ഐ.പി.എല്‍ 2025ന് മുന്നോടിയായി പഞ്ചാബ് കിങ്‌സ് ശ്രേയസ് അയ്യരിനെ തങ്ങളുടെ നായകനായി പ്രഖ്യാപിച്ചിരുന്നു. ടീമിന്റെ 17ാം ക്യാപ്റ്റനായാണ് അയ്യര്‍ ചുമതലയേറ്റത്.
ഐ.പി.എല്‍ മെഗാ ലേലത്തിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും ഓക്ഷന്‍ പൂളിലേക്കിറങ്ങിയ ശ്രേയസ് അയ്യരിനെ 26.75 കോടി നല്‍കിയാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. താരത്തെ ടീമിലെത്തിച്ചതുമുതല്‍ തന്നെ പഞ്ചാബിന്റെ അടുത്ത ക്യാപ്റ്റന്‍ അയ്യര്‍ തന്നെ ആയിരിക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു.
ഇപ്പോള്‍ ശ്രേയസ് അയ്യരിനെ പഞ്ചാബ് കിങ്‌സ് തങ്ങളുടെ ക്യാപ്റ്റനായി പ്രഖ്യാപിച്ച രീതിയെ കുറിച്ച് സംസാരിക്കുകയാണ് പ്രോട്ടിയാസ് ഇതിഹാസ താരം എ.ബി. ഡി വില്ലിയേഴ്‌സ്. ഇത്തരത്തില്‍ ഒന്ന് ഇതിന് മുമ്പ് കണ്ടിട്ടില്ല എന്നാണ് പഞ്ചാബ് ക്യാപ്റ്റനെ പ്രഖ്യാപിച്ച രീതിയെ കുറിച്ച് ഡി വില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടത്.
ടി.വി റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ വെച്ച് സല്‍മാന്‍ ഖാനാണ് ശ്രേയസ് അയ്യരിനെ പഞ്ചാബ് തങ്ങളുടെ ക്യാപ്റ്റനായി തെരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്.
‘ഇതുപോലെ ഒന്ന് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഞങ്ങള്‍ പത്രസമ്മേളനം വിളിച്ചാണ് ടീമിനെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും മറ്റും നടത്താറുള്ളത്. എന്നാല്‍ ഇത്… ഇതൊരു പുതിയ ശൈലിയാണെന്നാണ് ഞാന്‍ കരുതുന്നത്,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.
ടീമില്‍ നിലനിര്‍ത്താതെ ശ്രേയസ് അയ്യരിനെ വിട്ടുകളഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു.
‘ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടീമിനെ തങ്ങളുടെ മൂന്നാം കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. സമ്മര്‍ദ ഘട്ടങ്ങളെ രസകരമായി നേരിട്ട അയ്യര്‍ ടീമിനെ മുമ്പില്‍ നിന്നും നയിച്ചു. അവനെ നിലനിര്‍ത്താതെ വളരെ വലിയ തെറ്റാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെയ്തത്. അവര്‍ ഉറപ്പായും ശ്രേയസ് അയ്യരിനെ മിസ് ചെയ്യും’
പഞ്ചാബ് കിങ്‌സില്‍ അയ്യര്‍ റിക്കി പോണ്ടിങ്ങുമായി കൈകോര്‍ക്കുന്നതിനെ കുറിച്ചും ഡി വില്ലിയേഴ്‌സ് സംസാരിച്ചു.
‘ക്രിക്കറ്റ് ലോകം കണ്ടതില്‍ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് റിക്കി പോണ്ടിങ്. കൂര്‍മബുദ്ധിയാണ് അദ്ദേഹത്തിനുള്ളത്, ടൈറ്റില്‍ വിജയിക്കാന്‍ എന്ത് വേണമെന്നും അദ്ദേഹത്തിന് ക്യത്യമായി അറിയാം. ടീമില്‍ പോണ്ടിങ്ങിന്റെ സാന്നിധ്യം അയ്യരിന് ഏറെ ഗുണം ചെയ്യും. ഇരുവരും ചേര്‍ന്ന് ടീമിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്‌തേക്കും,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.
പഞ്ചാബ് കിങ്‌സ് തങ്ങളുടെ നായകനായി അയ്യരിനെ പ്രഖ്യാപിച്ചതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരത്തെ തേടിയെത്തിയിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ മൂന്ന് വിവിധ ടീമുകളുടെ ക്യാപ്റ്റന്‍സിയേറ്റെടുക്കുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് താരം കാലെടുത്ത് വെച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത് താരവും ആദ്യ ഇന്ത്യന്‍ താരവുമാണ് അയ്യര്‍.
(താരം – ടീമുകള്‍ എന്നീ ക്രമത്തില്‍)
ശ്രേയസ് അയ്യര്‍ – ദല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ്*
കുമാര്‍ സംഗക്കാര – ഡെക്കാന്‍ ചാര്‍ജേഴ്സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്.
സ്റ്റീവ് സ്മിത് – പൂനെ വാറിയേഴ്സ് ഇന്ത്യ, രാജസ്ഥാന്‍ റോയല്‍സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സ്.
മഹേല ജയവര്‍ധനെ – ദല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, കൊച്ചി ടസ്‌കേഴ്സ് കേരള.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടമണിയിച്ച ശ്രേയസ് മാജിക് ഇത്തവണ പഞ്ചാബിനൊപ്പവും സംഭവിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്റിന്റെ ആരംഭം മുതല്‍ ഐ.പി.എല്ലിലുണ്ടായിട്ടും കിരീടം നേടാന്‍ സാധിക്കാതെ പോയ ടീം എന്ന അപഖ്യാതിയും അയ്യരിന് കീഴില്‍ പഞ്ചാബ് മറികടക്കുമെന്നും ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.
Content Highlight: AB de Villiers about Shreyas Iyer and Punjab Kings