രോഹിത് ശര്‍മ ഐ.പി.എല്‍ വിടാന്‍ ഒരു സാധ്യതയും താന്‍ കാണുന്നില്ലെന്ന് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസവും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഹാള്‍ ഓഫ് ഫെയ്മറുമായ എ.ബി ഡി വില്ലിയേഴ്‌സ്.
രോഹിത് ശര്‍മ മെഗാ ലേലത്തിന്റെ ഭാഗമായാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്ത് വില കൊടുത്തും താരത്തെ ടീമിലെത്തിക്കണമെന്ന മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഡി വില്ലിയേഴ്‌സ്.
രോഹിത് റോയല്‍ ചലഞ്ചേഴ്‌സിന്റെ ഭാഗമായാല്‍ അതൊരു ചരിത്ര സംഭവമായിരിക്കുമെന്ന് അഭിപ്രായപ്പെട്ട താരം മുംബൈ ഇന്ത്യന്‍സ് ഒരിക്കലും രോഹിത് ശര്‍മയെ വിട്ടുകൊടുക്കില്ലെന്നും പറഞ്ഞു.
‘രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഭാഗമായാല്‍ അതൊരു സംഭവം തന്നെയായിരിക്കും. ആ സമയത്തെ പത്രങ്ങളുടെ തലക്കെട്ടുകള്‍ ഒന്നാലോചിച്ചു നോക്കൂ.
ഹര്‍ദിക് പാണ്ഡ്യയെ ടീമിലെത്തിച്ചതിനേക്കാള്‍ വലിയ നീക്കമായിരിക്കുമത്. ഹര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് വീണ്ടും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായി. അത് അത്രത്തോളം സര്‍പ്രൈസിങ്ങായിരുന്നില്ല. പക്ഷേ രോഹിത് മുംബൈ വിട്ട് എതിരാളികളായ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഭാഗമായാല്‍… ഓ മൈ ഗോഡ്!
അങ്ങനെ സംഭവിക്കാന്‍ എന്തെങ്കിലും സാധ്യതകളുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ വിട്ടുകളയുമെന്ന് എനിക്ക് ഒരിക്കലും തോന്നുന്നില്ല. പൂജ്യം ശതമാനമോ അല്ലെങ്കില്‍ 0.1 ശതമാനമോ മാത്രമേ അതിനുള്ള സാധ്യതകളുള്ളൂ,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.
കഴിഞ്ഞ സീസണിന് മുന്നോടിയായാണ് മുംബൈ ഇന്ത്യന്‍സ് ആരാധകരെയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ച് ഹര്‍ദിക് പാണ്ഡ്യയെ ടീമിന്റെ ഭാഗമാക്കിയത്. ടീമിന്റെ ഭാഗമാക്കുക മാത്രമല്ല, മുംബൈയെ അഞ്ച് തവണ കിരീടം ചൂടിച്ച രോഹിത് ശര്‍മയെ മാറ്റി നിര്‍ത്തി ഹര്‍ദിക്കിന് ക്യാപ്റ്റന്‍സി നല്‍കുകയും ചെയ്തു.
ടീം വിട്ട ശേഷം മുംബൈ ഇന്ത്യന്‍സിനെ ഇകഴ്ത്തി സംസാരിച്ച ഒരാള്‍ക്ക് രോഹിത്തിനെ മാറ്റി ക്യാപ്റ്റന്‍സി നല്‍കിയത് ആരാധകര്‍ക്കും ദഹിക്കുന്നതായിരുന്നില്ല. ഹര്‍ദിക്കിനെതരെ മുംബൈ ആരാധകര്‍ തന്നെ പരസ്യമായി രംഗത്തുവന്നു.
മുംബൈയുടെ ഓരോ മത്സരത്തിലും ഹര്‍ദിക്കിനെ ആരാധകര്‍ കൂവിക്കൊണ്ടിരുന്നു. ടീമിനുള്ളിലും ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുത്തു.
ഇതോടെ അടുത്ത സീസണില്‍ രോഹിത് ടീം വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നു. രോഹിത്തിനൊപ്പം സൂര്യകുമാറും ബുംറയും മുംബൈ വിടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സീസണില്‍ കളിച്ച 14 മത്സരത്തില്‍ പത്തിലും പരാജയപ്പെട്ട് പത്താം സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്. എട്ട് പോയിന്റ് മാത്രമാണ് ടീമിനുണ്ടായിരുന്നത്.
Content Highlight: AB de Villiers about Rohit Sharma leaving Mumbai Indians