| Thursday, 6th April 2023, 10:19 pm

ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ സഞ്ജു ഇന്ത്യന്‍ ക്യാപ്റ്റനായേക്കും: എ.ബി ഡി വില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍സിയേറ്റെടുത്തതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന് നേട്ടങ്ങള്‍ മാത്രമാണുണ്ടായത്. ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ വര്‍ഷം തന്നെ ടീമിനെ ഫെയര്‍പ്ലേ പുരസ്‌കാരം ചൂടിച്ച സഞ്ജു തൊട്ടടുത്ത വര്‍ഷം, 14 വര്‍ഷത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സിനെ ഐ.പി.എല്‍ ഫൈനലിലെത്തിക്കുകയും ചെയ്തിരുന്നു.

ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെടേണ്ടി വന്നെങ്കിലും താരത്തിന്റെ ക്യാപ്റ്റന്‍സി ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

ഐ.പി.എല്ലിന്റെ 16ാം എഡിഷനിലും ക്യാപ്റ്റന്‍സിയില്‍ താരം മികച്ചു നില്‍ക്കുകയാണ്. വേള്‍ഡ് കപ്പ് വിന്നിങ് ക്യാപ്റ്റനായ ജോസ് ബട്‌ലറിനും ഇംഗ്ലണ്ടിന്റെ മുന്‍ റെഡ് ബോള്‍ ക്യാപ്റ്റന്‍ ജോ റൂട്ടുമായുള്ള സംസര്‍ഗം താരത്തിന്റെ ക്യാപ്റ്റന്‍സിയുടെ മൂര്‍ച്ച കൂട്ടുകയുമാണ്.

ഇതിനെല്ലാമുപരി തന്റെ മെന്ററായ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണില്‍ നിന്നും സ്വായത്തമാക്കിയ ക്രിക്കറ്റിങ് സ്‌കില്ലുകളും സാംസണെ ഏറെ തുണച്ചിട്ടുണ്ട്.

താരത്തിന്റെ ക്യാപ്റ്റന്‍സി ദിനംപ്രതി മികച്ചതാവുമ്പോള്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിനെ തന്നെ നയിക്കാനുള്ള സാധ്യതകളുണ്ടെന്ന് പറയുകയാണ് സൂപ്പര്‍ താരം എ.ബി ഡി വില്ലിയേഴ്‌സ്.

ജിയോ സിനിമാസിന്റെ എക്‌സ്‌പേര്‍ട് പാനലിലായിരുന്നു താരത്തിന്റെ പരാമര്‍ശം.

‘സഞ്ജു വളരെ മികച്ച ഒരു താരമാണ്. അവന്‍ മികച്ച ഒരു ക്യാപ്റ്റന്‍ കൂടിയാണ്. ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയിപ്പിച്ച ജോസ് ബട്‌ലറിനൊപ്പം അവന്‍ ധാരാളം സമയം ചെലവഴിക്കുന്നുണ്ട്.

സഞ്ജു ശാന്തനായ ഒരു താരമാണ്. മികച്ച ക്യാപ്റ്റനാകാനുള്ള എല്ലാ യോഗ്യതകളും അവനുണ്ട്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ അവന്‍ ഇന്ത്യയുടെ ക്യാപ്റ്റനായേക്കും. ക്യാപ്റ്റന്‍സി അവന്റെ കരിയറില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

Content highlight: AB de Villiers says Sanju Samson may become India’s captain

We use cookies to give you the best possible experience. Learn more