| Tuesday, 12th March 2024, 12:42 pm

മഞ്ഞുമ്മൽ സീൻ മാറ്റും, ആവേശം ഒരു പൊളി പൊളിക്കും; ഗലാട്ട സോങ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകരുന്നത്. ചിത്രത്തില്‍ പാൽ ദബ്ബായും സുഷിൻ ശ്യാമും ചേർന്ന് പാടുന്ന ‘ഗലാട്ട’ എന്ന ഏറ്റവും പുതിയ ഗാനത്തിന്റെ വീഡിയോ തിങ്ക് മ്യൂസികിലൂടെ പുറത്തുവിട്ടു.

‘രോമാഞ്ചം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. ചിത്രം നിര്‍മിക്കുന്നത് അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേര്‍ന്നാണ്. 2024 ഏപ്രില്‍ 11നാണ് ചിത്രം തിയേറ്ററില്‍ റിലീസിനെത്തുന്നത്.

ആവേശത്തിന്റെ ടീസര്‍ പുറത്തുവന്നത് മുതല്‍ പ്രേക്ഷകര്‍ ഈ സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ബെംഗളൂരിലെ ഒരു ലോക്കല്‍ ഗുണ്ടയുടെ ലുക്കിലാണ് ഫഹദ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

വെള്ള പാന്റും ഷര്‍ട്ടും ധരിച്ച് കഴുത്തില്‍ ഗോള്‍ഡിന്റെ ചെയിനുമിട്ട് ഒരു പക്കാ ബെംഗളൂരു ഗുണ്ടയെയാണ് ടീസറില്‍ സൂചിപ്പിക്കുന്നത്. കട്ടിമീശയും കൂളിങ് ഗ്ലാസുമണിഞ്ഞ രംഗന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബെംഗളൂരുവിലെ ഒരു കോളേജിന്റെ പശ്ചാത്തലത്തില്‍ പറയുന്ന വളരെ വ്യത്യസ്തമായ ഒരു ക്യാമ്പസ് ചിത്രമാണ് ഇതെന്ന് സൂചിപ്പിക്കുന്നുണ്ട്.

മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്, റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരും സിനിമയില്‍ കഥാപാത്രങ്ങളായെത്തുന്നു.

വിജയ് കിരാഗേന്ദുർ സംവിധാനം ചെയ്ത് ഹോംബാലെ ഫിലിമ്സിന്റെ ബാനറിൽ എത്തിയ ധൂമമാണ് ഫഹദിന്റെ ഒടുവിലിറിങ്ങിയ മലയാള ചിത്രം. അതുപോലെ പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിലും ഫഹദ് നായകനായി എത്തിയിരുന്നു. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം തീയറ്ററില്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

Content Highlight: Aavesham movie’s galatta song released

We use cookies to give you the best possible experience. Learn more