നൈല്‍ ബൈറ്റിങ് മാച്ച്‌സ് ആയിരുന്നു എന്നത് ആവേശം കൂട്ടുന്നു.

ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ പ്രകടനമാണ് ഈ ആഷസിന്റെ പ്രധാന ആകര്‍ഷണങ്ങില്‍ ഒന്ന്. പൊരുതി തോറ്റുപോയ നായകന്‍മാരോട് ആരാധകര്‍ക്ക് എന്നും ഇഷ്ടമായിരിക്കും. ആ തോല്‍വിയില്‍ നിന്നും തിരിച്ചുവരുന്നവരോട് ആരാധന കൂടുകയേയുള്ളു. സ്‌റ്റോക്‌സ് അത്തരത്തിലുള്ളൊരു താരമാണ്. രണ്ടാം ടെസ്റ്റില്‍ ടീമിനായി ഒറ്റക്ക് പൊരുതിവീണ സ്റ്റോക്‌സിനെ നാം എല്ലാവരും കണ്ടതാണ്. അതിന്റെ ഫലമായി മൂന്നാം മത്സരത്തില്‍ ടീം ഒന്നടങ്കം ഉണര്‍ന്ന് കളിക്കുകയും മത്സരം വിജയിക്കുകയും ചെയ്തു.

ഇപ്പോഴിതാ സ്‌റ്റോക്‌സിനെയും അദ്ദേഹത്തിന്റെ ക്രിക്കറ്റ് ബ്രെയ്‌നിനെയും വാനോളം പുകഴ്ത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരമായ എ.ബി.ഡിവില്ലേഴ്‌സ്. ബെന്‍ സ്റ്റോക്‌സ് ഒരു അവിശ്വസനീയ ക്രിക്കറ്റ് കളിക്കാരനാണെന്നും അദ്ദേഹത്തിന്റെ ക്രിക്കറ്റ് ബ്രെയ്ന്‍ മൂര്‍ച്ചയേറിയതാണെന്നും എ.ബി.ഡി പറഞ്ഞു.

‘അവന്‍ (ബെന്‍ സ്റ്റോക്‌സ്) ഒരു അവിശ്വസനീയ ക്രിക്കറ്റ് കളിക്കാരനാണ്. അദ്ദേഹത്തിന് ശരിക്കും മൂര്‍ച്ചയുള്ള ക്രിക്കറ്റ് ബ്രെയ്‌നുണ്ട്. അവസാന ടെസ്റ്റ് മത്സരത്തില്‍ ഞങ്ങള്‍ അവനെ കണ്ടിരുന്നു അവന്‍ എത്ര ശാന്തനാണ്, യഥാര്‍ത്ഥത്തില്‍ എല്ലാ ടെസ്റ്റ് മത്സരങ്ങളിലും അദ്ദേഹം അങ്ങനെതന്നെയാണ്,’ എ.ബി.ഡി പറഞ്ഞു.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ടെണ്ണം തോറ്റാല്‍ ടീമും ക്യാപ്റ്റനും തീര്‍ച്ചയായും പ്രഷറില്‍ ആകുമന്നെും എന്നാല്‍ സ്റ്റോക്‌സ് അതിനെ വളരെ ശാന്തതയോടെയാണ് സമീപിച്ചതെന്നും എ.ബി.ഡി. പറഞ്ഞു.

‘അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നിങ്ങള്‍ തോറ്റാല്‍ അത് വളരെ പ്രഷറുണ്ടാക്കുന്നതാണ്, എന്നാല്‍ അദ്ദേഹം വളരെ കൂളായിരുന്നു. മാത്രമല്ല ആ രണ്ടാം മത്സരത്തില്‍ ചെറിയ മാര്‍ജിനില്‍ തോറ്റതിന് ശേഷവും അദ്ദേഹം ശാന്തനായിരുന്നു. മൂന്നാം ടെസ്റ്റ് മത്സരത്തില്‍ എത്തിയപ്പോഴും, അവന്‍ സ്വതന്ത്രനായി തന്നെയാണ് കളിച്ചത്. അദ്ദേഹം വളരെ ഷാര്‍പ്പായിരുന്നു,’ എ.ബി.ഡി. കൂട്ടിച്ചേര്‍ത്തു.

അതേസമയം ആഷസിലെ നാലാം ടെസ്റ്റ് ജുലൈ 19നാണ് ആരംഭിക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ചാണ് നാലാം മത്സരം നടക്കുന്നത്. അടുത്ത മത്സരവും വിജയിച്ചുകൊണ്ട് പരമ്പര 2-2 എന്ന നിലയില്‍ എത്തിക്കാനായിരിക്കും ഇംഗ്ലണ്ട് ശ്രമിക്കുന്നതെങ്കില്‍ ഒരു മത്സരം കൂടെ വിജയിച്ചുകൊണ്ട് പരമ്പര നേടാനായിരിക്കും ഓസീസ് ശ്രമിക്കുക.

Content Highlight: AB Devillers  praises ben Stokes for his effort in Ashes cricket