|

വിരാടുമല്ല, രോഹിത് ശര്‍മയുമല്ല എന്തിന് ക്രിസ് ഗെയ്ല്‍ പോലുമല്ല; ഫേവറിറ്റ് ടി-20 താരത്തെ വെളിപ്പെടുത്തി ഡി വില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റിലെ തന്റെ ഇഷ്ടതാരത്തെ വെളിപ്പെടുത്തി മിസ്റ്റര്‍ 360 എ.ബി ഡി വില്ലിയേഴ്‌സ്. റാഷിദ് ഖാനാണ് താന്റെ എക്കാലത്തേയും പ്രിയപ്പെട്ട ടി-20 താരമെന്നാണ് അദ്ദേഹം പറഞ്ഞത്.

ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് താരം റാഷിദ് ഖാന്റെ പേര് പറഞ്ഞത്. തന്റെ സഹതാരങ്ങളായ വിരാട് കോഹ്‌ലിയുടെയോ ക്രിസ് ഗെയ്‌ലിന്റെയോ പേര് പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചുകൊണ്ടായികുന്നു ഡി വില്ലിയേഴ്‌സ് റാഷിദ് ഖാന്റെ പേര് പറഞ്ഞത്.

റാഷിദ് ഖാന് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും വിസ്മയം തീര്‍ക്കുന്ന താരമാണെന്നും അദ്ദേഹത്തിന് സിംഹത്തിന്റെ മനസാനിധ്യമാണെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു. സൂപ്പര്‍സ്‌പോര്‍ട് ടി.വിയുടെ ക്യു ആന്‍ഡ് എ സെഷനിലായിരുന്നു ഡി വില്ലിയേഴ്‌സ് ഇക്കാര്യം പറഞ്ഞത്.

‘എന്റെ ഏറ്റവും ഇഷ്യപ്പെട്ട ടി-20 താരം, അത് മറ്റാരുമല്ല റാഷിദ് ഖാനാണ്. അവന്‍ ബാറ്റുകൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. രണ്ട് ഡിപ്പാര്‍ട്‌മെന്റിലും മാച്ച് വിന്നറാണ് റാഷിദ് ഖാന്‍. അവന്‍ ഗ്രൗണ്ടില്‍ ഏറെ പ്രസരിപ്പോടെയാണ് കളിക്കുന്നത്, സിംഹത്തിന്റെ മനസാണ് അവനുള്ളത്.

അവനെപ്പോഴും വിജയിക്കണം എന്ന ചിന്തയാണുള്ളത്. ഏറെ മത്സരബുദ്ധിയോടെയാണ് അവന്‍ കളിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ടി-20 താരങ്ങളുടെ പട്ടികയെടുത്താല്‍ അവന്‍ അതിലുണ്ടാകും. അവന്‍ മികച്ച താരങ്ങളില്‍ ഒരാളല്ല, അവനാണ് മികച്ചത്,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

ഇതുവരെ 77 അന്താരാഷ്ട്ര ടി-20 മത്സരം കളിച്ച റാഷിദ് ഖാന്‍ 43 ഇന്നിങ്‌സില്‍ നിന്നും 129.21 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 345 റണ്‍സാണ് നേടിയത്. ബൗളിങ്ങിലേക്ക് വരുമ്പോള്‍ 6.23 എന്ന എക്കോണമിയില്‍ 126 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായ റാഷിദ് ഖാന്‍ ഐ.പി.എല്ലിലെ 92 മത്സരത്തില്‍ നിന്നും 313 റണ്‍സും 112 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ടി-20 ഫ്രാഞ്ചൈസി ലീഗുകളില്‍ റാഷിദ് ഖാന്‍ സ്ഥിരസാന്നിധ്യമാണ്. പി.എസ്.എല്ലിലെ ലാഹോര്‍ ഖലന്ദേഴ്‌സിന് വേണ്ടിയാണ് നിലവില്‍ റാഷിദ് ഖാന്‍ കളിക്കുന്നത്.

ഗയാന ആമസോണ്‍ വാറിയേഴ്‌സ്, കോമില്ല വിക്ടോറിയന്‍സ്, കാബുള്‍ ഈഗിള്‍സ്, എം.ഐ കേപ് ടൗണ്‍, നന്‍ഗാര്‍ഹാര്‍ ലെപ്പോര്‍ഡ്‌സ്, സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയറ്റ്‌സ്, ബാര്‍ബഡോസ് ട്രൈഡന്റ്‌സ്, ഡര്‍ബന്‍ ഹീറ്റ്, ക്വേറ്റാ ഗ്ലാഡിയേറ്റേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്, ബന്ദ്-ഇ-അമിര്‍ ഡ്രാഗണ്‍സ് തുടങ്ങി പല ഫ്രാഞ്ചൈസി ലീഗുകളില്‍ വിവിധ ടീമുകളില്‍ താരം കളിച്ചിട്ടുണ്ട്.

Content Highlight: AB de Villiers names his favorite T20 player of all time

Video Stories