ടി-20 ലോകകപ്പിലെ അവസാന മത്സരത്തില്‍ ഷോ സ്റ്റീലറായത് ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവായിരുന്നു. നാലാം നമ്പറിലിറങ്ങി വെടിക്കെട്ട് നടത്തിയാണ് സൂര്യകുമാര്‍ തരംഗമായത്.
എതിരെ വന്ന ബൗളര്‍മാരെ മുഴുവനും ഗാലിറിയിലെത്തിച്ച് സ്‌കൈ കയ്യടി നേടുകയായിരുന്നു. സൂര്യയെ തളര്‍ത്താന്‍ തങ്ങളുടെ ആവനാഴിയിലെ അസ്ത്രങ്ങള്‍ മാറി മാറി പ്രയോഗിച്ച ഷെവ്‌റോണ്‍സ് ബൗളര്‍മാര്‍ തളര്‍ന്നതല്ലാതെ സൂര്യകുമാറിനെ പരീക്ഷിക്കാന്‍ പോലും അവര്‍ക്കായിരുന്നില്ല.
ഗ്രൗണ്ടിന്റെ എല്ലാ കോണുകളിലേക്കും ഷോട്ടുകള്‍ പായിച്ച് 360 ഡിഗ്രിയുള്ള കളിയാണ് താരം പുറത്തെടുത്തത്.
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ പ്രോട്ടീസ് ഇതിഹാസം എ.ബി ഡി വില്ലിയേഴ്‌സിന്റെ ബാറ്റിങ്ങിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു സൂര്യകുമാര്‍ കഴിഞ്ഞ ദിവസം ഷോട്ടുകള്‍ കളിച്ച് മുന്നേറിയത്.
സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്‌സിന് പിന്നാലെ നിരവധിയാളുകള്‍ ആശംസയുമായി എത്തിയിരുന്നു. പുതിയ 360 ഡിഗ്രി ബാറ്റര്‍ എന്നായിരുന്നു ഗവാസ്‌കര്‍ സൂര്യകുമാറിനെ വിശേഷിപ്പിച്ചത്.
ഈ താരതമ്യത്തോട് പ്രതികരിച്ച് ‘ഒരേയൊരു മിസ്റ്റര്‍ 360 മാത്രമാണ് ക്രിക്കറ്റിലുള്ളത്. ഞാന്‍ അദ്ദേഹത്തെ പോലെ കളിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്,’ എന്നായിരുന്നു സൂര്യകുമാര്‍ പറഞ്ഞത്.
സൂര്യകുമാറിന്റെ പ്രസ്താവനക്ക് പിന്നാലെ സാക്ഷാല്‍ എ.ബി ഡി വില്ലിയേഴ്‌സ് തന്നെ താരത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്. ആ സ്ഥാനത്തേക്ക് അതിവേഗം സൂര്യകുമാര്‍ കുതിക്കുകയാണെന്നായിരുന്നു എ.ബി.ഡിയുടെ പ്രതികരണം.
‘നീ വളരെ വേഗം അവിടേക്ക് (മിസ്റ്റര്‍ 360 എന്ന സ്ഥാനം) എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പുറത്തെടുത്തത് വളരെ മികച്ച പ്രകടനമായിരുന്നു,’ എന്നായിരുന്നു ഡി വില്ലിയേഴ്‌സ് പറഞ്ഞത്.
അടുത്ത ഡി വില്ലിയേഴ്‌സ് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂര്യകുമാറിനെ പ്രശംസിച്ച് സാക്ഷാല്‍ ഡി വില്ലിയേഴ്‌സ് തന്നെ എത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍.
ഷെവ്‌റോണ്‍സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 25 പന്തില്‍ നിന്നും പുറത്താവാതെ 61 റണ്‍സായിരുന്നു താരം നേടിയത്. സ്‌കൈ തന്നെയായിരുന്നു കളിയിലെ താരവും.
കഴിഞ്ഞ ദിവസം നേടിയ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും സൂര്യകുമാറിനായി.
അഞ്ച് ഇന്നിങ്സില്‍ നിന്നും 75 ശരാശരിയിലും 193.96 സ്ട്രൈക്ക് റേറ്റിലും 225 റണ്‍സാണ് സ്‌കൈ നേടിയത്. ഒന്നാമതുള്ള വിരാട് കോഹ്‌ലിക്ക് 246 റണ്‍സാണുള്ളത്.
വരും മത്സരങ്ങളിലും ഇന്ത്യയുടെ ട്രംപ് കാര്‍ഡ് സൂര്യയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
Content highlight: AB De Villiers praises Suryakumar Yadav