| Tuesday, 23rd April 2024, 7:26 pm

എടാ മോനേ, എന്താ ഈ നടക്കണേ! 12 ദിവസം കൊണ്ട് രംഗണ്ണനും പിള്ളേരും 100 കോടി ക്ലബിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ആവേശത്തോടെ തന്നെയാണ് തിയേറ്ററുകളില്‍ തകര്‍ത്തോടുന്നത്.

റീ ഇന്‍ട്രോഡ്യൂസിങ് ഫഫാ എന്ന ടാഗ് ലൈനോടെ ഇറങ്ങിയ ചിത്രത്തില്‍ ഫഹദിന്റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു പ്രേക്ഷകര്‍ കണ്ടത്. രംഗ എന്ന ഗാങ്സ്റ്ററായിട്ടായിരുന്നു താരം എത്തിയത്. ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി ആളുകള്‍ മുന്നോട്ട് വന്നിരുന്നു.

അഞ്ചു ദിവസം കൊണ്ട് ആവേശം ബോക്‌സ് ഓഫീസില്‍ നേടിയത് അമ്പത് കോടിയായിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ ഈ വര്‍ഷത്തെ നാലാമത്തെ നൂറു കോടി ചിത്രമായിരിക്കുകയാണ് ഈ ഫഹദ് ഫാസില്‍ ചിത്രം. മലയാള സിനിമയില്‍ നിന്ന് 100 കോടി കളക്ഷന്‍ നേടുന്ന ഏഴാമത്തെ ചിത്രമാണ് ആവേശം.

ഏപ്രില്‍ 11ന് തിയേറ്ററിലെത്തിയ ചിത്രം റിലീസ് ചെയ്ത വെറും 12 ദിവസം കൊണ്ടാണ് 100 കോടി ക്ലബില്‍ കടന്നത്. മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ ആവേശം നല്‍കുന്ന വാര്‍ത്ത തന്നെയാണ് ഇത്.

ചിത്രം റിലീസിനെത്തിയ ശേഷമുള്ള എല്ലാ ദിവസവും മൂന്ന് കോടിക്ക് മുകളിലാണ് കളക്ഷന്‍ നേടിയിട്ടുള്ളത്. കളക്ഷനില്‍ ഫഹദിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം തന്നെയാണ് ആവേശം.

അന്‍വര്‍ റഷീദ് എന്റര്‍ടൈമെന്റ്സിന്റെയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെയും ബാനറില്‍ അന്‍വര്‍ റഷീദും, നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതവും, സമീര്‍ താഹിര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. വിവേക് ഹര്‍ഷനാണ് സിനിമയുടെ എഡിറ്റര്‍. ഫഹദിന് പുറമെ സജിന്‍ ഗോപു, ഹിപ്സ്റ്റര്‍, റോഷന്‍, മിഥൂട്ടി, മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി എന്നിവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Aavesham In 100 Crore Club

We use cookies to give you the best possible experience. Learn more