ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ശത്രുക്കളെ തുറന്ന് കാണിക്കുന്ന സിനിമ; ദി കേരള സ്‌റ്റോറിയെ പുകഴ്ത്തി എ.പി.അബ്ദുള്ളക്കുട്ടി
Kerala News
ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ശത്രുക്കളെ തുറന്ന് കാണിക്കുന്ന സിനിമ; ദി കേരള സ്‌റ്റോറിയെ പുകഴ്ത്തി എ.പി.അബ്ദുള്ളക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th May 2023, 7:32 pm

തിരുവനന്തപുരം: ഇസ്‌ലാമോഫോബിക് ആശയം നിറഞ്ഞ സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’യെ പ്രകീര്‍ത്തിച്ച് ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ശത്രുക്കളെ തുറന്ന് കാണിക്കുന്ന സിനിമയാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ‘കേരള സ്റ്റോറി’ എന്ന സിനിമ കണ്ടു. മനസ്സിനെ പിടിച്ചുലച്ചു ആ ആഖ്യാനം. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ശത്രുക്കളെ തുറന്ന് കാണിക്കുകയും ആ ശത്രുക്കളുടെ കമോഫ്‌ളാഷ്ഡ് അറ്റാക്കില്‍നിന്നും കേരളത്തിലെ നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ രക്ഷിക്കാനും ഉതകുന്നതാണ് ഈ സിനിമ എന്ന് ഇത് കണ്ട് തീരുമ്പോള്‍ മുന്‍വിധികളില്ലാത്തവര്‍ക്കെല്ലാം മനസ്സിലാവും.

ജിഹാദികള്‍ക്കെതിരെയുള്ള ഒരു സാംസ്‌കാരിക കലാപമാണ് ഈ സിനിമ.’ അദ്ദേഹം പറഞ്ഞു.

ഇത് കേരള സ്റ്റോറി മാത്രമല്ലെന്നും, ഭാരതത്തിലെയും ലോകത്തിലെയും സ്‌റ്റോറിയാണെന്നും അദ്ദേഹം പറഞ്ഞു.

‘സത്യത്തില്‍ ഇതിനെ പേരിട്ട് വിളിക്കേണ്ടത് കേരള സ്റ്റോറിയെന്നല്ല, ഭാരത സ്റ്റോറി എന്നാണ്. സെന്റ് തോമസിനേയും, മാലിക്ക് ദിനാറിനേയും സ്വീകരിച്ച് ചര്‍ച്ചും, പള്ളിയും എടുക്കാന്‍ സൗകര്യം ചെയ്ത് കൊടുത്ത് തുടങ്ങിയ ഒരു പാരമ്പര്യമുണ്ട്. അതിന്റെ പേരാണ് സനാതന സംസ്‌കാരം.

ലോകത്തിലെ എല്ലാ മനുഷ്യരേയും മഹത്തായ ഈ ദേശത്തിന്റെ മടിയിലേക്ക് വിളിച്ച്, പാലില്‍ വെള്ളമെന്നത് പോലെ ഈ നാടിന്റെ ഭാഗമായി കലരൂ എന്ന് പ്രഖ്യാപിച്ച സംസ്‌കാരമാണത്. മാര്‍ക്‌സിന്റെ പുസ്തകത്തില്‍ തിരഞ്ഞാല്‍ ഈ ഭാരതസ്റ്റോറി കണ്ടെന്നുവരില്ല.

ഇറാനില്‍ നിന്ന് ഇസ്‌ലാം ആട്ടിയോടിച്ച സൗരാഷ്ട്രരേയും, ടിബറ്റില്‍ നിന്ന് കമ്മ്യൂണിസ്റ്റ് ചൈന ഓടിച്ച ദലൈ ലാമയേയും കൂട്ടരേയും സ്വീകരിച്ച സംസ്‌കാരത്തിന്റെ പേര് ഭാരത സ്റ്റോറി എന്നാണ്. കാലം മാറുകയാണ്. ചരിത്രത്തിലായാലും കലയിലായാലും സഖാക്കന്മാര്‍ കാലാകാലങ്ങളായി ഉണ്ടാക്കിവെച്ചിട്ടുള്ള നരേറ്റീവ് പാടേ പൊളിച്ചെഴുതപ്പെട്ടു തുടങ്ങി,’ എ.പി. അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളാ സ്റ്റോറി, ലോക സ്റ്റോറി, ഭാരത സ്റ്റോറി

സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ‘കേരള സ്റ്റോറി’ എന്ന സിനിമ കണ്ടു. മനസ്സിനെ പിടിച്ചുലച്ചു ആ ആഖ്യാനം. സിനിമയുടെ അവസാനം, ലോകത്തിന്റെ പല ഭാഗത്ത് നിന്നും ജിഹാദികളുടെ വലയില്‍ കുടുങ്ങിയെത്തിയ സ്ത്രീകളില്‍ ഒരാളുടെ കൊച്ചു മകള്‍ ഹിജാബ് ചുരുട്ടി തീക്കുണ്ഠത്തിലേക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട്.

സീന്‍ കണ്ട് കാണികള്‍ കൈയടിച്ചു. ചുറ്റും കൂടിയ ലൈംഗിക അടിമകളുടെ കൂട്ടത്തില്‍ ആഫ്രിക്കക്കാരും, യുറോപ്യന്‍ വംശജരും ഏഷ്യക്കാരും എല്ലാം ഉണ്ട്. അവരില്‍ ഹിജാബ് വലിച്ചൂരി എരിയുന്ന തീയിലേക്ക് എറിയുമ്പോഴാണ് കുഞ്ഞിന്റെ മുടി സ്വര്‍ണ്ണനിറമുള്ളതാണ് എന്ന് മനസ്സിലാവുന്നത്.

ഇത് കേരളത്തിന്റെ കഥമാത്രമല്ല,ലോകത്തിന്റെ കഥയാണ് എന്ന് ആ നിമിഷത്തില്‍ നാം തിരിച്ചറിയുന്നു. ഇത് കേരളത്തെ അപമാനിക്കുന്ന സിനിമയാണ്,നിരോധിക്കണം എന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ‘മതേതര ബുദ്ധിജീവി’കളുടേയും കഥയറിതാതെ ആടുന്നത് പതിവാക്കിയ രാഷ്ട്രീയജീവികളുടേയും ബഹളം.

ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ശത്രുക്കളെ തുറന്ന് കാണിക്കുകയും ആ ശത്രുക്കളുടെ കമോഫ്‌ളാഷ്ഡ് അറ്റാക്കില്‍നിന്നും കേരളത്തിലെ നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ രക്ഷിക്കാനും ഉതകുന്നതാണ് ഈ സിനിമ എന്ന് ഇത് കണ്ട് തീരുമ്പോള്‍ മുന്‍വിധികളില്ലാത്തവര്‍ക്കെല്ലാം മനസ്സിലാവും. ജിഹാദികള്‍ക്കെതിരെയുള്ള ഒരു സാംസ്‌കാരിക കലാപമാണ് ഈ സിനിമ

പിന്നെ ആരണ് ഇപ്പോള്‍ ഈ വിവാദം ഉണ്ടാക്കിയത്? ഇതിന്റെ പിന്നില്‍ കേരളത്തില്‍ നിരോധിക്കപ്പെട്ട pfi യുടെ പ്രേതങ്ങളാണ് എന്ന് ‘ചെറിയ ബുദ്ധി’യില്‍ ചിന്തിച്ചാല്‍പ്പോലും മനസ്സിലാവും. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു തിയേറ്ററിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടിപിടിച്ച് പ്രതിഷേധിച്ചവരില്‍ മുദ്രാവാക്യം വിളിച്ച് കൊടുക്കുന്നയാള്‍ SDPI സിന്ദാബാദ് എന്ന് വിളിച്ച് പോയതും, പിന്നെ തിരുത്തി വിളിച്ചതും നമ്മള്‍ കണ്ടതാണ്.

പുള്ളിപ്പുലിയുടെ പുള്ളി എത്ര മറച്ചാലും ഏതെങ്കിലും സമയത്ത് പുറത്തുചാടും. കോണ്‍ഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടുകാര്‍ നുഴഞ്ഞുകയറിക്കഴിഞ്ഞു എന്നതാണ്. ഒരു കലാസൃഷ്ടി കാണുകപോലും ചെയ്യാതെ, ഇത്തരക്കാരുടെ ആവേശത്തിന് വഴങ്ങി അത് നിരോധിക്കണം എന്നുപറയുന്നവരെ ദൈവം രക്ഷിക്കട്ടെ.

കഴിഞ്ഞ ദിവസം എ.ആര്‍. റഹ്‌മാന്റെ പേരില്‍ കേരളത്തിലെ ഒരു മുസ്‌ലിം പള്ളിയില്‍ ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നതിന് സൗകര്യമൊരുക്കുന്ന ചിത്രം പങ്കുവെച്ച് ഇതാണ് യഥാര്‍ഥ കേരള സ്റ്റോറി എന്ന് പറഞ്ഞ് ചിലര്‍ ആഘോഷിക്കുന്നത് കണ്ടു.

സത്യത്തില്‍ ഇതിനെ പേരിട്ട് വിളിക്കേണ്ടത് കേരള സ്റ്റോറിയെന്നല്ല, ഭാരത സ്റ്റോറി എന്നാണ്. സെന്റ് തോമസിനേയും, മാലിക്ക് ദിനാറിനേയും സ്വീകരിച്ച് ചര്‍ച്ചും, പള്ളിയും എടുക്കാന്‍ സൗകര്യം ചെയ്ത് കൊടുത്ത് തുടങ്ങിയ ഒരു പാരമ്പര്യമുണ്ട്. അതിന്റെ പേരാണ് സനാതന സംസ്‌കാരം.

ലോകത്തിന്റെ എല്ലാ മനുഷ്യരേയും മഹത്തായ ഈ ദേശത്തിന്റെ മടിയിലേക്ക് വിളിച്ച്,പാലില്‍ വെള്ളമെന്നത് പോലെ ഈ നാടിന്റെ ഭാഗമായിക്കലരൂ എന്ന് പ്രഖ്യാപിച്ച സംസ്‌കാരമാണത്. മാര്‍ക്‌സിന്റെ പുസ്തകത്തില്‍ത്തിരഞ്ഞാല്‍ ഈ ഭാരതസ്റ്റോറി കണ്ടെന്നുവരില്ല.

ഇറാനില്‍ നിന്ന് ഇസ്‌ലാം ആട്ടിയോടിച്ച സൗരാഷ്ട്രരേയും, ടിബറ്റില്‍ നിന്ന് കമ്മ്യൂണിസ്റ്റ് ചൈന ഓടിച്ച ദലൈ ലാമയേയും കൂട്ടരേയും സ്വീകരിച്ച സംസ്‌കാരത്തിന്റെ പേര് ഭാരത സ്റ്റോറി എന്നാണ്. കാലം മാറുകയാണ്. ചരിത്രത്തിലായാലും കലയിലായാലും സഖാക്കന്മാര്‍ കാലാകാലങ്ങളായി ഉണ്ടാക്കിവെച്ചിട്ടുള്ള നരേറ്റീവ്് പാടേ പൊളിച്ചെഴുതപ്പെട്ടു തുടങ്ങി.

കോണ്‍ഗ്രസ്സിന്റെ കുടുംബമഹിമാ പ്രഘോഷണങ്ങളും ഇനി ഏശുന്ന മട്ടില്ല. ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന് സ്വന്തം സൗകര്യത്തിന് എടുത്ത് വിരിക്കാന്‍ സ്വന്തം കക്ഷത്ത്് കൊണ്ടുനടക്കുന്ന മടക്കുപായ അല്ല ഇപ്പോള്‍. ഇന്ത്യയിലെ തിയേറ്ററുകളില്‍ മാത്രമല്ല ജെ.എന്‍.യുവില്‍ വരെ കേരള സ്റ്റോറി വിജയകരമായി പ്രദര്‍ശിപ്പിക്കപ്പെടുന്നത് കാലത്തിന്റെ മാറ്റമായിട്ട് മനസ്സിലാക്കി കൊള്ളുക.

മനസ്സിലാക്കായാല്‍ എല്ലാം കണ്ട് മനസ്സിലാക്കാന്‍ കഴിവുള്ള പുതിയ തലമുറയ്ക്ക് മുന്നില്‍ ഇങ്ങനെ വഷളാവേണ്ടി വരില്ല. എ.പി അബ്ദുളള കുട്ടി.


content highlight: ab abdullakkutty praise kerala story