ഐ.പി.എല്‍ 2025 മെഗാലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കേണ്ട താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരവും റോയല്‍ ചലഞ്ചേഴ്‌സ് ഹോള്‍ ഓഫ് ഫെയ്മറുമായ എ.ബി. ഡി വില്ലിയേഴ്‌സ്. ടീമിന്റെ ബൗളിങ് യൂണിറ്റിനെ ശക്തിപ്പെടുത്താനായി നാല് സൂപ്പര്‍ ബൗളര്‍മാരെയാണ് ഡി വില്ലിയേഴ്‌സ് തെരഞ്ഞെടുത്തിരിക്കുന്നത്.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
‘ശുഭവാര്‍ത്തയെന്തെന്നാല്‍ വിരാട് ഇപ്പോഴും നമുക്കൊപ്പമുണ്ട്. റിറ്റെന്‍ഷനില്‍ നമ്മള്‍ കാര്യമായി പണം ചെലവാക്കിയിട്ടുമില്ല. ഓക്ഷന്‍ പേഴ്‌സില്‍ ഇപ്പോഴും ആവശ്യത്തിന് തുക ബാക്കിയുണ്ട്. ഇതാണ് എനിക്ക് സന്തോഷം നല്‍കുന്ന മറ്റൊരു കാര്യം.
യൂസിയെ (യൂസ്വന്ദ്രേ ചഹല്‍) നമുക്ക് തിരികെ കൊണ്ടുവരാം. അവനെയൊരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലായിരുന്നു,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.
ചഹലിന് പുറമെ കഗീസോ റബാദ, ഭുവനേശ്വര്‍ കുമാര്‍, ആര്‍. അശ്വിന്‍ എന്നിവരെയും സ്വന്തമാക്കണമെന്ന് ഡി വില്ലിയേഴ്‌ല് പറഞ്ഞു.
എന്റെ പ്രഥമ പരിഗണന യൂസ്വേന്ദ്ര ചഹല്‍, കഗീസോ റബാദ, ഭുവനേശ്വര്‍ കുമാര്‍, രവി അശ്വിന്‍ എന്നിവര്‍ക്കാണ്. ലേലത്തില്‍ ശേഷിക്കുന്ന തുകയെ മുന്‍നിര്‍ത്തി നമുക്ക് കൃത്യമായ ഒരു പ്ലാന്‍ ഉണ്ടാക്കണം.
ഇനി ലേലത്തില്‍ റബാദയെ സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കില്‍ മുഹമ്മദ് ഷമിയെ സ്വന്തമാക്കാന്‍ ശ്രമിക്കണം. ഒരുപക്ഷേ ഷമിയെയും ലഭിച്ചില്ലെങ്കില്‍ അര്‍ഷ്ദീപിനായി ശ്രമിക്കണം. ഒരുപാട് ഓപ്ഷനുകള്‍ നമുക്ക് മുമ്പിലുണ്ട്.
നമുക്ക് ട്രോഫി ആവശ്യമില്ല, ട്രോഫിയെ കുറിച്ച് മറന്നേക്കൂ. ചിന്നസ്വാമിയെ കുറിച്ച് കൃത്യമായി മനസിലാക്കുന്ന ഒരു ടീമിനെയാണ് നമുക്ക് ആവശ്യമുള്ളത്. പ്ലാന്‍ അനുസരിച്ച് പന്തെറിയുന്ന, പ്ലാനിനനുസരിച്ച് കളിക്കാന്‍ സാധിക്കുന്ന, ക്രിക്കറ്റ് എന്ന ഗെയ്മിനെ കുറിച്ച് കൃത്യമായ ധാരണയുള്ളവരെയാണ് നമുക്ക് ആവശ്യം,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.
റിറ്റെന്‍ഷനില്‍ മൂന്ന് താരങ്ങളെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു നിലനിര്‍ത്തിയത്. വിരാട് കോഹ്‌ലിക്ക് പുറമെ രജത് പാടിദാറിനെയും യാഷ് ദയാലിനെയുമാണ് ബെംഗളൂരു വിടാതെ ചേര്‍ത്തുപിടിച്ചത്.
വിരാടിനായി 21 കോടി മാറ്റിവെച്ച ടീം പാടിദാറിനായി 11 കോടിയും ദയാലിന് അഞ്ച് കോടിയും നല്‍കി.
ലേലത്തില്‍ 83 കോടിയാണ് ടീമിന് ചെലവഴിക്കാന്‍ സാധിക്കുന്നത്.
ഗ്ലെന്‍ മാക്‌സ് വെല്‍, മുഹമ്മദ് സിറാജ്, ഫാഫ് ഡു പ്ലെസി അടക്കമുള്ള പല താരങ്ങളെയും ടീം നിലനിര്‍ത്തിയിട്ടില്ല. എന്നാല്‍ മൂന്ന് ആര്‍.ടി.എം ഓപ്ഷനുകള്‍ ടീമിന് മുമ്പിലുണ്ട് എന്നത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
മൂന്ന് ക്യാപ്ഡ് താരങ്ങളെയോ അല്ലെങ്കില്‍ രണ്ട് ക്യാപ്ഡ് താരങ്ങളയും ഒരു അണ്‍ക്യാപ്ഡ് താരത്തെയോ ആര്‍.ടി.എമ്മിലൂടെ ടീമിനെ തിരികെയെത്തിക്കാന്‍ സാധിക്കും.
Content Highlight: AB de Villiers on the players Royal Challengers Bengaluru should acquire in the player auction