വിഷു റിലീസ് ചിത്രങ്ങളിലെ വിജയിയായി മാറിയ ആവേശം നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ ബോക്‌സ് ഓഫീസില്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഈ വര്‍ഷത്തെ നാലാമത്തെ 100 കോടി ചിത്രമായി മാറിയ ആവേശം കേരള ബോക്‌സ് ഓഫീസില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രത്തില്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
പുലിമുരുകന്റെ ആഗോള കളക്ഷനെ പിന്തള്ളിയാണ് ആവേശം ഈ നേട്ടം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് 21 ദിവസം പിന്നിട്ടപ്പോള്‍ ആഗോളതലത്തില്‍ 150 കോടി കളക്ട് ചെയ്ത ചിത്രം കേരളത്തില്‍ നിന്ന് മാത്രം 70 കോടി നേടിക്കഴിഞ്ഞു. ഇതോടൊപ്പം കേരളാ ബോക്‌സ് ഓഫീസില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും ആടുജീവിതത്തിന്റെയും കളക്ഷന്‍ രംഗണ്ണനും പിള്ളേരും മറികടന്നു.
തിയേറ്ററില്‍ സിനിമ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന സമയത്താണ് ചിത്രം ഒ.ടി.ടിയിലെത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ആമസോണ്‍ പ്രൈമിലൂടെ മെയ് ഒമ്പതിന് ചിത്രം സ്ട്രീം ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. റിലീസിന് മുമ്പ് ചെയ്ത ഡീലിന്റെ പുറത്താണ് തിയേറ്ററലെത്തി 28ാം ദിവസം ഒ.ടി.ടിയിലെത്തുന്നത്.
രോമാഞ്ചം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ബെംഗളൂരുവിലെ രംഗന്‍ എന്ന ഗ്യാങ്‌സ്റ്ററായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവും ഫഹദ് തന്നെയാണ്. ചിത്രം കണ്ട് പല പ്രമുഖരും ഫഹദിനെയും ക്രൂവിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഫഹദിന് പുറമെ സജിന്‍ ഗോപു, ഹിപ്സ്റ്റര്‍, റോഷന്‍, മിഥുന്‍, മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Content Highlight: Aavesham beats the collection of Pulimurugan and announced its OTT release