റീ ഇൻട്രൊഡ്യൂസിങ് ഫഫ എന്ന ടാഗ്‌ലൈനോടെ ഫഹദിനെ അഴിച്ചു വിട്ട ചിത്രമാണ് ആവേശം. അൻവർ റഷീദ്, സുഷിൻ ശ്യാം, സമീർ താഹിർ ഇങ്ങനെ ആവേശം തിയേറ്ററിൽ നിന്ന് കാണാൻ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ തുടക്കം മുതലേ ഹൈപ്പിൽ കയറിയ പടമാണ് ആവേശം.
എന്നാൽ ആവേശത്തിന് തിരികൊളുത്തിയത് ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ ലൂക്കുകൾ ആയിരുന്നു. വെള്ളയും വെള്ളയും ധരിച്ച് കയ്യിലും കഴുത്തിലും സ്വർണ മാലകളും വളകളും മോതിരവും ധരിച്ച് കൊമ്പൻ മീശയും പിരിച്ച് കൂളിങ് ഗ്ലാസുമിട്ട് രംഗണ്ണനായി ഫഹദ് മുന്നിൽ നിന്ന് വന്നാൽ പ്രേക്ഷകർ തന്നെ പറഞ്ഞു പോകും എടാ മോനെ..
രോമാഞ്ചം പോലെ തന്നെ വീണ്ടും ബാംഗ്ലൂരിന്റെ പശ്ചാത്തലത്തിലാണ് ജിത്തു ആവേശത്തിന്റെ കഥ പറയുന്നത്. ബാംഗ്ലൂരിലെ കോളേജിൽ പഠിക്കാൻ എത്തുന്ന മൂന്ന് വിദ്യാർത്ഥികളും അവർ ലോക്കൽ ഗുണ്ടയായ രംഗണ്ണനെ പരിചയപ്പെടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. തുടർന്ന് അവർക്കിടയിൽ ഉണ്ടാവുന്ന സംഭവങ്ങളെ പൂർണമായി ഹ്യൂമറിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. രോമാഞ്ചം പോലെ തന്നെ സിറ്റുവേഷണൽ കോമഡികളാണ് ആവേശത്തിന്റെയും നട്ടെല്ല്. അതിനൊപ്പം ഫഹദ് എന്ന പെർഫോമർ കൂടെ ചേരുമ്പോൾ ഹൈ വോൾട്ടേജ് എന്റർടൈനർ ആവുന്നുണ്ട് ആവേശം.
ഒരുപക്ഷേ ഫഹദിന് മാത്രം ചെയ്യാൻ കഴിയുന്ന കഥാപാത്രമാണ് രംഗൻ. രംഗന്റെ ഫ്ലാഷ് ബാക്ക് കഥകളും പ്രേക്ഷകരുമായി ഇമോഷണലി കണക്ട് ആവുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സിനോട് അടുക്കുമ്പോഴെല്ലാം ഫഹദ് എന്ന നടന്റെ ഗംഭീര പെർഫോമൻസാണ് സ്‌ക്രീനിൽ കാണാൻ കഴിയുക.
ഡാൻസ്, ഫൈറ്റ്, കോമഡി, മാസ് എന്നുവേണ്ട ഒരു സ്റ്റാർ മെറ്റീരിയലിന് വേണ്ട എല്ലാം ചേർന്ന ഒരു അവതാരമാണ് രംഗണ്ണൻ. ചട്ടമ്പി നാടിലെ മമ്മൂട്ടിയുടെ മല്ലയ്യയെ പോലെ കന്നഡ കലർന്ന മലയാളത്തിലാണ് ചിത്രത്തിലുടനീളം ഫഹദ് സംസാരിക്കുന്നത്. അതിൽ പൂർണമായി താരം വിജയിച്ചിട്ടുണ്ട്. രംഗന്റെ വിശ്വസ്തരായ ഒരുപാട് ഗുണ്ടകളുണ്ട് അവരിൽ പ്രധാനിയാണ് സജിൻ ഗോപു അവതരിപ്പിക്കുന്ന അമ്പാൻ.
രോമാഞ്ചത്തിൽ ഒരുപാട് ചിരിപ്പിച്ച സജിൻ ആവേശത്തിലേക്ക് വരുമ്പോൾ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. എക്സ്പ്രഷൻസിലൂടെയും ഡയലോഗ് ഡെലിവറിയിലൂടെയും മാസും കോമഡിയും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന നടനാണെന്ന് സജിൻ ഗോപു തെളിയിക്കുന്നുണ്ട്. മുമ്പ് സജിന്റെ ചുരുളി, ജാൻ എ മൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു.
ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഇവരിലൂടെയാണ് ചിത്രം കടന്നു പോവുന്നത്. ആദ്യ പടമെന്ന് തോന്നാത്ത വിധം മികച്ചതാക്കിയിട്ടുണ്ട് മൂവർ സംഘം. നീരജ രാജേന്ദ്രൻ അവതരിപ്പിക്കുന്ന അമ്മയുടെ കഥാപാത്രവും നല്ല രീതിയിൽ ചിത്രത്തിൽ വർക്ക് ആവുന്നുണ്ട്. സ്ക്രീൻ ടൈം കുറവാണെങ്കിലും വന്നു പോവുന്ന സമയത്തെല്ലാം അവരും ചിരിപ്പിക്കുന്നുണ്ട്.
അത്രയും ദേഷ്യത്തോടെ രംഗൻ കത്തി നിൽക്കുമ്പോൾ, ഹാപ്പിയല്ലേ എന്ന അവരുടെ ചോദ്യം തിയേറ്ററിൽ ചിരി പടർത്തും. മൻസൂർ അലി ഖാൻ, ആഷിഷ് വിദ്യാർത്ഥി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ചേതൻ ഡിസൂസയുടെ വ്യത്യസ്തമായ ആക്ഷൻ രംഗങ്ങൾക്കൊപ്പം സുഷിൻ ശ്യാമിന്റെ ഇടിവെട്ട് മ്യൂസിക്കും. തിയേറ്റർ എക്സ്പീരിയൻസിന് മറ്റെന്തു വേണം. മ്യൂസിക്കിനോട് ചേർന്ന് നിൽക്കുന്ന വിവേക് ഹർഷന്റെ എഡിറ്റിങ്ങും സമീർ താഹിറിന്റെ ഫ്രെയിമുകളും അങ്ങനെ ടെക്നിക്കൽ സൈഡിൽ ഒട്ടും കോംപ്രമൈസ് ചെയ്യാത്ത ചിത്രമാണ് ആവേശം.
തുടക്കം മുതൽ ഒടുക്കം വരെ ഒരു റൈഡിൽ കയറിയ പ്രതീതിയോടെയാണ് സുഷിൻ ആവേശത്തിൽ മ്യൂസിക് ചെയ്തു വെച്ചിട്ടുള്ളത്. അത്തരത്തിൽ പൂർണമായി തിയേറ്റർ വാച്ച് ഡിമാൻഡ് ചെയ്യുന്ന ഒരു ഗംഭീര വിഷ്വൽ ട്രീറ്റ് തന്നെയാണ് ചിത്രം.
ഈ ഉത്സവക്കാലത്ത് എല്ലാം മറന്ന് ചിരിച്ച് കണ്ടിരിക്കാൻ കഴിയുന്ന രോമാഞ്ചം കൊള്ളിക്കുന്ന ആവേശം നൽകുന്ന ഒരു തിയേറ്റർ പടമാണ് ആവേശം.
ഒരു എന്റർടൈനർ പ്രതീക്ഷിച്ചു വരുന്നവർക്ക് ടിക്കറ്റ് എടുത്താൽ ആഘോഷമാക്കാനുള്ളതെല്ലാമുണ്ട് ഈ ആവേശത്തിൽ.