ഇന്ത്യയെ രക്ഷിക്കാന്‍ ചെന്നൈയില്‍ അവനുണ്ടാകുമെന്ന് തോന്നുന്നു; സൂപ്പര്‍ താരത്തിനായി വാദിച്ച് ഡി വില്ലിയേഴ്‌സ്
Sports News
ഇന്ത്യയെ രക്ഷിക്കാന്‍ ചെന്നൈയില്‍ അവനുണ്ടാകുമെന്ന് തോന്നുന്നു; സൂപ്പര്‍ താരത്തിനായി വാദിച്ച് ഡി വില്ലിയേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st March 2023, 7:43 pm

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ഏകദിന മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ വെച്ചാണ് നിര്‍ണായകമായ മൂന്നാം ഏകദിനം അരങ്ങേറുന്നത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം ജയിച്ച ഇന്ത്യക്കും ഓസീസിനും മൂന്നാം ഏകദിനം നിര്‍ണായകമാണ്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലേറ്റ തോല്‍വിക്ക് തിരിച്ചടി നല്‍കാന്‍ ഓസീസും സ്വന്തം മണ്ണില്‍ ഏറെ കാലമായി ഒരു പരമ്പര തോറ്റിട്ടില്ല എന്ന വിന്നിങ് സ്ട്രീക് നിലനിര്‍ത്താന്‍ ഇന്ത്യയുമിറങ്ങുമ്പോള്‍ ചെന്നൈയില്‍ തീ പാറും.

 

പരമ്പരയിലെ ആദ്യ മത്സരത്തില്‍ കെ.എല്‍. രാഹുലിന്റെ സെന്‍സിബിള്‍ ഇന്നിങ്‌സും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ മാസ്മരിക പ്രകടനവുമാണ് ഇന്ത്യക്ക് തുണയായതെങ്കില്‍ രണ്ടാം മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു ഷോ സ്റ്റീലര്‍.

ഇന്ത്യന്‍ ബാറ്റര്‍മാരെ ഒന്നൊന്നായി അരിഞ്ഞിട്ട് ഫൈഫര്‍ തികച്ച സ്റ്റാര്‍ക്കിന്റെ മികവില്‍ ഓസീസ് അനായാസം രണ്ടാം ഒ.ഡി.ഐ നടന്നുകയറിയപ്പോള്‍ എല്ലാ കണ്ണും ചെന്നൈയിലെ സീരീസ് ഡിസൈഡറിലേക്കായി.

ചെപ്പോക്കില്‍ വെച്ച് നടക്കുന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുകയാണ് ക്രിക്കറ്റ് ലെജന്‍ഡ് എ.ബി. ഡി വില്ലിയേഴ്‌സ്. ചെപ്പോക്കിലെ പിച്ചില്‍ കുല്‍ദീപിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നും എ.ബി. ഡി കൂട്ടിച്ചേര്‍ത്തു.

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഡി വില്ലിയേഴ്‌സ് ഇക്കാര്യം പറഞ്ഞത്.

‘ബൗളിങ് നിരയില്‍ കുല്‍ദീപ് യാദവ് മികച്ച രീതിയില്‍ പന്തെറിയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവന്‍ ചെന്നൈയില്‍ കളിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

ചെന്നൈ പിച്ച് അല്‍പം ടേണ്‍ നല്‍കുന്നതാണ്. ആ പിച്ചിനെ കൃത്യമായി മുതലാക്കാന്‍ അവന് സാധിക്കും. അവന്റെ പന്തുകള്‍ കളിക്കുക എന്നത് പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെ അവന്‍ എതിരാളികളെ ബുദ്ധിമുട്ടിച്ചുകൊണ്ടേയിരിക്കും,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

 

 

നേരത്തെ ഓസട്രേലിയക്കെതിരെ ഹാട്രിക് നേടിയ കുല്‍ദീപിനെ മാര്‍ച്ച് 22ന് നടക്കുന്ന സീരീസ് ഡിസൈഡറില്‍ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ഓസീസിന് തലവേദന സൃഷ്ടിക്കാന്‍ ഈ മിസ്റ്ററി സ്പിന്നര്‍ക്ക് സാധിക്കുമെന്ന കാര്യമുറപ്പാണ്.

 

Content Highlight: AB De Villiers backs Kulfeep Yadav to play 3rd ODI in Chennai