| Friday, 19th April 2024, 10:31 pm

ഇന്‍സ്റ്റഗ്രാമില് പോലും യാരുക്കും എന്നോട് ലൈക്കില്ല, രംഗണ്ണന്റെ റീല്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ് ജിതു മാധവന്‍ സംവിധാനം ചെയ്ത ആവേശം. രോമാഞ്ചത്തിന് ശേഷം ജിതു സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ബെംഗളൂരുവിലെ രംഗന്‍ എന്ന ഗ്യാങ്സ്റ്ററായാണ് ഫഹദ് എത്തുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവും ഫഹദിന്റെ പ്രകടനം തന്നെയാണ്.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തിയേറ്ററില്‍ ആളുകളെ കുടുകുടെ ചിരിപ്പിച്ച രംഗണ്ണന്റെ റീലും സിനിമയില്‍ നിന്ന് ഡിലീറ്റ് ചെയ്ത സീനും ഉള്‍പ്പെടുത്തിയാണ് ടാലന്റ് ടീസര്‍ എന്ന് പേരിട്ട ടീസര്‍ പുറത്തുവിട്ടത്. രംഗന്റെ വലംകൈയായ അമ്പാനും കോളേജ് പിള്ളേരുമായി സംസാരിക്കുന്ന രംഗവും ടീസറിലുണ്ട്.

ഇത്രയും നല്ല സീന്‍ എന്തിനാണ് ഡിലീറ്റ് ചെയ്തതെന്നാണ് വീഡിയോയുടെ കമന്റ് ബോക്‌സില്‍ ആളുകള്‍ ചോദിക്കുന്നത്. ടീസറിന്റെ ഒടുവില്‍ ഫഹദിന്റെ കഥാപാത്രം കൈയെത്തും ദൂരത്തിലെ പാട്ട് പാടിക്കൊണ്ട് പോകുന്ന രംഗവുമുണ്ട്.

റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോള്‍ 60 കോടിയിലേറെ ചിത്രം കളക്ട് ചെയ്തുകഴിഞ്ഞു. വിഷു റിലീസ് ചിത്രങ്ങളിലെ വിജയിയും ആവേശം തന്നെയാണ്. ഫഹദിന്റെയും ജിത്തുവിന്റെയും കരിയറിലെ രണ്ടാമത്തെ അമ്പത് കോടി ചിത്രമാണ് ആവേശം.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്മെന്റ്‌സിന്റെയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെയും ബാനറില്‍ അന്‍വര്‍ റഷീദും, നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതവും, സമീര്‍ താഹിര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. വിവേക് ഹര്‍ഷനാണ് സിനിമയുടെ എഡിറ്റര്‍. ഫഹദിന് പുറമെ സജിന്‍ ഗോപു, ഹിപ്സ്റ്റര്‍, റോഷന്‍, മിഥൂട്ടി, മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി എന്നിവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Aavesham Talent teaser out

We use cookies to give you the best possible experience. Learn more