വിരാട് വീണ്ടും നൃത്തം ചെയ്യുന്നു, എത്ര മനോഹരമായ കാഴ്ച; സുഹൃത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കി എ.ബി.ഡി
Cricket
വിരാട് വീണ്ടും നൃത്തം ചെയ്യുന്നു, എത്ര മനോഹരമായ കാഴ്ച; സുഹൃത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കി എ.ബി.ഡി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th September 2022, 10:20 pm

റോയല്‍ ചാലഞ്ചേഴ്സ് ബെംളൂരുവില്‍ കോഹ്‌ലിയുടെ സഹതാരമായിരുന്നു എ.ബി. ഡിവില്ലിയേഴ്സ്. ഇരുവരും തമ്മിലുള്ള സൗഹൃദം ക്രിക്കറ്റ് ലോകത്ത് സജീവ ചര്‍ച്ചയാണ്. കോഹ്‌ലിയെ താന്‍ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നും കോഹ്‌ലിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും എ.ബി.ഡി പറഞ്ഞിരുന്നു.

എന്നാലിപ്പോള്‍ മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുള്ള കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടം സമൂഹ മാധ്യമങ്ങള്‍ വഴി ആഘോഷിക്കുകയാണ് എ.ബി. ഡിവില്ലിയേഴ്സ്. ഇന്നലെ അവനോട്(കോഹ്‌ലിയോട്) സംസാരിച്ചപ്പോള്‍ എന്തൊക്കെയോ ഇന്ന് പുറത്തെടുക്കുമെന്ന് ഞാന്‍ അറഞ്ഞിരുന്നു. നീ നന്നായി കളിച്ചു സുഹൃത്തേ, എന്നാണ് ഒരു ട്വീറ്റില്‍ എ.ബി.ഡി കുറിച്ചത്. മറ്റൊരു ട്വീറ്റില്‍ ‘വിരാട് കോഹ്‌ലി വീണ്ടും നൃത്തം ചെയ്യുന്നു, എത്ര മനോഹരമായ കാഴ്ച’ എന്നും ഡിവില്ലിയേഴ്‌സ് എഴുതി.

മികച്ച പ്രകടനമാണ് അഫ്ഗാനെതിരെ കോഹ്‌ലി ഇന്ത്യക്കായി പുറത്തിടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ 71ാമത്തെയും അന്താരാഷ്ട്ര ട്വന്റി 20യിലെ ആദ്യ സെഞ്ച്വറിയും കുറിച്ചാണ് വിരാട് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

2019ല്‍ ബംഗ്ലാദേശിനെതിരെ 70ാം സെഞ്ച്വറി കുറിച്ച വിരാടിന് അടുത്ത സെഞ്ച്വറിയിലേക്ക് നടന്നെത്താന്‍ 121 ദിവസമായിരുന്നു വേണ്ടി വന്നത്.

അഫ്ഗാനെതിരായ മത്സരത്തില്‍ ഓപ്പണറുടെ റോളില്‍ കളിച്ച വിരാട് മുന്നില്‍ കിട്ടയ എല്ലാ ബൗളര്‍മാരെയും കണക്കറ്റ് പ്രഹരിച്ചിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുമെന്ന് കരുതിയ അഫ്ഗാന്റെ ബൗളിങ് നിരയെ തച്ചുതകര്‍ത്തായിരുന്നു വിരാട് മുന്നേറിയത്.

ഏഷ്യാ കപ്പ് ഇന്ത്യക്ക് നിരാശ സമ്മാനിച്ചപ്പോള്‍ കോഹ്‌ലി ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഫോം ഔട്ടില്‍ നിന്നും ഫോം ഔട്ടിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന വിരാടിന്റെ തിരിച്ചുവരവായിരുന്നു ഏഷ്യാ കപ്പില്‍ കണ്ടത്.

ആദ്യ മത്സരം മുതല്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ വിരാട് കാണിച്ചിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തില്‍ പതിഞ്ഞ് തുടങ്ങി, ഹോങ്കോങ്ങിനെതിരെ ആഞ്ഞടിച്ച വിരാട് പാകിസ്ഥാനെതിരെ ഒരിക്കല്‍ക്കൂടി കത്തിക്കയറിയിരുന്നു. ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് താരം നിരാശനാക്കിയത്.

അഫ്ഗാനെതിരെ വിരാടിന് പുറമെ മത്സരത്തിലെ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 41 പന്തില്‍ 61 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. സൂര്യകുമാര്‍ യാദവ് രണ്ട് പന്തില്‍ നിന്നും അറ് റണ്‍സ് നേടി പുറത്തായി. 16 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ റിഷബ് പന്താണ് മറ്റൊരു സ്‌കോറര്‍.