| Wednesday, 8th January 2025, 9:15 am

ദിനേഷ് കാര്‍ത്തിക്കിന് പിന്നാലെ മറ്റുള്ളവരെയും... ബി.സി.സി.ഐയോട് ആവശ്യവുമായി ഡി വില്ലിയേഴ്സ്

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കന്‍ ഫ്രാഞ്ചൈസി ലീഗായ എസ്.എ20 കളിക്കാന്‍ ഇന്ത്യന്‍ താരങ്ങളെ അനുവദിക്കണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ട് മുന്‍ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് ലെജന്‍ഡുമായ എ. ബി ഡി വില്ലേയേഴ്സ്. കഴിഞ്ഞ ദിവസം നടന്ന മീഡിയ ഇന്ററാക്ഷനിടെയാണ് ഡി വില്ലിയേഴ്സ് ഇക്കാര്യം പറഞ്ഞത്.

നിലവില്‍ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക് മാത്രമാണ് എസ്.എ20യുടെ ഭാഗമാകുന്നത്. ടൂര്‍ണമെന്റിന്റെ മൂന്നാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കൗണ്ടര്‍പാര്‍ട്ടായ പാള്‍ റോയല്‍സിനൊപ്പമാണ് ഡി.കെ. കളത്തിലിറങ്ങുക.

‘കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ ഈ ടൂര്‍ണമെന്റിന്റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദിനേഷ് കാര്‍ത്തിക് ഇത്തവണ ഇവിടെയുണ്ടാകുമെന്ന് നമ്മള്‍ക്കറിയാം. അത് വളരെ മികച്ചാണ്. ഭാവിയില്‍ എസ്.എ20യുടെ ഭാഗമാകാന്‍ ബി.സി.സി.ഐ ഇന്ത്യന്‍ താരങ്ങളെ അനുവദിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ ഡി വില്ലിയേഴ്സ് പറഞ്ഞു.

എ. ബി ഡി വില്ലേയേഴ്സ്

അപെക്സ് ബോര്‍ഡുമായി കരാറുള്ളതും നിലവില്‍ കളിക്കുന്നതുമായ ഒരു ഇന്ത്യന്‍ പുരുഷ താരത്തെയും ഇന്ത്യയ്ക്ക് പുറത്തുള്ള ഫ്രാഞ്ചൈസി ലീഗുകളില്‍ പങ്കെടുക്കാന്‍ ബി.സി.സി.ഐ അനുവദിക്കാറില്ല. ആഭ്യന്തര താരങ്ങളുടെ കാര്യവും വ്യത്യസ്തമല്ല.

എന്നാല്‍ തങ്ങളുടെ വനിതാ താരങ്ങളെ മറ്റ് വിദേശ ലീഗുകളില്‍ കളിക്കാന്‍ ബി.സി.സി.ഐ അനുവദിക്കുന്നുണ്ട്. ക്രിക്കറ്റിന് പുതിയ ഭാവുകത്വം നല്‍കിയ ഇംഗ്ലണ്ടിന്റെ ദി ഹണ്‍ഡ്രഡിലും ഓസ്ട്രേലിയുടെ ബിഗ് ബാഷ് ലീഗിലുമെല്ലാം വനിതാ താരങ്ങള്‍ ഭാഗമാണ്.

ദി ഹണ്‍ഡ്രഡ് ട്രോഫിയുമായി സ്മൃതി മന്ഥാന

അതേസമയം, ക്രിക്കറ്റില്‍ നിന്നും വിരമിച്ച പുരുഷ താരങ്ങള്‍ മറ്റ് ലീഗുകളുടെ ഭാഗമാകുന്നുണ്ട്. ഈ വര്‍ഷം ആരംഭിച്ച നേപ്പാള്‍ പ്രീമിയര്‍ ലിഗില്‍ കര്‍ണാലി യാക്ക്സിന് വേണ്ടി ശിഖര്‍ ധവാന്‍ കളത്തിലിറങ്ങിയിരുന്നു.

ശിഖര്‍ ധവാന്‍ കര്‍ണാലി യാക്‌സ് ജേഴ്‌സിയില്‍

എസ്.എ20 2025

എസ്.എ20യുടെ പുതിയ സീസണ്‍ ജനുവരി ഒമ്പതിന് ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ് എം.ഐ കേപ് ടൗണിനെ നേരിടും. സെന്റ് ജോര്‍ജ്സ് ഓവലാണ് വേദി.

തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് സണ്‍റൈസേഴ്‌സ് കളത്തിലിറങ്ങുന്നത്. ആദ്യ സീസണില്‍ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് കിരീടമണിഞ്ഞ സണ്‍റൈസേഴ്‌സ് രണ്ടാം സീസണില്‍ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി രണ്ടാം കിരീടവുമണിഞ്ഞു.

മുന്‍ വര്‍ഷങ്ങളിലേതെന്ന പോലെ ഇത്തവണയും ആറ് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്. ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ തന്നെയാണ് എസ്.എ20യിലെ എല്ലാ ടീമുകളുടെയും ഉടമകള്‍ എന്നതിനാല്‍ തന്നെ ഐ.പി.എല്ലിന്റെ യഥാര്‍ത്ഥ കൗണ്ടര്‍പാര്‍ട്ട് എന്ന് എസ്.എ20യെ വിശേഷിപ്പിക്കാന്‍ സാധിക്കും.

ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ് (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്), ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്), എം.ഐ കേപ് ടൗണ്‍ (മുംബൈ ഇന്ത്യന്‍സ്), പാള്‍ റോയല്‍സ് (രാജസ്ഥാന്‍ റോയല്‍സ്), പ്രിട്ടോറിയ ക്യാപ്പിറ്റല്‍സ് (ദല്‍ഹി ക്യാപ്പിറ്റല്‍സ്), സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) എന്നിവരാണ് എസ്.എ 20യിലെ ടീമുകള്‍.

എസ്.എ 20യിലെ ടീമുകള്‍

ഫെബ്രുവരി രണ്ടോടെ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. നാല് മുതലാണ് പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഫെബ്രുവരി എട്ടിന് വാണ്ടറേഴ്‌സ് സ്റ്റേഡിയമാണ് കലാശപ്പോരാട്ടത്തിന് വേദിയാവുക.

Content highlight: AB de Villiers urges BCCI to allow more Indian stars to play in SA20 league

We use cookies to give you the best possible experience. Learn more