| Monday, 7th November 2022, 10:39 pm

ഡി വില്ലിയേഴ്‌സിന് കാണേണ്ടത് ഇന്ത്യയും ഇവരും തമ്മിലുള്ള ഫൈനല്‍; ആവേശം അടക്കാനാവുന്നില്ലെന്ന് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിനുള്ള സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കുകയാണ്. ഒന്നാം സെമിയില്‍ ന്യൂസിലാന്‍ഡ് പാകിസ്ഥാനെയും രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിടും. നവംബര്‍ 13ന് മെല്‍ബണില്‍ വെച്ചാണ് ഫൈനല്‍ മത്സരം നടക്കുന്നത്.

2007ന് സമാനമായി മറ്റൊരു ഇന്ത്യ – പാകിസ്ഥാന്‍ ഫൈനല്‍ മത്സരത്തിനാണ് ഇപ്പോള്‍ കളമൊരുങ്ങിയിരിക്കുന്നത്. ആദ്യ സെമിയില്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനേയും രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തിയാല്‍ ദി എപിക് ഫൈനലാവും ക്രിക്കറ്റ് ലോകം കാണുക.

ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടണമെന്നാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം ആഗ്രഹിക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി ഡി വില്ലിയേഴ്‌സും ഇതുതന്നെയാണ് ആഗ്രഹിക്കുന്നത്.

ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടുമോ എന്ന തരത്തില്‍ അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ ഒരു പോള്‍ നടത്തിയിരുന്നു.

നാല് ലക്ഷത്തിലധികം ആളുകള്‍ വോട്ട് ചെയ്ത പോളില്‍ 76.6 ശതമാനം ആളുകളും ഈ ഡ്രീം ഫൈനല്‍ നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. 23.4 ശതമാനം ആളുകള്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനലില്‍ അത്രക്കൊന്നും താത്പര്യം പ്രകടിപ്പിക്കാത്തത്.

‘ഇത് തീര്‍ച്ചയായും ഒരു ഫാന്റസി ഫൈനല്‍ തന്നെയാണ്. ഇതുവരെ 70 ശതമാനത്തിലധികം പേര്‍ അതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇക്കാര്യത്തില്‍ ന്യൂസിലാന്‍ഡിനും ഇംഗ്ലണ്ടിനും എന്തങ്കിലും പറയാനുണ്ടാകുമെന്ന് എനിക്കുറപ്പാണ്.

ഇരു ടീമുകളും മികച്ച ഫോമിലാണ്. രണ്ട് ഇതിഹാസ സെമി ഫൈനല്‍ മത്സരങ്ങള്‍ തന്നെയായിരിക്കുമത് എന്ന് എനിക്ക് ഉറപ്പുണ്ട്. ഞാനും ആഗ്രഹിക്കുന്നത് ഇന്ത്യ – പാകിസ്ഥാന്‍ ഫൈനല്‍ മത്സരമാണ്,’ ഡി വില്ലിയേഴ്‌സ് ട്വീറ്റ് ചെയ്തു.

നവംബര്‍ ഒമ്പതിനാണ് ടി-20 ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ മത്സരം. സിഡ്‌നിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് പാകിസ്ഥാനെ നേരിടും.

നവംബര്‍ പത്തിനാണ് ഇന്ത്യ – ഇംഗ്ലണ്ട് മത്സരം. അഡ്‌ലെയ്ഡാണ് വേദി.

സിഡ്‌നിയില്‍ പാകിസ്ഥാനും അഡ്‌ലെയ്ഡില്‍ ഇന്ത്യയും ജയിച്ചുകയറിയാല്‍ ഈ ലോകകപ്പില്‍ മെല്‍ബണില്‍ നടന്നതെന്തോ അത് ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: AB De Villiers says he want India vs Pakistan in T20 world cup final

Latest Stories

We use cookies to give you the best possible experience. Learn more