സഞ്ജുവിന്റെ നേട്ടത്തില്‍ ഗംഭീറിന് പങ്കുണ്ടോ? എനിക്ക് സംശയമാണ്; തുറന്നടിച്ച് ഡി വില്ലിയേഴ്‌സ്
Sports News
സഞ്ജുവിന്റെ നേട്ടത്തില്‍ ഗംഭീറിന് പങ്കുണ്ടോ? എനിക്ക് സംശയമാണ്; തുറന്നടിച്ച് ഡി വില്ലിയേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th November 2024, 8:24 am

ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തില്‍ ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരുന്നു. കിങ്‌സ്മീഡില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ച്വറി നേടിയാണ് സഞ്ജു തന്റെ കരിയറിലെ സെക്കന്‍ഡ് ഇന്നിങ്‌സിന് തുടക്കമിട്ടത്. മോശം ഫോമിന്റെ പേരിലും സ്ഥിരതയില്ലാത്ത പ്രകടനത്തിന്റെ പേരിലും ക്രൂശിച്ചവര്‍ പോലും ഇപ്പോള്‍ സഞ്ജുവിനായി കയ്യടിക്കുകയാണ്.

 

താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ നായകനും ഐ.സി.സി ഹോള്‍ ഓഫ് ഫെയ്മറുമായ എ.ബി ഡി വില്ലിയേഴ്‌സ്. താരത്തിന്റെ പ്രകടനത്തിന് ഗംഭീര്‍ അടക്കമുള്ള കോച്ചിങ് സ്റ്റാഫുകള്‍ക്ക് ക്രെഡിറ്റ് നല്‍കേണ്ടതുണ്ടോ എന്നാണ് ഡി വില്ലിയേഴ്‌സ് ചോദിക്കുന്നത്.

‘സഞ്ജു തന്റെ ഗെയ്മിന്റെ ഗിയര്‍ മാറ്റിയിരിക്കുകയാണ്. സെലക്ടര്‍മാര്‍ ഇതെല്ലാം കാണുന്നുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അവന്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

അവന്‍ വളരെ വളരെ സ്‌പെഷ്യലായ, എല്ലാ ഫോര്‍മാറ്റിലും അനായാസം കളിക്കാന്‍ സാധിക്കുന്ന, ലോകത്തെ ഏത് പിച്ചിലും ഏത് സാഹചര്യത്തിലും തിളങ്ങാന്‍ സാധിക്കുന്ന താരമാണെന്നാണ് എനിക്ക് തോന്നുന്നത്. സഞ്ജുവിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. അത് കോച്ചിങ് സ്റ്റാഫുകളുടെ സേവനമാണോ, അക്കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

വി.വി.എസ് ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍, റയാന്‍ ടെന്‍ ഡോഷേറ്റ്, മോണി മോര്‍ക്കല്‍ ഇവരോട് ഞാന്‍ ഒരിക്കലും അനാദരവ് കാണിക്കുകയല്ല. കോച്ചിങ് സ്റ്റാഫുകളില്‍ ആര് തന്നെയെത്തിയാലും സഞ്ജു കൂടുതല്‍ പക്വതയുള്ളവനായി എന്നാണ് എനിക്ക് വ്യക്തമാകുന്നത്. അവന്‍ ചില കാര്യങ്ങള്‍ മനസിലാക്കി,’ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ ഭാഗമായിട്ടും ഒറ്റ മത്സരം പോലും കളിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. സബ്‌സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ ആയാണ് സഞ്ജു ലോകകപ്പില്‍ കളത്തിലിറങ്ങിയത്.

എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായി എത്തിയതോടെ സഞ്ജുവിന് അവസരങ്ങള്‍ ലഭിച്ചു. അഭിഷേക് ശര്‍മക്കൊപ്പം സഞ്ജു ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനും ആരംഭിച്ചു. ഇന്ത്യ – ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ മോശമല്ലാത്ത പ്രകടനം താരം പുറത്തെടുത്തെങ്കിലും രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടു.

ഇതോടെ ഡെഡ് റബ്ബര്‍ മാച്ചില്‍ സഞ്ജുവിന് അവസരമുണ്ടാകില്ല എന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ സൂര്യയും ഗംഭീറും സഞ്ജുവില്‍ വിശ്വാസമര്‍പ്പിച്ചു. ആ വിശ്വാസം കെടാതെ കാത്താണ് സഞ്ജു ഹൈദരാബാദില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഗംഭീറിന്റെ അഭാവത്തില്‍ ലക്ഷ്മണിന് കീഴിലും സഞ്ജു വജ്രം പോലെ തിളങ്ങുകയാണ്.

 

അതേസമയം, സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിനാണ് ഇന്ത്യ കച്ചമുറുക്കുന്നത്. സെന്റ് ജോര്‍ജ്‌സ് ഓവലാണ് ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിന് വേദിയാകുന്നത്.

 

Content Highlight: AB de Villiers praises Sanju Samson