ഒരു ദിവസം മുഴുവന്‍ കുത്തിയിരുന്ന് ഏകദിന ക്രിക്കറ്റ് മാച്ച് കാണാന്‍ പോലുമുള്ള ക്ഷമയില്ല ഇപ്പോഴത്തെ ക്രിക്കറ്റ് ആരാധകരില്‍ ഭൂരിഭാഗം പേര്‍ക്കും. പണ്ടൊക്കെ ബ്ലാക്ക് ആന്‍ഡ് ടി.വിക്ക് മുമ്പില്‍ അഞ്ച് ദിവസവും കുത്തിയിരുന്ന് ടെസ്റ്റ് ക്രിക്കറ്റ് മാച്ച് കണ്ട ഓര്‍മ കാണും പലര്‍ക്കും. അന്നത്തെ കളിക്കമ്പക്കാര്‍ക്കൊന്നും അതൊന്നും ഒരു പ്രശ്‌നമേയല്ലായിരുന്നു.
എന്നാല്‍ സെവാഗ്, ഷാഹിദ് അഫ്രീദി, ക്രിസ് ഗെയ്ല്‍ തുടങ്ങിയ വെടിക്കെട്ടുകാരുടെ രംഗപ്രവേശത്തോടെ ക്രിക്കറ്റിന്റെ കോലം മാറിത്തുടങ്ങിയിരുന്നു. ഏകദിന ക്രിക്കറ്റില്‍ പോലും സ്ഥിരമായി മൂന്നൂറിന് മുകളിലുള്ള സ്‌കോറുകളൊക്കെ വന്ന് തുടങ്ങി.
1996ല്‍ ഷാഹിദ് അഫ്രീദി സ്ഥാപിച്ച 37 പന്തിലെ അതിവേഗ സെഞ്ച്വറിയുടെ റെക്കോഡ് ആരും മറികടക്കില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു കീവീസ് താരം ലോകത്തെ ഞെട്ടിച്ചത്. 2014ല്‍ വെറും 36 പന്തില്‍ സെഞ്ച്വറി നേടി ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സണാണ് 17 വര്‍ഷം പഴക്കമുള്ള ലോക റെക്കോഡ് തിരുത്തിയത്.
എന്നാല്‍, തൊട്ടടുത്ത വര്‍ഷം തന്നെ ഏകദിനത്തില്‍ 31 പന്തില്‍ നിന്നൊരാള്‍ സെഞ്ച്വറി നേടി ക്രിക്കറ്റ് ആരാധകരെ തലയില്‍ കൈവെപ്പിച്ചു. 2015 ജനുവരി 18ന് ജോഹന്നാസ് ബര്‍ഗിലെ ഗ്രൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കക്ക് വേണ്ടിയായിരുന്നു എബ്രഹാം ബെഞ്ചമിന്‍ ഡി വില്ലിയേഴ്‌സിന്റെ 360 ആംഗിള്‍ മാജിക് പിറന്നത്.
ഇക്കാലമത്രയും ആര്‍ക്കും കയ്യെത്തിപ്പിടിക്കാനാകാത്ത ലോക റെക്കോഡായി അത് മാറി. വെറും 16 പന്തില്‍ നിന്ന് മൂന്ന് ഫോറും അഞ്ച് സിക്‌സും സഹിതം ഫിഫ്റ്റി കടന്ന താരം അന്ന് ഫാസ്റ്റസ്റ്റ് ഫിഫ്റ്റിയെന്ന ലോക റെക്കോര്‍ഡിട്ടിരുന്നു.
എന്നാല്‍ അവിടെയും തീര്‍ന്നില്ല. അടുത്ത 15 പന്തുകളില്‍ നിന്ന് അടുത്ത അര്‍ധസെഞ്ച്വറി കൂടി കണ്ടെത്തി അടുത്ത ലോക റെക്കോര്‍ഡിനും ഡി വില്ലിയേഴ്‌സ് ഉടമയായി. എട്ട് ഫോറും പത്ത് സിക്‌സറുകളുമാണ് അതുവരെ താരം അടിച്ചെടുത്തത്.
ദക്ഷിണാഫ്രിക്കയുടെ ഫസ്റ്റ് ബാറ്റ് അവസാനിക്കുമ്പോള്‍ ടീം സ്‌കോര്‍ 50 ഓവറില്‍ രണ്ട് വിക്കറ്റിന് 439 റണ്‍സ് ആയിരുന്നു. ഡി വില്ലിയേഴ്‌സിന്റെ വ്യക്തിഗത സ്‌കോറാകട്ടെ 44 പന്തില്‍ നിന്നും 149 റണ്‍സും. 16 സിക്‌സും ഒമ്പത് ഫോറും അടങ്ങുന്ന ഈ അവിശ്വസനീയ ഇന്നിങ്‌സിലൂടെ ടീമിലെ രണ്ട് ഓപ്പണര്‍മാരുടെ സെഞ്ച്വറികള്‍ക്ക് പോലും അല്‍പം നിറം മങ്ങിയെന്നതായിരുന്നു യാഥാര്‍ത്ഥ്യം.
ഏകദിന ക്രിക്കറ്റില്‍ ഡി വില്ലിയേഴ്‌സിന്റെ ഫാസ്റ്റസ്റ്റ് സെഞ്ച്വറിയുടെ റെക്കോഡ് ആര്‍ക്ക് തകര്‍ക്കാനാകുമെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. സമീപകാലത്തൊന്നും ഈ പ്രകടനം ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് ക്രിക്കറ്റ് ആരാധകരും കണക്കുകൂട്ടുന്നത്.
Content Highlights: AB de Villiers hit fastest 100 of all time in odi cricket