| Thursday, 10th November 2022, 11:33 am

ഫൈനലില്‍ ഇന്ത്യ ജയിക്കണം, പാകിസ്ഥാനോടായത് കൊണ്ട് പ്രത്യേകിച്ചും: എ.ബി. ഡിവില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. ന്യൂസിലാന്‍ഡിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് പാകിസ്ഥാന്‍ ഫൈനലില്‍ സീറ്റ് ഉറപ്പിച്ചിരിക്കുന്നു.

അഡ്‌ലെയ്ഡില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടവും തീപാറുമെന്ന് ഉറപ്പാണ്. ജയിക്കുന്ന ടീമിനെ നേരിടാനായി പാക് പട കാത്തിരിക്കുകയാണ്.

ഇന്ത്യയും പാകിസ്ഥാനുമാകും ഫൈനലില്‍ ഏറ്റുമുട്ടുകയെന്നാണ് പലരുടെയും പ്രവചനം. 2007ലെ ആദ്യ ടി-20 ലോകകപ്പിന്റെ ആവര്‍ത്തനമാകുമോ 2022ലെ ഫൈനലെന്ന് അറിയാന്‍ കാത്തിരിക്കുന്നവരും ഏറെയാണ്.

ലോകകപ്പ് തുടങ്ങിയത് മുതല്‍ ഇതേ കുറിച്ച് പ്രതികരണങ്ങള്‍ നടത്തിയവരുണ്ട്. സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം എ.ബി. ഡിവില്ലിയേഴ്‌സും ലോകകപ്പ് ഫൈനലിലെ ഇന്ത്യ-പാക് മത്സരത്തെ കുറിച്ചുള്ള തന്റെ ആഗ്രഹം തുറന്നുപറഞ്ഞിരിക്കുയാണ് ഇപ്പോള്‍.

ഐ.പി.എല്‍ മത്സരങ്ങളിലൂടെ ഇന്ത്യയുമായി നീണ്ട കാലത്തെ ബന്ധം വെച്ചുപുലര്‍ത്തിയ എ.ബി.ഡിക്ക് പാകിസ്ഥാനെതിരെ ഇന്ത്യ ജയിച്ചു കാണണമെന്നാണ് ആഗ്രഹം. ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലെ താരങ്ങള്‍ക്കൊപ്പവും അവര്‍ക്കെതിരെയുമെല്ലാം ഇന്ത്യന്‍ മണ്ണില്‍ കളിച്ച മിസ്റ്റര്‍ 360 നേരത്തെയും ഇന്ത്യ കപ്പടിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇപ്രാവശ്യം സ്വന്തം നാടായ സൗത്ത് ആഫ്രിക്ക സെമി കാണാതെ പുറത്തായതുകൊണ്ട് കൂടിയാണ് പാകിസ്ഥാന്റെ പരാജയം കാണാന്‍ താരം ആഗ്രഹിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പാകിസ്ഥാനോട് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയായിരുന്നു സൗത്ത് ആഫ്രിക്ക ഓസ്‌ട്രേലിയയില്‍ നിന്നും വണ്ടി കയറിയത്.

അതേസമയം ലോകകപ്പില്‍ മറ്റാര്‍ക്ക് മുമ്പിലും തോല്‍വി സമ്മതിക്കാതെ എത്തിയ ഇന്ത്യയെ ഇതേ സൗത്ത് ആഫ്രിക്ക പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

‘ഇന്ത്യ ജയിക്കണമെന്നാണ് എന്റെ ആഗ്രഹം. പാകിസ്ഥാനോടായതുകൊണ്ട് പ്രത്യേകിച്ചും. ലോകത്തെ ഏറ്റവും വമ്പന്‍ ഫൈനലായിരിക്കും അത്. പക്ഷെ ഇപ്പോള്‍ ഇന്ത്യക്ക് മുമ്പിലുള്ള പ്രധാന കടമ്പ സെമി ഫൈനലാണ്. ആ സെമി ഫൈനല്‍ കടന്നു കിട്ടുക എന്നത് കുറച്ച് പ്രയാസം പിടിച്ച കാര്യം തന്നെയാണ്.

ഇംഗ്ലണ്ട് അപകടകാരിയായ ടീമാണ്. ഈ ലോകകപ്പ് ജയിക്കാന്‍ വേണ്ടതെല്ലാം അവരുടെ ആവനാഴിയിലുണ്ട്. അവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യ ഫൈനലില്‍ ഗംഭീരമായ വിജയം സ്വന്തമാക്കുമെന്ന് എനിക്കുറപ്പുണ്ട്.

ഞാന്‍ രണ്ട് ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ കളിച്ചയാളാണ്. അതുകൊണ്ട് തന്നെ അത് എത്രത്തോളം ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് എനിക്ക് നന്നായിട്ട് അറിയാം. വളരെ സമ്മര്‍ദം നിറഞ്ഞ സാഹചര്യമാണത്. ചിലതില്‍ നമ്മള്‍ ജയിക്കും, ചിലതില്‍ പരാജയപ്പെടും,’ എ.ബി.ഡി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ വിജയം നേടുന്നത് കാണാനാണ് ഇപ്പോള്‍ ഡിവില്ലിയേഴ്‌സ് കാത്തിരിക്കുന്നതെങ്കിലും നേരത്തെ ഇന്ത്യ-പാക് ഫൈനലിന് സാധ്യതയില്ലെന്നായിരുന്നു താരം പറഞ്ഞിരുന്നത്.

പാകിസ്ഥാന്‍ സെമി ഫൈനല്‍ കടക്കുകയാണെങ്കില്‍ ഇന്ത്യ-പാക് ഫൈനല്‍ രസകരമായിരിക്കും, അങ്ങനെയൊരു മത്സരത്തിനായി താനും കാത്തിരിക്കുന്നുണ്ടെങ്കിലും ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടാനാണ് സാധ്യതയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അപ്പോഴും ലോകകപ്പ് ജേതാക്കളായി എ.ബി.ഡി പറഞ്ഞത് ഇന്ത്യയെ തന്നെയായിരുന്നു.

Content Highlight: Ab de Villiers says he wants to see India win against Pakistan in T20 World Cup Final

We use cookies to give you the best possible experience. Learn more