ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി
Kerala
ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th February 2013, 10:46 am

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി.  ശ്രീകോവിലിനുള്ളില്‍ നിന്നു ദീപം തെളിയിച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.[]

ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടില്‍ നിന്ന് ഈ ദീപം ഏറ്റുവാങ്ങി മേല്‍ശാന്തി കെ.എം. ഹരീഷ് കുമാര്‍ ഭഗവതിക്കു നിവേദ്യം തയാറാക്കുന്ന ചെറിയ തിടപ്പള്ളിയിലും ശേഷം വലിയ തിടപ്പള്ളിയിലും അഗ്നി പകര്‍ന്നു അവിടെ നിന്നു ദീപം തെളിച്ച് സഹമേല്‍ശാന്തി പണ്ടാരയടുപ്പില്‍ കത്തിച്ചതോടെ പൊങ്കാലയ്ക്ക് തുടക്കമായി. രാവിലെ 10.45നായിരുന്നു അടുപ്പുവെട്ട് ചടങ്ങ്.

ക്ഷേത്രാങ്കണവും പരിസരപ്രദേശങ്ങളും ഇന്നലെത്തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. കിലോമീറ്ററുകളോളം പൊങ്കാലയടുപ്പുകളുടെ കൈവഴികള്‍ നിരന്നിരുന്നു.

സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലച്ചടങ്ങ് ഗിന്നസ് ബുക്കില്‍ വരെ ഇടംപിടിച്ച അദ്ഭുതകരമായ സ്ത്രീസംഗമമാണ്. 35 ലക്ഷത്തോളം സ്ത്രീകള്‍ കഴിഞ്ഞ വര്‍ഷം പൊങ്കാലയര്‍പ്പിച്ചു എന്നാണ് കണക്കാക്കുന്നത്.

അമ്മയെ വണങ്ങി ഭക്തമാനസങ്ങള്‍ നിവേദ്യ സമര്‍പ്പണത്തിനായി കാക്കും. രണ്ടരയ്ക്കാണു നൈവേദ്യം. പൊങ്കാലക്കലങ്ങളില്‍ തീര്‍ഥം തളിക്കാന്‍ മുന്നൂറോളം ശാന്തിക്കാരെ വിവിധ ഭാഗങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.

അടുപ്പ് കൂട്ടാന്‍ പച്ചക്കട്ടകള്‍, പ്ലാസ്റ്റിക് ബാഗുകള്‍ എന്നിവ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്തരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസിയും റയില്‍വേയും പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തി.