ഐ.സി.സി ഹോള്‍ ഓഫ് ഫെയ്മില്‍ ഇടം നേടി മുന്‍ ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്കും പ്രോട്ടിയാസ് ഇതിഹാസ താരം എ ബി ഡി വില്ലിയേഴ്‌സും. ഇവര്‍ക്ക് പുറമെ ഇന്ത്യന്‍ സൂപ്പര്‍ താരം നീതു ഡേവിഡും ഐ.സി.സിയുടെ എലീറ്റ് ലീസ്റ്റില്‍ ഇടം നേടി. ഒക്ടോബര്‍ 16നാണ് പുതിയ ഇന്‍ഡക്ഷനായി മൂവരെയും ഐ.സി.സി ഹോള്‍ ഓഫ് ഫെയ്മിന്റെ ഭാഗമാക്കിയത്.
ഇംഗ്ലണ്ട് പ്രൊഡ്യൂസ് ചെയ്ത എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായാണ് സര്‍ അലിസ്റ്റര്‍ കുക്ക് തന്റെ പേര് ചരിത്രത്താളുകളില്‍ കുറിച്ചിട്ടത്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായണ് കുക്ക് പാഡഴിച്ചത്.
ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയ 161 ടെസ്റ്റില്‍ നിന്നും 43.35 ശരാശരിയില്‍ 12,472 റണ്‍സാണ് താരം നേടിയത്. ഇക്കഴിഞ്ഞ പാകിസ്ഥാന്‍ പര്യടനത്തില്‍ ജോ റൂട്ട് ഈ റെക്കോഡ് തകര്‍ക്കും വരെ കുക്കിന്റെ പേരിലായിരുന്നു ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ ഇംഗ്ലീഷ് താരമെന്ന നേട്ടമുണ്ടായിരുന്നത്.
92 ഏകദിനത്തില്‍ നിന്ന് 36.40 ശരാശരിയില്‍ 3204 റണ്‍സും നാല് ടി-20യില്‍ നിന്ന് 60 റണ്‍സും താരം സ്വന്തമാക്കി.
ഒരു ബാറ്റര്‍ എന്ന നിലയില്‍ മാത്രമല്ല, ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ എന്ന നിലയിലും ഷെഫ് പേരെടുത്തിരുന്നു. ഇംഗ്ലണ്ട് അവസാനമായി ഓസല്‌ട്രേലിയയിലെത്തി ആഷസ് പരമ്പര സ്വന്തമാക്കിയത് കുക്കിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. ഇതിന് പുറമെ ഇന്ത്യ അവസാനമായി ഹോം ടെസ്റ്റ് പരമ്പരയില്‍ പരാജയമറിഞ്ഞതും ഇംഗ്ലീഷ് ഇതിഹാസത്തിന്റെ ടീമിനോടായിരുന്നു.
ക്രിക്കറ്റ് കണ്ടതില്‍ വെച്ച് ഏറ്റവും ഡൈനാമിക് ക്രിക്കറ്ററാര് എന്ന ചോദ്യത്തിന് സംശയലേശമന്യേ പറയാന്‍ സാധിക്കുന്ന പേരുകളില്‍ ഒന്നാണ് പ്രോട്ടിയാസ് ഇതിഹാസം എ.ബി. ഡി വില്ലിയേഴ്‌സിന്റേത്. ഗ്രൗണ്ടിന്റെ എല്ലാ കോണിലേക്കും ഒരുപോലെ ഷോട്ടുകള്‍ പായിക്കാന്‍ അഗ്രഗണ്യനായ ഡി വില്ലിയേഴ്‌സിനെ മിസ്റ്റര്‍ 360 എന്നാണ് ആരാധകര്‍ ഓമനപ്പേരിട്ട് വിളിച്ചത്.
സൗത്ത് ആഫ്രിക്കക്കായി നീണ്ട 14 വര്‍ഷമാണ് ഡി വില്ലിയേഴ്‌സ് കളത്തിലിറങ്ങിയത്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 20,000ലധികം റണ്‍സ് നേടിയ താരം ജാക് കാല്ലിസിന് ശേഷം പ്രോട്ടിയാസിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന നേട്ടവും സ്വന്തമാക്കിയാണ് 22 യാര്‍ഡ് പിച്ചിനോട് വിട പറഞ്ഞത്.\
ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയുള്‍പ്പടെ പല റെക്കോഡുകളും ഇന്നും ഡി വില്ലിയേഴ്‌സിന്റെ പേരില്‍ തന്നെയാണ്.
ഇന്ത്യയിലെ എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്റര്‍മാരില്‍ പ്രധാനിയാണ് നീതു ഡേവിഡ്. ഐ.സി.സിയുടെ ഈ എലീറ്റ് ലിസ്റ്റില്‍ ഇടം നേടുന്ന രണ്ടാമത് ഇന്ത്യന്‍ വനിതാ താരം കൂടിയാണ് നീതു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓഫ് സ്പിന്നറായ നീതു, ദേശീയ ജേഴ്‌സിയില്‍ നൂറിലധികം മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ഏകദിനത്തില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടം സ്വന്തമാക്കിയ നീതു, 97 ഏകദിനത്തില്‍ നിന്നും 16.43 ശരാശരിയില്‍ 141 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. പത്ത് ടെസ്റ്റില്‍ നിന്നുമായി 41 വിക്കറ്റും ഓഫ് സ്പിന്നര്‍ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.
Content highlight: AB de Villiers, Alastair Cook and Neethu David inducted into ICC Hall of Fame