| Thursday, 21st September 2023, 9:34 pm

ഞാന്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നവനാണ്, അതൊന്നും എന്നെ ഒരിക്കലും വിഷമിപ്പിച്ചിട്ടില്ല; എ.ബി. ഡി വില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കാതെ പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെ ടീമിനുള്ളിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസവും സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയും തമ്മിലുള്ള തര്‍ക്കങ്ങളായിരുന്നു പാക് ആരാധകരെ നിരാശരാക്കിയത്.

ബോല്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം തോല്‍വിയില്‍ നിരാശനായ ബാബര്‍ സീനിയര്‍ താരങ്ങളുടെ മോശം പ്രകടനത്തെ വിമര്‍ശിച്ചു. എന്നാല്‍ ഷഹീന്‍ ഇതിനിടയില്‍ ഇടപെടുകയും നന്നായി കളിച്ചവരെ അഭിനന്ദിക്കാന്‍ പറയുകയും ചെയ്തു.

ഷഹീന്റെ ഈ ഇടപെടല്‍ ഇഷ്ടപ്പെടാതിരുന്ന ബാബര്‍ ആര് നന്നായി കളിച്ചുവെന്നും ആര് കളിച്ചില്ലെന്നും തനിക്കറിയാമെന്നും പറഞ്ഞു.

ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം എ.ബി. ഡി വില്ലിയേഴ്‌സ്. ഇത് വലിയ വിഷയമായി കാണേണ്ടതില്ലെന്നും ടീമില്‍ ഒന്നിലധികം ലീഡേഴ്‌സ് ഉണ്ട് എന്നറിയിക്കാന്‍ ഇത്തരത്തിലുള്ള തര്‍ക്കങ്ങള്‍ നല്ലതാണ് എന്നാണ് ഡി വില്ലിയേഴ്‌സ് പറഞ്ഞത്.

360 ഷോയിലൂടെയാണ് ഡി വില്ലിയേഴ്‌സ് വിഷയത്തില്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘ ഡ്രസിങ് റൂമിലെ ഫൂട്ടേജുകള്‍ നമ്മള്‍ കണ്ടതാണ്. ചെറിയ തോതിലുള്ള ചില തര്‍ക്കങ്ങളും വാക്കേറ്റങ്ങളുമാണ് അതിലുണ്ടായിരുന്നത്. അവിടെയും ഇവിടെയുമായി ചെറിയ പൊട്ടലും ചീറ്റലും, ഇത് സര്‍വ സാധാരണമാണ്.

ഞാന്‍ ഒരു പാകിസ്ഥാന്‍ സപ്പോര്‍ട്ടറാണ്, ഇതൊന്നും എന്നെ വിഷമിപ്പിക്കാറേയില്ല. സത്യത്തില്‍ ഇത് സംഭവിച്ചതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്. ഡ്രസിങ് റൂമില്‍ ചിലരുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കുന്നു, അവര്‍ ചെറിയ തോതില്‍ തര്‍ക്കിക്കുന്നു.

ഇതില്‍ ഒരു തെറ്റുമില്ല. ചിലപ്പോള്‍ എല്ലാം കലങ്ങിത്തെളിയാന്‍ ഇത്തരം സംഭവങ്ങള്‍ ആവശ്യമായി വന്നേക്കാം. പരസ്പരം കണ്ണുകളിലേക്ക് നോക്കി ഇങ്ങനെ വേണമായിരുന്നു കളിക്കേണ്ടിയിരുന്നത്, ഇത് ഇങ്ങനെയാണ് നടക്കുക എന്നെല്ലാം പറയുന്നതാണത്. നമ്മളിപ്പോള്‍ ലോകകപ്പിലേക്ക് കടക്കുകയാണ്. മികച്ച പ്രകടനം തന്നെ നടത്തേണ്ടതുണ്ട്,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

ഒക്ടോബര്‍ പത്തിനാണ് ലോകകപ്പില്‍ പാകിസ്ഥാന്റെ ആദ്യ മത്സരം. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളികള്‍.

മിക്ക ടീമുകളും ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നെങ്കിലും പാകിസ്ഥാന്‍ ഇതുവരെ സ്‌ക്വാഡ് പുറത്തുവിട്ടിട്ടില്ല.

പാകിസ്ഥാന്‍ സാധ്യത സ്‌ക്വാഡ്:

ബാബര്‍ അസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, സല്‍മാന്‍ അലി ആഘ, ഇഫ്തിഖര്‍ അഹമ്മദ്, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ഹാരിസ്, ഷദാബ് ഖാന്‍/ അബ്രാര്‍ അഹമ്മദ്, മുഹമ്മദ് നവാസ്, ഒസാമ മിര്‍, ഹാരിസ് റൗഫ്, നസീം ഷാ, ഷഹീന്‍ അഫ്രിദി.

Content Highlight: AB de Villiers about Pakistan team

We use cookies to give you the best possible experience. Learn more