| Tuesday, 4th October 2022, 3:24 pm

യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ എ.ബി.ഡി; ആദ്യ അതിഥി ഇന്ത്യന്‍ സൂപ്പര്‍ താരം; പരിപാടി കിടുക്കുമെന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ ക്രീസിനും പുറത്തുമുള്ള ഏറ്റവും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നാണ് എ.ബി.ഡിയും കോഹ്‌ലിയും. ക്രിക്കറ്റ് ലോകത്തെ തന്നെ അടുത്ത കൂട്ടുകാരായാണ് ഇരുവരും അറിയപ്പെടുന്നത്. എ.ബി.ഡിയുടെ 11 വര്‍ഷം നീണ്ട ഐ.പി.എല്‍ കരിയറായിരുന്നു ഇരുവരെയും സുഹൃത്തുക്കളാക്കിയത്.

കോഹ്‌ലി ഫോം ഔട്ടായി തുടര്‍ന്ന നാളുകളില്‍ പ്രിയ സുഹൃത്തിനെ താന്‍ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നും കോഹ്ലിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും എ.ബി.ഡി പറഞ്ഞിരുന്നു.

പിന്നീട് ഏഷ്യ കപ്പില്‍ കോഹ്‌ലി നടത്തിയ ഗംഭീര തിരിച്ചുവരവിനെ ഏറ്റവും ഹൃദ്യമായ വാക്കുകളിലൂടെ രേഖപ്പെടുത്തിയതും എ.ബി.ഡിയായിരുന്നു. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം കോഹ്‌ലി സെഞ്ച്വറി നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം അത് സമൂഹമാധ്യമങ്ങളില്‍ ആഘോഷമാക്കിയിരുന്നു.

ഇന്നലെ അവനോട്(കോഹ്‌ലിയോട്) സംസാരിച്ചപ്പോള്‍ എന്തൊക്കെയോ ഇന്ന് പുറത്തെടുക്കുമെന്ന് എനിക്ക് മനസിലായിരുന്നു. നീ നന്നായികളിച്ചു സുഹൃത്തേ, എന്നാണ് ഒരു ട്വീറ്റില്‍ എ.ബി.ഡി കുറിച്ചത്.

മറ്റൊരു ട്വീറ്റില്‍ ‘വിരാട് കോഹ്‌ലി വീണ്ടും നൃത്തം ചെയ്യുന്നു, എത്ര മനോഹരമായ കാഴ്ച’ എന്നും ഡിവില്ലിയേഴ്സ് എഴുതിയിരുന്നു. ഈ വാക്കുള്‍ ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വെളിവാക്കുന്നുവെന്നായിരുന്നു അന്ന് ട്വീറ്റിന് വന്ന മറുപടികള്‍.

കഴിഞ്ഞ വര്‍ഷം തികച്ചും അപ്രതീക്ഷിതമായി എ.ബി.ഡി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും പൊടുന്നനെ വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും കാത്തിരുന്നതും കോഹ്‌ലിയുടെ വാക്കുകള്‍ക്ക് വേണ്ടിയായിരുന്നു.

എ.ബി.ഡി വിരമിക്കുകയാണെന്ന കാര്യം ഒരു വോയ്‌സ് നോട്ടിലൂടെ അറിയിച്ചപ്പോള്‍ താന്‍ വല്ലാതെ ഇമോഷണലായി പോയെന്നും, തന്റെ നല്ല സമയത്തും മോശം സമയത്തുമെല്ലാം ഒപ്പമുണ്ടായിരുന്ന വ്യക്തിയാണെന്നും, തുടങ്ങി നിരവധി ഓര്‍മ്മകള്‍ കോഹ്‌ലി പങ്കുവെച്ചിരുന്നു.

എ.ബി.ഡിയുടെ ബാറ്റിങ് വെടിക്കെട്ട് നഷ്ടമായതിന്റെ വിഷമം മാത്രമായിരുന്നില്ല അന്ന് ആര്‍.സി.ബി ആരാധകരെ വലച്ചത്. കോഹ്‌ലി-എ.ബി.ഡി സഖ്യത്തെ കളിക്കളത്തില്‍ കാണാനാകില്ലല്ലോയെന്ന വേദനയും അന്ന് നിരവധി പേര്‍ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഫാന്‍സുമായി സംസാരിക്കുന്നതിനിടെ കോഹ്‌ലിയെ കുറിച്ച് ഡിവില്ലിയേഴ്‌സ് സംസാരിച്ചിരുന്നു. താന്‍ പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അതിലെ ടോക്ക് ഷോയിലെ ആദ്യ അതിഥികളിലൊരാള്‍ കോഹ്‌ലിയായിരിക്കുമെന്നുമാണ് ഡിവില്ലേഴ്‌സ് പറഞ്ഞത്.

ഡിവില്ലേഴ്‌സ് കോഹ്‌ലിയെ ഇന്റര്‍വ്യു ചെയ്യുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍. പാര്‍ട്‌ണേഴ്‌സ് ഇന്‍ ക്രൈംസായ ഇവര്‍ക്ക് രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കാനുണ്ടാകുമെന്നും കമന്റുകളില്‍ പറയുന്നുണ്ട്.

ഇതോടൊപ്പം ആര്‍.സി.ബി ഫാന്‍സിനെ കാണാന്‍ ബെംഗളൂരുവിലേക്ക് വരുന്നതിനെ കുറിച്ചും ഡിവില്ലേഴ്‌സ് സംസാരിച്ചിരുന്നു. കണ്ണിലെ സര്‍ജറി കഴിഞ്ഞിരിക്കുന്നതിനാല്‍ ഇനിയൊരിക്കലും ക്രിക്കറ്റ് കളിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ഞാന്‍ അടുത്ത വര്‍ഷം ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് വരും. പക്ഷെ ക്രിക്കറ്റ് കളിക്കാനായിരിക്കുകയില്ല. എന്റെ വലത് കണ്ണില്‍ സര്‍ജറി കഴിഞ്ഞതിനാല്‍ ഇനിയൊരിക്കലും എനിക്ക് ക്രിക്കറ്റ് കളിക്കാനാകില്ല.

ഇത്രയും നാളായിട്ടും ഐ.പി.എല്‍ കിരീടം നേടിത്തരാന്‍ കഴിയാത്തതില്‍ നിങ്ങള്‍ എന്നോട് പൊറുക്കണം. കഴിഞ്ഞ ഒരു ദശാബ്ദ കാലം നിങ്ങള്‍ എനിക്ക് നല്‍കിയ പിന്തുണക്ക് ഒരുപാട് നന്ദിയുണ്ട്,’ എ.ബി.ഡിവില്ലിയേഴ്സ് പറഞ്ഞു.

Content Highlight: AB de Villiers will start a YouTube channel and this Indian Batter will be the first guest

Latest Stories

We use cookies to give you the best possible experience. Learn more