ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കമായ ഐ.പി.എല്‍ ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മാര്‍ച്ച് 22ന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുന്നതോടുകൂടിയാണ് 2024 ഐ.പി.എല്ലിന് തുടക്കമാവുക.
ഇപ്പോഴിതാ ഐ.പി.എല്‍ തുടങ്ങുന്നതിനു മുന്നോടിയായി ഐ.പി. എല്ലിൽ കാണാന്‍ ആഗ്രഹിക്കുന്നത് ഏത് താരത്തിന്റെ കളിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ സൗത്താഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ എ.ബി ഡിവില്ലിയേഴ്സ്.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങ് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം പറഞ്ഞത്.
‘മുംബൈ ടീമിന്റെ ബാലന്‍സ് ശക്തമാക്കാന്‍ ഹര്‍ദിക് പാണ്ഡ്യ തിരിച്ചുവരേണ്ടത് അത്യാവശ്യമായിരുന്നു. ബൗളിങ് കൊണ്ട് അദ്ദേഹം മുംബൈ ഇന്ത്യന്‍സിന് വലിയ പങ്ക് വഹിക്കും. അവന്‍ മുംബൈക്ക് വലിയ സംഭാവനകള്‍ നല്‍കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഡിവില്ലിയേഴ്‌സ് പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെക്കുറിച്ചും എ.ബി ഡിവില്ലിയേഴ്സ് പറഞ്ഞു.
‘ഞാന്‍ ബുംറയുടെ ബൗളിങ്ങിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ അവന്‍ പരിക്ക് പറ്റി പുറത്തായി. എന്നാല്‍ ഇപ്പോള്‍ ബുംറ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്,’ മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം കൂട്ടിച്ചേര്‍ത്തു.
മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ ആറാം ഐ.പി.എല്‍ കിരീടം ലക്ഷ്യമിട്ടാണ് കളത്തില്‍ ഇറങ്ങുന്നത്. മാര്‍ച്ച് 24ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
2024 ഐ.പി.എല്ലിനുള്ള മുംബൈ ഇന്ത്യൻസ് സ്‌ക്വാഡ്
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റൻ), രോഹിത് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, എന്‍. തിലക് വര്‍മ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ഷംസ് മുലാനി, നെഹാല്‍ വധേര, ജസ്പ്രീത് ബുംറ, കുമാര്‍ കാര്‍ത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാള്‍, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, റൊമാരിയോ ഷെഫര്‍ഡ്, ജെറാള്‍ഡ് കോറ്റ്സി, ദില്‍ഷന്‍ മധുശങ്ക, ശ്രേയസ് ഗോപാല്‍, നുവാന്‍ തുഷാര, നമാന്‍ ധിര്‍, അന്‍ഷുല്‍ കംബോജ്, മുഹമ്മദ് നബി, ശിവാലിക് ശര്‍മ.
Content Highlight: AB de Villiers talks about Hardik Pandya