സഞ്ജു സാംസണ്‍ ടെസ്റ്റ് അടക്കമുള്ള എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നത് കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഇതിഹാസ താരം എ.ബി. ഡി വില്ലിയേഴ്‌സ്. സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് മിസ്റ്റര്‍ 360 സഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
തുടര്‍ച്ചയായ രണ്ടാം ടി-20 മത്സരത്തിലാണ് സഞ്ജു സെഞ്ച്വറി നേടിയത്. നേരത്തെ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയാണ് സഞ്ജു തന്റെ കരിയറിലെ സെക്കന്‍ഡ് ഇന്നിങ്സിന് തുടക്കമിട്ടത്. മോശം ഫോമിന്റെ പേരിലും സ്ഥിരതയില്ലാത്ത പ്രകടനത്തിന്റെ പേരിലും ക്രൂശിച്ചവര്‍ പോലും ഇപ്പോള്‍ സഞ്ജുവിനായി കയ്യടിക്കുകയാണ്.
താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കവെയാണ് സഞ്ജു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും കളിക്കണമെന്ന് ഡി വില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടത്.
‘സഞ്ജു തന്റെ ഗെയ്മിന്റെ ഗിയര്‍ മാറ്റിയിരിക്കുകയാണ്. സെലക്ടര്‍മാര്‍ ഇതെല്ലാം കാണുന്നുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അവന്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
അവന്‍ വളരെ വളരെ സ്പെഷ്യലായ, എല്ലാ ഫോര്‍മാറ്റിലും അനായാസം കളിക്കാന്‍ സാധിക്കുന്ന, ലോകത്തെ ഏത് പിച്ചിലും ഏത് സാഹചര്യത്തിലും തിളങ്ങാന്‍ സാധിക്കുന്ന താരമാണെന്നാണ് എനിക്ക് തോന്നുന്നത്. സഞ്ജുവിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. അത് കോച്ചിങ് സ്റ്റാഫുകളുടെ സേവനമാണോ, അക്കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.
വി.വി.എസ് ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍, റയാന്‍ ടെന്‍ ഡോഷേറ്റ്, മോണി മോര്‍ക്കല്‍ ഇവരോട് ഞാന്‍ ഒരിക്കലും അനാദരവ് കാണിക്കുകയല്ല. കോച്ചിങ് സ്റ്റാഫുകളില്‍ ആര് തന്നെയെത്തിയാലും സഞ്ജു കൂടുതല്‍ പക്വതയുള്ളവനായി എന്നാണ് എനിക്ക് വ്യക്തമാകുന്നത്. അവന്‍ ചില കാര്യങ്ങള്‍ മനസിലാക്കി,’ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ഡി വില്ലിയേഴ്സ് പറഞ്ഞു.
വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇതിനോടകം തന്റെ പ്രതിഭ വ്യക്തമാക്കിയ സഞ്ജു ഇന്ത്യക്കായി ടെസ്റ്റ് കളിക്കണമെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് നേരത്തെ പറഞ്ഞിരുന്നു.
ഗംഭീര്‍ യുഗത്തില്‍ സഞ്ജുവിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള സാധ്യതകളും ഉണ്ട്. ആഭ്യന്തര തലത്തില്‍ അവസാനം കളിച്ച മത്സരങ്ങളിലെല്ലാം തന്നെ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ഇന്ത്യക്കായി റെഡ് ബോളില്‍ അരങ്ങേറണമെന്ന ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് ബംഗ്ലാദേശിനെതിരായ പരമ്പരക്ക് തൊട്ടുപിന്നാലെ താരം കേരള രഞ്ജി ടീമില്‍ ജോയിന്‍ ചെയ്തത്. എന്നാല്‍ ഒരു മത്സരം പോലും കളിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
അതേസമയം, സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് സഞ്ജു. ഞായറാഴ്ച നടക്കുന്ന മത്സരത്തിന് സെന്റ് ജോര്‍ജ്‌സ് ഓവലാണ് വേദിയാകുന്നത്.
Content highlight: AB de Villiers wants Sanju Samson to play in all formats