താന്‍ സഞ്ജു സാംസണിന്റെ ആരാധകനാണെന്ന് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം എ. ബി. ഡി വില്ലിയേഴ്‌സ്. സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഡി വില്ലിയേഴ്‌സ് ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ സഞ്ജു സാംസണിന്റെ വലിയ ആരാധകനാണ്. അവന്‍ വളരെ മികച്ച താരമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വര്‍ഷങ്ങളായി രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. അവന് (അഫാഗിസ്ഥാനെതിരെ നടക്കുന്ന പരമ്പരയില്‍) ടീമില്‍ ഇടം ലഭിച്ചത് ഏറെ സന്തോഷകരമായ കാര്യമാണ്,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.
ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് സഞ്ജുവിന് വീണ്ടും ഇന്ത്യയുടെ കരിനീല ജേഴ്‌സിയിലേക്ക് വിളിയെത്തിയത്.
സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഡി വില്ലിയേഴ്‌സ് നേരത്തെ പറഞ്ഞിരുന്നു.
‘അദ്ദേഹത്തെ ടീമില്‍ കണ്ടതില്‍ വളരെ സന്തോഷമുണ്ട്. ഇതില്‍ അദ്ദേഹം നന്നായി കളിക്കും. ബാറ്റ് ചെയ്യുമ്പോള്‍ അവന്‍ ഉയര്‍ന്നു തന്നെ നില്‍ക്കും. ഇവിടെ പന്ത് ബൗണ്‍സ് ചെയ്യാന്‍ സാധ്യതയുണ്ട്, ബാറ്റിങ് പരീക്ഷിക്കപ്പെടാം.
എന്നാലും സഞ്ജുവിനെ പോലൊരാള്‍ക്ക് നന്നായി കളിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. കൂടാതെ വിക്കറ്റ് കീപ്പറുടെ റോളിലും അദ്ദേഹത്തിന് സാധ്യതയുണ്ട്,’ എന്നായിരുന്നു ഡി വില്ലിയേഴ്‌സ് നേരത്തെ പറഞ്ഞത്. ഡി വില്ലിയേഴ്‌സിന്റെ വാക്കുകളെ അക്ഷരം പ്രതിക ശരിവെച്ച് മികച്ച പ്രകടനമാണ് താരം നടത്തിയതും..
ടി-20 ലോകകപ്പ് നടക്കുന്ന വര്‍ഷത്തില്‍ ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന ഏക ടി-20 പരമ്പരയില്‍ ലഭിച്ച അവസരം കൃത്യമായി വിനിയോഗിക്കാന്‍ സാധിച്ചാല്‍ സഞ്ജുവിന് ലോകകപ്പ് കളിക്കാനും അവസരമൊരുങ്ങിയേക്കും.
ജനുവരി 11നാണ് ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ ആദ്യ മത്സരം. മൊഹാലിയാണ് വേദി. ഇന്ത്യക്കെതിരെ ഇതുവരെ വിജയിക്കാന്‍ സാധിച്ചില്ല എന്ന ചരിത്രം തിരുത്താന്‍ അഫ്ഗാന്‍ ഇറങ്ങുമ്പോള്‍ വിജയഗാഥ തുടരാനാണ് ഇന്ത്യയൊരുങ്ങുന്നത്.
ഇന്ത്യ സ്‌ക്വാഡ്
റിങ്കു സിങ്, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, വിരാട് കോഹ്‌ലി, യശസ്വി ജെയ്സ്വാള്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, രവി ബിഷ്ണോയ്.
അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ്
ഹസ്രത്തുള്ള സസായ്, ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), നജിബുള്ള സദ്രാന്‍, അസ്മത്തുള്ള ഒമര്‍സായ്, ഗുലാബ്ദീന്‍ നയീബ്, കരിം ജന്നത്, മുഹമ്മദ് നബി, റഹ്‌മത് ഷാ, ഷറഫുദ്ദീന്‍ അഷ്റഫ്, ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഫരീദ് അഹമ്മദ്, ഫസലാഖ് ഫാറൂഖി, മുഹമ്മദ് സലീം, മുജീബ് ഉര്‍ റഹ്‌മാന്‍, നവീന്‍ ഉള്‍ ഹഖ്, നൂര്‍ അഹമ്മദ്, ഖായിസ് അഹമ്മദ്, റാഷിദ് ഖാന്‍.
Content Highlight: AB de Villiers praises Sanju Samson