|

ഒന്നല്ല, രണ്ട് തവണ ജോസ് ബട്‌ലര്‍ ശ്രമിച്ചു, ഇന്നലെ ക്ലാസനും; രാജാവ് ഇന്നും മിസ്റ്റര്‍ 360 മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ നാലാം ഏകദിനത്തില്‍ ആതിഥേയര്‍ വിജയിച്ചിരുന്നു. 164 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് പ്രോട്ടീസ് സ്വന്തമാക്കിയത്. ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, റാസി വാന്‍ ഡെര്‍ ഡുസെന്‍ എന്നിവരുടെ ഇന്നിങ്‌സിന്റെ കരുത്തില്‍ പ്രോട്ടീസ് 416 റണ്‍സിന്റെ കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കളെ 252 റണ്‍സിന് ഓള്‍ ഔട്ടാക്കുകയുമായിരുന്നു.

83 പന്തില്‍ 174 റണ്‍സ് നേടിയ ക്ലാസന്റെ ക്ലാസിക് ഇന്നിങ്‌സാണ് പ്രോട്ടീസ് ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്. പതിഞ്ഞ രീതിയില്‍ സ്‌കോര്‍ ചെയ്ത സൗത്ത് ആഫ്രിക്കയെയായിരുന്നു സൂപ്പര്‍ സ്‌പോര്‍ട് സ്‌റ്റേഡിയം ആദ്യം കണ്ടത്. എന്നാല്‍ ക്ലാസന്‍ ക്രീസിലെത്തിയതിന് പിന്നാലെ പ്രോട്ടീസ് സ്‌കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിച്ചുതുടങ്ങി.

ആദ്യ 32 ഓവറില്‍ 157 റണ്‍സ് മാത്രം നേടിയ സൗത്ത് ആഫ്രിക്ക ശേഷിക്കുന്ന 18 ഓവറില്‍ 259 റണ്‍സാണ് അടിച്ചെടുത്തത്. ഇതിന് നേതൃത്വം നല്‍കിയതാകട്ടെ ക്ലാസനും.

13 സിക്‌സറും 13 ബൗണ്ടറിയുമായി വെടിക്കെട്ട് തീര്‍ത്ത ക്ലാസന് എന്നാല്‍ ക്രിക്കറ്റ് ലോകത്തെ അതിപ്രധാനമായ ഒരു റെക്കോഡ് സ്വന്തമാക്കാന്‍ സാധിക്കാതെ പോയി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 150 റണ്‍സ് പിന്നിട്ട താരം എന്ന റെക്കോഡാണ് താരത്തിന് ലഭിക്കാതെ പോയത്. 77 പന്തിലാണ് താരം 150 എന്ന മാജിക്കല്‍ നമ്പര്‍ പിന്നിട്ടത്.

‘മിസ്റ്റര്‍ 360’ എ.ബി ഡി വില്ലിയേഴ്‌സിന്റെ പേരിലാണ് ഈ റെക്കോഡുള്ളത്. 2015 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 64 പന്തിലെ 150 ആണ് ഇപ്പോഴും റെക്കോഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. മത്സരത്തില്‍ 66 പന്തില്‍ പുറത്താകാതെ 162 റണ്‍സാണ് ഡി വില്ലിയേഴ്‌സ് നേടിയത്.

ഈ റെക്കോഡിന് തൊട്ടടുത്തെത്തിയത് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറാണ്. 2022ല്‍ 65 പന്തില്‍ നിന്നും നേടിയ 150 ആണ് ഫാസ്റ്റസ്റ്റ് 150യിലെ രണ്ടാം സ്ഥാനക്കാരന്‍.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 150 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍

(താരം – രാജ്യം – എതിരാളികള്‍ – വര്‍ഷം – 150 റണ്‍സ് പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍ – ഇന്നിങ്‌സിലെ സ്‌കോര്‍ – വേദി എന്നീ ക്രമത്തില്‍)

1. എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് – 2015 (ലോകകപ്പ്) – 64 – 162* (66) – സിഡ്‌നി

2. ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – നെതര്‍ലന്‍ഡ്‌സ് – 2022 – 65 – 162* (70) – ആംസ്‌റ്റെല്‍വീന്‍

3. ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് – 2019 – 76 – 150 (77) – സെന്റ് ജോര്‍ജ്‌സ് നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയം

4. ഹെന്റിച്ച് ക്ലാസന്‍ – സൗത്ത് ആഫ്രിക്ക – ഓസ്‌ട്രേലിയ – 2023 – 77 – 174 (83) – സെഞ്ചൂറിയന്‍

5. ഷെയ്ന്‍ വാട്‌സണ്‍ – ഓസ്‌ട്രേലിയ – ബംഗ്ലാദേശ് – 2011 – 83 – 186* (96) – മിര്‍പൂര്‍

അതേസമയം, ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാമനായി കയ്യൊപ്പ് ചാര്‍ത്താന്‍ സാധിച്ചില്ലെങ്കിലും അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-2 സീരീസില്‍ ഒപ്പമെത്തിക്കാന്‍ ക്ലാസന് സാധിച്ചു. ലോകകപ്പ് കണ്‍മുമ്പിലെത്തിനില്‍ക്കെ ക്ലാസന്‍ അടക്കമുള്ള താരങ്ങളുടെ പ്രകടനം ആരാധകര്‍ക്ക് നല്‍കുന്ന ആശ്വാസം ചില്ലറയല്ല.

സെപ്റ്റംബര്‍ 17നാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം. വാണ്ടറേഴ്‌സ് സ്റ്റേഡിയമാണ് വേദി.

CONTENT HIGHLIGHT: AB de Villiers still tops the list of fastest 150 in ODI