വുമണ്‍സ് പ്രീമിയര്‍ ലീഗ് ഫൈനലില്‍ സ്മൃതി മന്ഥാനയോടും സംഘത്തിനോടും കപ്പുയര്‍ത്താന്‍ ആവശ്യപ്പെട്ട് റോയല്‍ ചലഞ്ചേഴ്‌സ് ഹാള്‍ ഓഫ് ഫെയ്മര്‍ എ. ബി. ഡിവില്ലിയേഴ്‌സ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇരു ടീമിനും ആശംസകള്‍ നേരുന്നതിനൊപ്പം റോയല്‍ ചലഞ്ചേഴ്‌സിനോട് കിരീടം നേടാന്‍ ഡി വില്ലിയേഴ്‌സ് ആവശ്യപ്പെട്ടത്.
‘ഇന്ന് വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ മത്സരമാണ്. ടൂര്‍ണമെന്റിലെ രണ്ട് പവര്‍ഹൗസ് ടീമുകളായ ദല്‍ഹി ക്യാപ്പിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ഒരു തകര്‍പ്പന്‍ മത്സരമാകും നടക്കാന്‍ പോകുന്നത്.
അവര്‍ തമ്മില്‍ ഒരു വാശിയേറിയ പോരാട്ടം നടക്കും. അതിനായി എനിക്ക് ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ല. ഫൈനലിലെത്തിയതില്‍ രണ്ട് ടീമുകള്‍ക്കും ആശംസകള്‍. ടൂര്‍ണമെന്റിലുടനീളം നടത്തിയ മികച്ച പ്രകടനത്തിന് അര്‍ഹിച്ച നേട്ടം.
ആര്‍.സി.ബിക്കായി പ്രത്യേക ആശംസകള്‍. ഫൈനലില്‍ വിജയിച്ച് ട്രോഫി സ്വന്തമാക്കൂ. ഈ മാസം ഐ.പി.എല്ലിനിറങ്ങുന്ന പുരുഷ ടീമിന് അതൊരു പ്രചോദനമാകട്ടെ. എല്ലാ വിധ ആശംസകളും. മത്സരത്തിലെ ഓരോ പന്തും ഞാന്‍ വിടാതെ കാണും,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തതിന് പിന്നാലെയാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് ഫൈനലിന് യോഗ്യത നേടിയത്. ആദ്യ സീസണിലും ക്യാപ്പിറ്റല്‍സ് ഫൈനലിന് യോഗ്യത നേടിയിരുന്നു. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ മുംബൈയോട് തോല്‍ക്കുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനാണ് മെഗ് ലാന്നിങ്ങും സംഘവും അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലേക്കിറങ്ങുന്നത്.
ആദ്യ സീസണില്‍ നാലാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫിനിഷ് ചെയ്തത്. എന്നാല്‍ ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് ആര്‍.സി.ബി ഫൈനലിനിറങ്ങുന്നത്.
ഓസീസ് സൂപ്പര്‍ താരം എല്ലിസ് പെറിയുടെ ഓള്‍ റൗണ്ട് പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്സസിന് പ്രതീക്ഷ നല്‍കുന്ന പ്രധാന ഘടകം. ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന പെറി തന്നെയാകും ഫൈനല്‍ ആര്‍.സി.ബിയുടെ തുറുപ്പ് ചീട്ട്.
ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ മികച്ച ഫോമും ആരാധകരില്‍ പ്രതീക്ഷയേറ്റുന്നുണ്ട്. ശ്രേയങ്ക പാട്ടീലും രേണുക സിങ്ങും ഉള്‍പ്പെടുന്ന ബൗളിങ് നിരയും കളമറിഞ്ഞ് കളിച്ചാല്‍ കിരീടം ആര്‍.സി.ബിയുടെ ഷെല്‍ഫിലെത്തും.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്‌ക്വാഡ്
ദിക്ഷ കസാത്, എസ്. മേഘ്ന, സ്മൃതി മന്ഥാന (ക്യാപ്റ്റന്‍), ശോഭന ആശ, എല്ലിസ് പെറി, നാദിന്‍ ഡി ക്ലെര്‍ക്, സതീഷ് ശുഭ, ശ്രേയാങ്ക പാട്ടില്‍, സോഫി ഡിവൈന്‍, ഇന്ദ്രാണി റോയ് (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), എക്ത ബിഷ്ട്, ജോര്‍ജിയ വെര്‍ഹാം, കേറ്റ് ക്രോസ്, രേണുക സിങ്, ശ്രദ്ധ ഭൗ പൊഖാര്‍കര്‍, സിമ്രാന്‍ ബഹാദൂര്‍, സോഫി മോളിനക്സ്.
ദല്‍ഹി ക്യാപ്പിറ്റല്‍സ് സ്‌ക്വാഡ്
ജെമീമ റോഡ്രിഗസ്, ലോറ ഹാരിസ്, മെഗ് ലാന്നിങ് (ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, സ്നേഹ ദീപ്തി, അലിസ് ക്യാപ്സി, അന്നബെല്‍ സതര്‍ലാന്‍ഡ്, അരുന്ധതി റെഡ്ഡി, അശ്വിനി കുമാരി, മാരിസന്‍ കാപ്പ്, രാധ യാദവ്, ശിഖ പാണ്ഡേ, അപര്‍ണ മോണ്ഡല്‍ (വിക്കറ്റ് കീപ്പര്‍), താനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ജെസ് ജോന്നസെന്‍, പൂനം യാദവ്, ടിറ്റാസ് സാധു.
Content Highlight: AB De Villiers urges RCB women’s to win WPL trophy