| Sunday, 10th November 2024, 2:06 pm

ഈ കൊച്ചു ക്രിക്കറ്റ് ലോകത്ത് എന്തൊക്കെയാ നടക്കുന്നത്; ഞെട്ടല്‍ മാറാതെ ഡി വില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

പര്യടനത്തിനെത്തുന്ന ടീമുകള്‍ ഹോം ടീമുകളെ നിഷ്പ്രഭമാക്കുന്നതില്‍ പ്രതികരിച്ച് പ്രോട്ടിയാസ് ഇതിഹാസ താരവും ഐ.സി.സി ഹോള്‍ ഓഫ് ഫെയ്മറുമായ എ.ബി. ഡി വില്ലിയേഴ്‌സ്. സമീപകാലത്ത് നടന്നതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതുമായ പരമ്പരകള്‍ ചൂണ്ടിക്കാണിച്ചാണ് ഡി വില്ലിയേഴ്‌സ് രംഗത്തെത്തിയിരിക്കുന്നത്.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനമാണ് ഡി വില്ലിയേഴ്‌സ് ആദ്യം പരാമര്‍ശിച്ചത്. ഹോം ടെസ്റ്റില്‍ ഒരു പതിറ്റാണ്ടിലേറെ കാലം തോല്‍വിയറിയാതിരുന്ന ഇന്ത്യയുടെ കുത്തക അവസാനിപ്പിച്ച് ന്യൂസിലാന്‍ഡ് പരമ്പര സ്വന്തമാക്കിയിരുന്നു.

2012ല്‍ ഇംഗ്ലണ്ട് ഇന്ത്യയെ ഇന്ത്യയിലെത്തി പരാജയപ്പെടുത്തിയതിന് ശേഷം ന്യൂസിലാന്‍ഡിന്റെ പര്യടനത്തിന് തൊട്ടുമുമ്പ് വരെ ഒരിക്കല്‍പ്പോലും ഇന്ത്യ ഹോം കണ്ടീഷനില്‍ തോല്‍വിയറിഞ്ഞിരുന്നില്ല. എന്നാല്‍ താന്‍ കുഴിച്ച കുഴില്‍ താന്‍ വീണു എന്നതുപോലെ ഇന്ത്യയൊരുക്കിയ സ്പിന്‍ ട്രാക്കില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ കുഴിച്ചുമൂടുകയായിരുന്നു.

മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0നാണ് ഇന്ത്യ പരാജയപ്പെട്ടത്.

സൗത്ത് ആഫ്രിക്കയുടെ ബംഗ്ലാദേശ് പര്യടനമാണ് ഡി വില്ലിയേഴ്‌സ് പരാമര്‍ശിച്ച രണ്ടാമത് പരമ്പര. രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കായാണ് പ്രോട്ടിയാസ് ബംഗ്ലാ കടുവകളുടെ തട്ടകത്തിലെത്തിയത്. പാകിസ്ഥാനോട് പരമ്പര വിജയിച്ചും ഇന്ത്യയോട് തോറ്റും നിന്ന ബംഗ്ലാദേശിനെ വൈറ്റ്‌വാഷടിച്ചാണ് പ്രോട്ടിയാസ് തിരികെ മടങ്ങിയത്.

പരമ്പരയിലെ ആദ്യ മത്സരം സന്ദര്‍ശകര്‍ ഏഴ് വിക്കറ്റിന് വിജയിച്ചപ്പോള്‍ രണ്ടാം മത്സരം ഇന്നിങ്‌സിനും 275 റണ്‍സിനും മര്‍ക്രമിന്റെ സംഘം വിജയിച്ചുകയറി.

ഡി വില്ലിയേഴ്‌സ് ഈ പോസ്റ്റ് പങ്കുവെക്കാന്‍ കാരണമായ പരമ്പരയാണ് അടുത്തത്. പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനം.

സ്വന്തം തട്ടകത്തില്‍ കാലങ്ങളായി ടെസ്റ്റ് പരമ്പര ജയിക്കാന്‍ സാധിക്കാത്ത ടീം എന്ന ചീത്തപ്പേര് മാറ്റിയെടുത്താണ് പാക് പട വൈറ്റ് ബോള്‍ സീരീസിനായി ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറിയത്. മൂന്ന് ഏകദിനവും അത്ര തന്നെ ടി-20യുമാണ് ഈ പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയാണ് ഇതില്‍ ആദ്യം.

പരമ്പരയിലെ ആദ്യ മത്സരം രണ്ട് വിക്കറ്റിന് ജയിച്ച ഓസ്‌ട്രേലിയ രണ്ടാം മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് പരാജയപ്പെട്ടു. തങ്ങളുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയ പുറത്തെടുത്തത്. 35 ഓവറില്‍ വെറും 163ന് ടീം പുറത്തായി. സയീം അയ്യൂബിന്റെയും അബ്ദുള്ള ഷഫീഖിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ വിജയിച്ച പാകിസ്ഥാന്‍ പരമ്പരയില്‍ ഒപ്പമെത്തി.

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ തകര്‍ച്ച കണ്ടതിന് ശേഷമാണ് ഡി വില്ലിയേഴ്‌സ് ഈ പോസ്റ്റ് പങ്കുവെച്ചത്. 31.5 ഓവറില്‍ വെറും 140 റണ്‍സിന് ഓസ്‌ട്രേലിയ പുറത്തായി. സ്വന്തം തട്ടകത്തില്‍, അതും സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ഓസീസ് ഇത്തരത്തില്‍ തകര്‍ന്നടിഞ്ഞതിന്റെ ഞെട്ടലിലായിരുന്നു എ.ബി.ഡി.

ഓസ്‌ട്രേലിയയിലെ ചരിത്ര പരമ്പര വിജയത്തിന് അടുത്താണ് പാകിസ്ഥാന്‍. നിലവില്‍ 20 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍. 180 പന്തില്‍ നിന്നും 47 റണ്‍സാണ് സന്ദര്‍ശകര്‍ക്ക് വിജയിക്കാന്‍ ആവശ്യമുള്ളത്.

ഇതിനൊപ്പം ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തെയും പ്രോട്ടിയാസ് ലെജന്‍ഡ് പരാമര്‍ശിക്കുന്നുണ്ട്. നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി-20 സഞ്ജു സാംസണിന്റെ കരുത്തില്‍ ഇന്ത്യ 61 റണ്‍സിന് വിജയിച്ചിരുന്നു. ഇന്ത്യയുടെ 203 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ 141ന് പുറത്തായി.

പരമ്പരയിലെ രണ്ടാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഞായറാഴ്ച നടക്കുന്ന മത്സരത്തിന് സെന്റ് ജോര്‍ജ്‌സ് ഓവലാണ് വേദിയാകുന്നത്.

Content Highlight: AB de Villiers about the trend of touring Cricket teams dominating the home side

We use cookies to give you the best possible experience. Learn more