ഇന്ത്യൻ പ്രീമിയർ ലീഗിൽ മത്സരങ്ങൾ പുരോഗമിക്കുകയാണ്. ഐ.പി.എല്ലിന്റെ പതിനാറാം സീസണിലും മത്സരാവേശത്തിന് ഒട്ടും കുറവ് സംഭവിച്ചിട്ടില്ല.
ഇന്ത്യൻ സൂപ്പർ താരമായ വിരാട് ക്യാപ്റ്റനായ റോയൽ ചലഞ്ചേഴ്സ് തങ്ങളുടെ ആദ്യ ഐ.പി.എൽ ട്രോഫി സ്വന്തമാക്കാനുറച്ച് പോരാട്ടത്തിനിറങ്ങുകയാണ്. രോഹിത് ശർമ നയിക്കുന്ന മുംബൈക്കെതിരെയാണ് ബാംഗ്ലൂർ ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരം കളിക്കുന്നത്.
കഴിഞ്ഞ സീസണിലെ പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേട് മറക്കാൻ മികച്ച പ്രകടനം കാഴ്ചവെക്കാനുറച്ച് തന്നെയാണ് മുംബൈയും ഈ സീസണിൽ മത്സരിക്കാനിറങ്ങുന്നത്.
എന്നാൽ ഇന്ത്യൻ ടീമിന്റെ ഇതിഹാസ നായകനായിരുന്ന ധോണിയാണോ, ആർ.സി.ബിയിലെ സഹതാരമായിരുന്ന ഡിവില്ലിയേഴ്സാണോ പ്രിയപ്പെട്ട പ്ലെയർ എന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് വിരാട്.
വിരാടിനെ മികച്ച താരമായും ക്യാപ്റ്റനായും വളർത്തികൊണ്ട് വരുന്നതിൽ നിർണായകമായ പങ്കാണ് ധോണി വഹിച്ചത്.
ധോണിയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് വിരാടും തുറന്ന് പറഞ്ഞിട്ടുണ്ട്.
കൂടാതെ ധോണിയെ തന്റെ മുതിർന്ന സഹോദരനായാണ് കാണുന്നതെന്നും വിരാട് പറഞ്ഞിട്ടുണ്ട്.
ഡിവില്ലിയേഴ്സിനെ സംബന്ധിച്ചാണെങ്കിൽ വിരാടിന്റെ അടുത്ത സുഹൃത്താണദ്ദേഹം. ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത് വരെ വിരാട് അദ്ദേഹത്തിനൊപ്പം ആർ.സി.ബിക്കായി കളിച്ചിരുന്നു.
ധോണിയോ ഡിവില്ലിയേഴ്സോ മികച്ച താരമെന്ന ചോദ്യത്തിന് രണ്ട് പേരും തനിക്ക് പ്രിയപ്പെട്ട താരങ്ങളാണെന്നായിരുന്നു വിരാട് മറുപടി പറഞ്ഞത്.
അതേസമയം ഏപ്രിൽ രണ്ടിന് ഇന്ത്യൻ സമയം രാത്രി 7:30ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചാണ് മുംബൈയും ആർ.സി.ബിയും തമ്മിൽ ഏറ്റുമുട്ടുന്നത്.
സൺ റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും തമ്മിലും അന്നേ ദിവസം മത്സരമുണ്ട്.
Content Highlights:AB de Villiers or MS Dhoni kohli picks his favorite player